hareesh-peradi

തന്റെ ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് അനുഭാവ നിലപാടുകൾ എല്ലാ സമയത്തും വ്യക്തമാക്കിയിട്ടുള്ള ആളാണ് നടൻ ഹരീഷ് പേരടി. ഒപ്പം സംഘ്പരിവാറിനോടും ബി.ജെ.പിയോടും യാഥാസ്ഥിതിക മനോഭാവങ്ങളോടുമെല്ലാം തനിക്കുള്ള വിയോജിപ്പുകളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ വഴി പരസ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ മറ്റൊരു വിഷയത്തിലും തനിക്കുള്ള അഭിപ്രായം അദ്ദേഹം തന്റെ ആരാധകരോട് പറയുകയാണ്.

ബി.ജെ.പിയുടെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളും ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന തൊണ്ണൂറ്റി മൂന്നാം ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ വീട്ടിൽ എത്തി അദ്വാനിക്ക് കേക്ക് മുറിച്ച് നല്കിയതിനെയാണ് ഹരീഷ് പേരടി വിമർശന വിധേയമാക്കുന്നത്.

'അദ്ധ്വാനിജിയുടെ പിറന്നാളിന് മോദിജി കേക്ക് മുറിച്ച് നൽകി...ആർഷഭാരത സംസ്കാരത്തിന് ഒന്നും സംഭവിച്ചില്ല...' എന്നാണ് ഇതേക്കുറിച്ചുള്ള ഹരീഷിന്റെ കമന്റ്. പാരമ്പര്യവാദത്തിൽ അടിസ്ഥാനപ്പെടുത്തിയ യാഥാസ്ഥിതിക നിലപാടുകളുള്ള പാർട്ടിയുടെ മുതിർന്ന അംഗത്തിന്റെ പിറന്നാളിന് കേക്ക് മുറിച്ചുകൊണ്ട് പാശ്ചാത്യമായ പിറന്നാളാഘോഷ രീതി സ്വീകരിച്ചു എന്നാണ് നടൻ തന്റെ പോസ്റ്റിലൂടെ പരിഹസിക്കുന്നത്.