ipl

മുംബയ് ഇന്ത്യൻസ് - ഡൽഹി ക്യാപ്പിറ്റൽസ് ഫൈനൽ നാളെ രാത്രി 7.30ന് ദുബായ്‌യിൽ

ഡൽഹി ഫൈനലിലെത്തുന്നത് ഇതാദ്യം

അബുദാബി : ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ ഹൈദരാബാദിന്റെ സൂര്യോദയം 17 റൺസിന് തടഞ്ഞ് ഡൽഹി ക്യാപ്പിറ്റൽസ് 13-ാം സീസൺ ഐ.പി.എല്ലിന്റെ ഫൈനലിലെത്തി. നാളെ നടക്കുന്ന ഫൈനലിൽ ഡൽഹി മുംബയ് ഇന്ത്യൻസിനെ നേരിടും. കഴിഞ്ഞ ദിവസം ആദ്യ ക്വാളിഫയറിൽ മുംബയ്‌യോട് തോറ്റിരുന്ന ഡൽഹിക്ക് പകരം വീട്ടാനുള്ള അവസരമാണ് കലാശക്കളിയിൽ ഒരുങ്ങുന്നത്.

എലിമിനേറ്ററിൽ ബാംഗ്ളൂരിനെ കീഴടക്കി രണ്ടാം ക്വാളിഫയറിലേക്ക് എത്തിയ ഹൈദരാബാദ് ഇന്നലെ 190 റൺസിന്റെ ലക്ഷ്യം തേടിയിറങ്ങി 172/8ൽ അവസാനിക്കുകയായിരുന്നു. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം 45 പന്തുകളിൽ അഞ്ചുഫോറും നാലുസിക്സുമടക്കം 67 റൺസടിച്ച കേൻ വില്യംസണും 16 പന്തുകളിൽ 33 റൺസടിച്ച അബ്ദുൽ സമദും വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും സ്റ്റോയ്നിസ് (മൂന്ന് വിക്കറ്റ്),റബാദ (നാലു വിക്കറ്റ്) എന്നിവരുടെ തകർപ്പൻ ബൗളിംഗിലൂടെ ഡൽഹി പിടിച്ചുകെട്ടുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ സ്റ്റോയ്നിസാണ് മാൻ ഒഫ് ദ മാച്ച്.

മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 189 റൺസടിച്ചത്. അർദ്ധസെഞ്ച്വറി നേടിയ ശിഖർ ധവാൻ(78),22 പന്തുകളിൽ പുറത്താകാതെ 42 റൺസ് നേടിയ ഷിമ്രോൺ ഹെട്മേയർ, മാർക്കസ് സ്റ്റോയ്നിസ് (38),ശ്രേയസ് അയ്യർ (21) എന്നിവരുടെ ബാറ്റിംഗാണ് ക്യാപിറ്റൽസിനെ 189 ലെത്തിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യരുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് സ്റ്റോയ്നിസും ധവാനും ചേർന്ന് ബാറ്റിംഗ് തുടങ്ങിയത്.ആദ്യ 50 പന്തുകളിൽ 86 റൺസ് ഇവർ അടിച്ചുകൂട്ടി.സന്ദീപ് ശർമ്മ എറിഞ്ഞ ആദ്യ ഓവറിൽ മൂന്ന് റൺസ് മാത്രം നേടിയ ഇവർ പതിയെത്തുടങ്ങി കത്തിക്കയറുകയായിരുന്നു. റാഷിദ് ഖാനാണ് ഒൻപതാം ഒാവറിൽ സ്റ്റോയ്നിസിനെ പുറത്താക്കിയത്. റാഷിദിന്റെ ലെഗ് ബ്രേക്കിന്റെ ദിശ മനസിലാക്കാതെ ബാറ്റുവീശിയ സ്റ്റോയ്നിസിന്റെ ഓഫ് സ്റ്റമ്പ് തെറിക്കുകയായിരുന്നു. 27 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് അഞ്ചുഫോറും ഒരു സിക്സും പായിച്ചശേഷമാണ് കൂടാരം കയറിയത്. തുടർന്നിറങ്ങിയ നായകൻ ശ്രേയസ് അയ്യരെക്കൂട്ടി ധവാൻ 10-ാം ഓവറിൽ നദീമിനെതിരായ സിക്സിലൂടെ അർദ്ധസെഞ്ച്വറി തികച്ചു.

