വാഷിംഗ്ടൺ : അമേരിക്കയുടെ 46ാമത് പ്രസിഡന്റായി തിരഞ്ഞെടുത്ത ജോ ബൈഡന്റെ വിജയത്തിൽ ഇന്ത്യൻ വംശജർക്കും നിർണായക പങ്കുണ്ട്. കൂടാതെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും ഒരു ഇന്ത്യൻ വംശജയാണ്. കമല ഹാരിസ്. അമേരിക്കയുടെ കൊവിഡ് പ്രതിരോധത്തിനുള്ള ദൗത്യ സേനയ്ക്ക് നേതൃത്വം നൽകാൻ ബൈഡൻ തിരഞ്ഞെടുത്തതും ഡോ. വിവേക് മൂർത്തിയെന്ന ഇന്ത്യൻ വംശജനെയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് ബൈഡൻ മുൻപ് തന്നെ പറഞ്ഞിട്ടുണ്ട് . സംഭവം ഇങ്ങനെ..
1972ൽ യു.എസിലെ ഡെലാവെയറിലെ സെനറ്ററായി തിരഞ്ഞെടുത്തപ്പോൾ ജോ ബൈഡന് അഭിനന്ദനമറിയിച്ചുകൊണ്ടാണ് 'മുംബയിൽ നിന്നുള്ള ബൈഡൻ' കത്തയച്ചത്. ( അന്ന് മുംബയ് ബോംബെ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് ). ' മുംബയ് ബൈഡൻ ' കത്തിൽ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തിയിരുന്നു. ജോ ബൈഡനുമായി അയാൾക്ക് എന്തോ ബന്ധമുണ്ടത്രെ. !
വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ജോ ബൈഡന് ഒരു കാര്യം മനസിലായി. നമ്മുടെ മുംബയ് നഗരത്തിൽ അഞ്ച് ' ബൈഡൻ 'മാരുണ്ടെന്ന്.
അന്ന് ജോ ബൈഡന്റെ പ്രായം 29 ആയിരുന്നു. ആ കത്തിനെ പിന്തുടരാനും മുംബയിലുള്ള ബൈഡൻ ആരാണെന്ന് കണ്ടെത്താനും ജോ ബൈഡന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ആ ആഗ്രഹം ഇന്നും ബൈഡന് സഫലമാക്കാൻ സാധിച്ചിട്ടില്ല. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനും കുടുംബ ജീവിത്തിനുമിടെയിൽ മുംബയിലുള്ള ' ബൈഡൻ ' ആരാണെന്ന് കണ്ടെത്താൻ ഏകദേശം അഞ്ച് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ജോ ബൈഡന് സാധിച്ചിട്ടില്ല. തന്റെ ആഗ്രഹം ഇതുവരെ നടന്നില്ലെങ്കിലും ഇന്ത്യൻ - അമേരിക്കൻ ജനതയേയും ഇന്ത്യൻ നേതാക്കളെയും കാണുമ്പോൾ ' മുംബയ് ബൈഡനെ ' പറ്റി പറയാൻ ജോ ബൈഡൻ മറക്കാറില്ല. തനിക്ക് ഇന്ത്യയുമായി എന്തോ ബന്ധമുണ്ട്. പക്ഷേ, അത് വിദൂരമാണെന്ന് മുൻ യു.എസ് വൈസ് പ്രസിഡന്റ് കൂടിയായ ജോ ബൈഡൻ പറയുന്നു.
2013ൽ യു.എസ് വൈസ് പ്രസിഡന്റ് ആയ ശേഷം ബൈഡൻ ആദ്യമായി ഇന്ത്യയിലെത്തുകയുണ്ടായി. അന്ന് മുംബയിലെ ബോംബെ സ്‌റ്റോക്ക് എക്സ്ചേഞ്ച് സന്ദർശിക്കുന്നതിനിടെ ബൈഡൻ ' മുംബയ് ബൈഡനെ' പറ്റിയുള്ള തന്റെ കഥ പറഞ്ഞിരുന്നു. ഇന്ത്യയിലെത്താനും, പ്രത്യേകിച്ച് മുംബയിലേക്ക് വരാൻ സാധിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ച ബൈഡൻ തനിക്ക് ലഭിച്ച കത്തിനെ പിന്തുടരാൻ കഴിയാതെ പോയതിൽ ദുഃഖമുണ്ടെന്നും അറിയിച്ചരുന്നു. ഒരു പക്ഷേ, 1700 കളിൽ ഈസ്‌റ്റ് ഇന്ത്യ കമ്പനിയുടെ കാലത്ത് തന്റെ മുതുമുത്തച്‌ഛൻമാർ ഇന്ത്യയിൽ വന്നിരിക്കാമെന്നും അതുവഴി ഏതെങ്കിലും തരത്തിലുള്ള ഇന്ത്യൻ വേരുകൾ തനിക്കുണ്ടാകാമെന്നും ബൈഡൻ സൂചിപ്പിക്കുകയുണ്ടായി.
പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷം 2015ൽ വാഷിംഗ്ടൺ ഡി.സിയിൽ യു.എസ് ഇന്ത്യാ ബിസിനസ് കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ മറ്റൊരു കാര്യം വെളിപ്പെടുത്തി. തന്റെയും മുംബയിലെ ബൈഡന്റെയും മുതുമുത്തച്ഛൻമാരിൽ ഒരാൾ ഒന്നാണെന്നും അദ്ദേഹം ഒരു ബ്രിട്ടീഷ് ക്യാപ്ടൻ ആയിരുന്നെന്നും 1848ൽ ഈസ്‌റ്റ് ഇന്ത്യാ ടീ കമ്പനിയിലെ ജോലിയുടെ ഭാഗമായി ഇന്ത്യയിലെത്തിയതായും ബൈഡൻ പറഞ്ഞു. ഒരു ഇന്ത്യൻ സ്ത്രീയെ വിവാഹം ചെയ്ത അദ്ദേഹം ഇന്ത്യയിൽ തന്നെ പിന്നീട് ജീവിച്ചതായി താൻ വിശ്വസിക്കുന്നതായും ബൈഡൻ വെളിപ്പെടുത്തിയിരുന്നു. ' മുംബയ് ബൈഡന്റെ ' കത്തിൽ നിന്നാണ് ജോ ബൈഡന് ഈ വിവരങ്ങൾ ലഭിച്ചത്.
2013ലെ മുംബയ് സന്ദർശനത്തിന് ശേഷം, മുംബയ് നഗരത്തിൽ ' ബൈഡൻ ' എന്ന് പേരുള്ള അഞ്ച് പേർ ഉണ്ടെന്ന വിവരം ഒരു മാദ്ധ്യമ പ്രവർത്തകൻ തനിക്ക് കൈമാറിയതായും ജോ ബൈഡൻ വെളിപ്പെടുത്തുകയുണ്ടായി. എന്നാലും തനിക്ക് മുംബയിലെ തന്റെ ബന്ധു ആയേക്കാവുന്ന ബൈഡനെ പിന്തുടരാൻ തനിക്ക് സാധിച്ചിട്ടില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ഇന്ത്യയിലേക്ക് സന്ദർശനം നടത്തുമ്പോൾ ജോ ബൈഡൻ 'മുംബയിലെ ബൈഡൻ'മാരെക്കുറിച്ച് വീണ്ടും അന്വേഷിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.