ഐ.പി.എൽ ഫൈനലിൽ ഇന്ന് മുംബയ് ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടുന്നു
ദുബായ് : കൊവിഡിനെ ഭയന്ന് അറബിനാട്ടിലേക്ക് മാറ്റിയ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് കലാശക്കൊട്ട്. അഞ്ചാം കിരീടം തേടി മുംബയ് ഇന്ത്യൻസും ആദ്യമായെത്തിയ ഫൈനലിൽത്തന്നെ കപ്പുയർത്താനുള്ള മോഹവുമായി ഡൽഹി ക്യാപ്പിറ്റൽസുമാണ് ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുന്നത്.
അഞ്ചുതവണ (ആദ്യം ഡെക്കാൻ ചാർജേഴ്സിനൊപ്പം ) ഐ.പി.എൽ കിരീടത്തിൽ ഉമ്മവച്ചിട്ടുള്ള രോഹിത് ശർമ്മയാണ് സീസണിലെ ഏറ്റവും മികച്ച ടീമായി വിലയിരുത്തപ്പെടുന്ന മുംബയ് ഇന്ത്യൻസിനെ നയിക്കുന്നത്. ലീഗ് റൗണ്ടിലെ പോയിന്റ് നിലയിൽ മുന്നിലെത്തിയിരുന്നതും ആദ്യ ക്വാളിഫയറിൽത്തന്നെ ഡൽഹിയെ തോൽപ്പിച്ച് മുമ്പേ ഫൈനലിൽ ഇടംപിടിച്ചതും മുംബയ് ഇന്ത്യൻസാണ്. മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർദ്ധനെയാണ് മുംബയ് ഇന്ത്യൻസിന്റെ മുഖ്യ പരിശീലകൻ.
യുവഇന്ത്യൻ താരം ശ്രേയസ് അയ്യർ നയിക്കുന്ന ഡൽഹി ക്യാപ്പിറ്റൽസ് ലീഗ് റൗണ്ടിന്റെ ആദ്യഘട്ടത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചെങ്കിലും അവസാനഘട്ടത്തിലെ തുടർതോൽവികൾ കാരണം രണ്ടാമതായാണ് ഫിനിഷ് ചെയ്തത്. ആദ്യ ക്വാളിഫയറിൽ മുംബയ് ഇന്ത്യൻസിനോട് തോറ്റതിനാൽ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സിനെ തോൽപ്പിച്ച് ഫൈനൽ ബർത്ത് ഉറപ്പാക്കി.മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗാണ് ക്യാപ്പിറ്റൽസിന്റെ കോച്ച്.
ഇന്ന് നാലാമങ്കം
ഈ സീസണിൽ മുംബയ് ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലുള്ള നാലാമത്തെ മത്സരത്തിനാണ് ഇന്ന് അരങ്ങാെരുങ്ങുന്നത്. ലീഗ് റൗണ്ടിലും പ്ളേഓഫിലുമായി നടന്ന മൂന്ന് മത്സരങ്ങളിലും ജയിച്ചത് മുംബയ് ഇന്ത്യൻസാണ്.
1.ഒക്ടോബർ 11ന് അബുദാബിയിലായിരുന്നു ഇരുടീമുകളും തമ്മിലുള്ള ആദ്യ പോരാട്ടം. ആദ്യം ബാറ്റുചെയ്ത ഡൽഹി 162/4 എന്ന സ്കോർ ഉയർത്തിയപ്പോൾ മുംബയ് രണ്ടുപന്തുകളും അഞ്ചുവിക്കറ്റുകളും ശേഷിക്കേ മറികടന്നു.
2.ഒക്ടോബർ 31ന് ദുബായ്യിൽ നടന്ന രണ്ടാം മത്സരത്തിലും ആദ്യം ബാറ്റുചെയ്തത് ഡൽഹി.110/9 എന്ന സ്കോറിൽ ഒതുങ്ങിപ്പോയ അവരെ 14.2 ഓവറിൽ ഒറ്റ വിക്കറ്റ് നഷ്ടത്തിൽ മുംബയ് മറികടന്നു.
3. നവംബർ അഞ്ചിന് നടന്ന ആദ്യക്വാളിഫയറിൽ ആദ്യം ബാറ്റുചെയ്ത മുംബയ് ഇന്ത്യൻസ് 200/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ഡൽഹിയുടെ മറുപടി 143/8ൽ അവസാനിച്ചു.
