അമേരിക്കൻ വൈസ് പ്രസിഡന്റ് ഇലക്ട് കമലാ ഹാരിസിന് ആശംസകളുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. ഒപ്പം അമേരിക്കയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ആദ്യമായി ഒരു വനിത എത്തിച്ചേരുന്നതിന്റെ സന്തോഷവും ശോഭാ സുരേന്ദ്രൻ പങ്കുവയ്ക്കുന്നു. കമല ഈ ഉന്നത സ്ഥാനത്തെത്തുന്നുവെന്നത് ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും വാർത്തയാണെന്നും അവർ പറയുന്നു. 'ഇന്ത്യയിൽ ഉമാ ഭാരതിയും സുഷമ സ്വരാജും ഷീല ദിക്ഷിത് പോലും അധികാരത്തിന്റെ തലപ്പത്തെത്തുന്നത് പൊതുവെ യാഥാസ്ഥിതിക സ്വഭാവമുള്ള ഹിന്ദി ഹൃദയഭൂമിയിലാണെ'ന്നും ശോഭാ സുരേന്ദ്രൻ തന്റെ കുറിപ്പിൽ പറയുന്നു. സ്ത്രീകൾക്കാകെ ലഭിക്കുന്ന ധൈര്യവും പ്രതീക്ഷയുമാണ് 'കമലാ ദേവി ഹാരിസ്' എന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി നേതാവ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'കമലാ ദേവി ഹാരിസ് അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആകുമ്പോൾ, ലോകമെമ്പാടുമുള്ള വനിതകൾക്ക് ആ വാർത്ത സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയുമാണ്. 231 വർഷമെടുത്തു അമേരിക്കയിൽ ഒരു സ്ത്രീക്ക് ആ പദവിയിൽ എത്താൻ എന്നത് ലോകമകമാനമുള്ള ലിബറലുകളുടെ ജീർണത കൂടി വെളിപ്പെടുത്തുന്നു എന്ന് പറയുന്നത് അതിശയോക്തിയാകില്ല.
ഇന്ത്യയിൽ ഉമാ ഭാരതിയും സുഷമ സ്വരാജും ഷീല ദിക്ഷിത് പോലും അധികാരത്തിന്റെ തലപ്പത്തെത്തുന്നത് പൊതുവെ യാഥാസ്ഥിതിക സ്വഭാവമുള്ള ഹിന്ദി ഹൃദയഭൂമിയിലാണ്. കമലാ ഹാരിസിന്റെ സ്ഥാനലബ്ദിയിൽ പ്രശസ്ത അമേരിക്കൻ സംഗീതജ്ഞൻ സ്റ്റീവ് പെറിയുടെ വിഖ്യാതമായ "Somewhere in the world there's hope" എന്ന വരിയാണ് ഓർക്കുന്നത്. ലോകത്തിന്റെ നെറുകയിൽ ഒരു വനിതയെത്തുമ്പോൾ സന്തോഷം തോന്നുന്നു. സ്ത്രീകൾക്കാകെ ലഭിക്കുന്ന ധൈര്യമാണ്, പ്രതീക്ഷയാണ് കമലാ ദേവി ഹാരിസ്'