ശ്രേയസിന്റെ ക്യാച്ച് 14-ാം ഓവറിൽ വില്യംസൺ കൈവിട്ടെങ്കിലും തൊട്ടടുത്ത പന്തിൽത്തന്നെ മനീഷ് പാണ്ഡെ പിടികൂടി. 20 പന്തുകൾ നേരിട്ട ഡൽഹി ക്യാപ്ടൻ ഒരു ബൗണ്ടറി മാത്രമാണ് പായിച്ചത്. ശ്രേയസ് പുറത്തായതോടെ ഡൽഹി 14 ഓവറിൽ 126/2 എന്ന നിലയിലായി.

പകരമിറങ്ങിയ ഹെട്മേയർ ധവാനൊപ്പം മുന്നേറി.18-ാം ഓവറിൽ ഹോൾഡർക്കെതിരെ നാലുഫോറടക്കം 18 റൺസാണ് ഇരുവരും നേടിയത്. അടുത്ത ഓവറിൽ ധവാന്റെ ക്യാച്ച് ബൗണ്ടറിലൈനിനരികിൽ റാഷിദ് ഖാൻ കൈവിട്ടിരുന്നു.എന്നാൽ സെഞ്ച്വറി തികയ്ക്കാൻ ഭാഗ്യം ധവാനുണ്ടായിരുന്നില്ല.50 പന്തുകളിൽ ആറ് ഫോറും രണ്ട് സിക്സുമടിച്ച ധവാനെ സന്ദീപ് എൽ.ബിയിൽ കുരുക്കിയാണ് മടക്കിഅയച്ചത്. അവസാന ഓവറിൽ ഏഴ് റൺസ് മാത്രമാണ് നടരാജൻ വിട്ടുകൊടുത്തത്.

മറുപടിക്കിറങ്ങിയ സൺറൈസേഴ്സിന് ക്യാപ്ടൻ വാർണർ (2),പ്രിയം ഗാർഗ് (17),മനീഷ് പാണ്ഡെ (21) എന്നിവരുടെ വിക്കറ്റുകൾ ആദ്യ അഞ്ചോവറിനുള്ളിൽ നഷ്ടമായി. എന്നാൽ കേൻ വില്യംസൺ പൊരുതാനുറച്ചുതന്നെയായിരുന്നു. ജാസൺ ഹോൾഡറെ (11) കൂട്ടുനിറുത്തി വില്യംസൺ കത്തിക്കയറിയതോടെ സൺറൈസേഴ്സ്

റൺറേറ്റുമുയർന്നു. 12-ാം ഓവറിൽ ടീം സ്കോർ 90ൽ നിൽക്കുമ്പോഴാണ് ഹോൾഡർ പുറത്താകുന്നത്. പിന്നെയെത്തിയ അബ്ദുസമദിന്റെ പിന്തുണയോടെ വില്യംസൺ അർദ്ധസെഞ്ച്വറി കടന്നുമുന്നേറി.16.5-ാം ഓവറിൽ ടീം സ്കോർ 147 ലെത്തിച്ച ശേഷമാണ് വില്യംസൺ പുറത്തായത്. 19-ാം ഓവറിൽ റബാദ അടുത്തടുത്ത പന്തുകളിൽ സമദിനെയും റാഷിദിനെയും (11) മടക്കി.ഒരു വൈഡിന് ശേഷം ഗോസ്വാമിയെയും (0) പുറത്താക്കി കളി ക്യാപിറ്റൽസിന്റെ നിയന്ത്രണത്തിലാക്കി.

603

ഈ സീസണിലെ റൺവേട്ടയിൽ ധവാൻ 600 കടന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ധവാൻ. 670 റൺസ് 14 മത്സരങ്ങളിൽ നിന്ന് നേടിയ കെ.എൽ രാഹുലാണ് ഒന്നാം സ്ഥാനത്ത്. രാഹുൽ ഒരു സെഞ്ച്വറിയും അഞ്ച് അർദ്ധസെഞ്ച്വറികളും നേടിയപ്പോൾ ധവാൻ രണ്ട് സെഞ്ച്വറികളും നാല് അർദ്ധസെഞ്ച്വറികളും സ്വന്തമാക്കി.