ആറാം ഫൈനലിന് മുംബയ്
ഇത് ആറാം തവണയാണ് മുംബയ് ഇന്ത്യൻസ് ഐ.പി.എൽ ഫൈനലിലെത്തുന്നത്.
2010ൽ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെയായിരുന്നു ആദ്യ ഫൈനൽ. അന്ന് കിരീടം നേടിയത് ധോണിയുടെ ടീം.
പിന്നീട് ഫൈനലിലെത്തിയപ്പോഴൊക്കെ കിരീടമുയർത്തിയത് അംബാനിയുടെ ടീം
2013,2015,2019 സീസണുകളിലും ചെന്നൈ സൂപ്പർകിംഗ്സിനെ ഫൈനലിൽ തോൽപ്പിച്ചാണ് കിരീടം നേടിയത്.
2017 സീസണിലെ ഫൈനലിൽ തോൽപ്പിച്ചത് ധോണി നയിച്ച റൈസിംഗ് പൂനെ സൂപ്പർജയന്റ്സിനെയാണ്.
ധോണി നയിക്കുന്ന ടീമിനെതിരെ അല്ലാതെ മുംബയ് ഫൈനലിന് ഇറങ്ങുന്നത് ഇതാദ്യം.
മുംബയ് ക്യാപ്ടൻ രോഹിത് ശർമ്മയുടെയും ആറാമത്തെ ഐ.പി.എൽ ഫൈനലാണിത്. കളിച്ച അഞ്ചുഫൈനലുകളിലും ജയിച്ച താരവുംകൂടിയാണ് രോഹിത്.2009ൽ ഡെക്കാൻ ചാർജേഴ്സിനൊപ്പമായിരുന്നു ആദ്യ ഫൈനൽ. പിന്നീട് മുംബയ് ഇന്ത്യൻസിലെത്തിയശേഷം ക്യാപ്ടനായി 2013,2015,2017,2019 സീസണുകളിലെ കിരീടനേട്ടങ്ങൾ.
തുടർച്ചയായ രണ്ട് സീസണുകളിൽ മുംബയ് ഫൈനലിലെത്തുന്നത് ഇതാദ്യം.
കന്നി ഫൈനലിന് ക്യാപ്പിറ്റൽസ്
ഐ.പി.എല്ലിൽ നിലവിലെ ടീമുകളിൽ ഫൈനൽ കളിച്ചിട്ടില്ലാത്ത ഏക സംഘമായിരുന്നു ഡൽഹി ക്യാപ്പിറ്റൽസ്. ആ കുറവാണ് ഇത്തവണ ശ്രേയസ് അയ്യരും കൂട്ടരും പരിഹരിച്ചത്.
മുമ്പ് ഡൽഹി ഡെയർഡെവിൾസ് ആയിരുന്നപ്പോൾ മൂന്ന് തവണപ്ളേ ഓഫ് റൗണ്ടിൽ കളിച്ചിട്ടുണ്ട്.2008,2009 സീസണുകളിൽ സെമിഫൈനലിസ്റ്റുകൾ ആയിരുന്നു. 2012ൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
2019 സീസണിൽ ഡൽഹി ക്യാപ്പിറ്റൽസ് എന്ന് പേരുമാറ്റിയിറങ്ങിയപ്പോൾ ആദ്യമായി പ്ളേ ഓഫിലെത്തി. ചെന്നൈ സൂപ്പർകിംഗ്സിനോട് രണ്ടാം ക്വാളിഫയറിൽ തോറ്റ് മൂന്നാം സ്ഥാനം നേടി .
തുറുപ്പുചീട്ടുകൾ ഇവർ
മുംബയ് ഇന്ത്യൻസ്
1.രോഹിത് ശർമ്മ - പരിക്കിന് ശേഷം കളിച്ച രണ്ട് മത്സരങ്ങളിലും മികവ് കാട്ടാനായില്ലെങ്കിലും ഏത് എതിരാളികളും ഭയപ്പെടുന്ന ഓപ്പണിംഗ് ബാറ്റ്സ്മാനാണ് രോഹിത്. ഫീൽഡ് സെറ്റിംഗിലും ബൗളിംഗ് ചേഞ്ചുകളിലും ചടുലതീരുമാനങ്ങൾ എടുക്കുന്ന ക്യാപ്ടൻ.
