lokame

ലോക്ക് ഡൗണ്‍ കാലത്ത് ആര്‍.ജെ ഏകലവ്യന്‍ സുഭാഷ് പാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ 'ലോകമേ' എന്ന റാപ് സോംഗ്, മ്യൂസിക് സിംഗിള്‍ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട് നടി മംമ്ത മോഹന്‍ദാസ് നിര്‍മ്മാണ രംഗത്തേക്ക്. 'ലോകമേ'യുടെ ട്രെയിലര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. ഗാനത്തിന്റെ പൂര്‍ണ്ണരൂപം ഉടന്‍ പുറത്തിറങ്ങും.

ഏകലവ്യന്‍ തന്നെയാണ് മ്യൂസിക് സിംഗിളില്‍ റാപ്പുമായി എത്തിയിരിക്കുന്നത്. പവര്‍ പാക്ക്ഡ് ഗാനമാണ് ഇതെന്ന് ട്രെയിലര്‍ സാക്ഷ്യപ്പെടുത്തുന്നു. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്റെ ബാനറില്‍ മംമ്ത മോഹന്‍ദാസും നോയല്‍ ബെന്നും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ മ്യൂസിക് സിംഗിളില്‍ പ്രഗത്ഭരായ ഒട്ടേറെ സാങ്കേതിക വിദഗ്ദ്ധര്‍ അണി നിരക്കുന്നുണ്ട്. വിഷ്വല്‍ എഫക്ട്‌സ് മേഖലയില്‍ വളരെ കാലത്തെ പ്രവര്‍ത്തന പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിന് അനുയോജ്യമായ കോണ്‍സെപ്റ്റ് തയാറാക്കി മ്യൂസിക് സിംഗിള്‍ സംവിധാനം ചെയ്ത് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

വിനീത് കുമാര്‍ മെട്ടയില്‍ സംഗീതം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഏകലവ്യന്‍ തന്നെയാണ്. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഛായാഗ്രാഹകന്‍ ആയി മാറിയ അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും ഈ വര്‍ഷത്തെ കേരള സംസ്ഥാന അവാര്‍ഡിനും അര്‍ഹനായ പ്രസന്ന മാസ്റ്റര്‍ ആണ് നൃത്ത സംവിധാനം. പ്രൊഡക്ഷന്‍ ഡിസൈന്‍ ദേശീയ അവാര്‍ഡ് ജേതാവ് ബംഗ്ലാന്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിള്‍ എന്ന പ്രത്യേകതയോടെയാണ് 'ലോകമേ' പുറത്തിറങ്ങാന്‍ ഒരുങ്ങുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനോജ് വസന്തകുമാര്‍, വിഷ്വല്‍ എഫക്ട്‌സ് ചെയ്തിരിക്കുന്നത് കോക്കനട് ബഞ്ച് ക്രീയേഷന്‍സ്, മ്യൂസിക് മാസ്റ്ററിങ് അച്ചു രാജാമണി, സൗണ്ട് എഫക്ട്‌സ് സംസ്ഥാന അവാര്‍ഡ് ജേതാക്കളായ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കളറിംഗ് ശ്രിക് വാരിയര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ജാവേദ് ചെമ്പ്, വാര്‍ത്താ പ്രചരണം ആതിര ദില്‍ജിത്ത് എന്നിവരാണ്.