2. ജസ്പ്രീത് ബുംറ - രോഹിതിന്റെ വജ്രായുധമാണ് ബുംറ. ബൗളിംഗിന്റെ തുടക്കത്തിലും ഒടുക്കത്തിലും ബുംറയെ ഉപയോഗിച്ചാണ് എതിരാളികളെ നിർവീര്യമാക്കുന്നത്. 14 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ വീഴ്ത്തി രണ്ടാം സ്ഥാനത്തുള്ള ബുംറ 167 ഡോട്ട്ബാളുകളാണ് ഇതുവരെ എറിഞ്ഞത്.
3.ട്രെന്റ് ബൗൾട്ട് - 22 വിക്കറ്റുമായി ബുംറയ്ക്ക് തൊട്ടുപിന്നിലുണ്ട്. ബുംറയ്ക്കൊപ്പം ബോൾട്ടും കൂടിച്ചേരുന്നതാണ് മുംബയ് ബൗളിംഗിന്റെ ശക്തി.
4.കെയ്റോൺ പൊള്ളാഡ്- മുംബയ് ഇന്ത്യൻസിന്റെ ശക്തികേന്ദ്രമാണ് പൊള്ളാഡ്. അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്താനും അധികം റൺസ് വിട്ടുകൊടുക്കാതെ കുറച്ച് ഓവറുകൾ ബൗൾചെയ്യാനും ബൗണ്ടറി ലൈനിനരികിൽ പിഴവില്ലാതെ ഫീൽഡ് ചെയ്യാനും പരിചയ സമ്പന്നനായ പൊള്ളാഡ് കേമൻ.
5.ഹാർദിക് പാണ്ഡ്യ -ആൾറൗണ്ടറാണെങ്കിലും ബാറ്റ്സ്മാന്റെ റോളിലാണ് ഈ സീസണിൽ കളിച്ചത്. അവസാന ഓവറുകളിൽ കുറച്ചുപന്തുകളിൽ കൂടുതൽ റൺസ് നേടാനുള്ള പാണ്ഡ്യയുടെ പ്രഹരശേഷി അപാരം.
ക്വിന്റൺ ഡികോക്ക്, സൂര്യകുമാർ യാദവ്,ഇശാൻ കിഷൻ,ക്രുനാൽ പാണ്ഡ്യ.കൂട്ടെർനെയ്ൽ,രാഹുൽ ചഹറും ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചവരാണ്.
ഡൽഹി ക്യാപ്പിറ്റൽസ്
1.ശിഖർ ധവാൻ - അവസാന ഘട്ടത്തിൽ ധവാൻ ഫോമിലേക്ക് ഉയർന്നത് ഡൽഹിക്ക് കരുത്തായിട്ടുണ്ട്.തുടർച്ചയായ മികച്ച ഇന്നിംഗ്സുകളിലൂടെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തേക്ക് (603) ഉയർന്നിട്ടുണ്ട് ധവാൻ. ഹൈദരാബാദിനെതിരായ രണ്ടാം ക്വാളിഫയറിലും അർദ്ധസെഞ്ച്വറി നേടിയിരുന്നു.
2. കാഗിസോ റബാദ - ബുംറയെക്കാൾ രണ്ട് മത്സരം കൂടുതൽ കളിച്ച റബാദ രണ്ട് വിക്കറ്റുകൾ അധികം നേടി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്താണ്. 29 വിക്കറ്റുകളാണ് സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലും നാലുവിക്കറ്റ് സ്വന്തമാക്കി. ഡോട്ട് ബാളുകൾ എറിയുന്നതിലും കേമൻ.
3. മാർക്കസ് സ്റ്റോയ്നിസ് - ഡൽഹി നിരയിലെ ഏറ്റവും മികവുറ്റ ആൾറൗണ്ടർ. വിക്കറ്റുകൾ വീഴ്ത്തുന്നതിലും വേഗത്തിൽ റൺസ് നേടുന്നതിലും ടീമിന് ഉപകാരി.കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയപ്പോഴും ബൗളിംഗിലും മികവ് കാട്ടി മാൻ ഒഫ് ദ മാച്ചായി.
4. അൻറിച്ച് നോർക്കിയ - ക്യാപ്പിറ്റൽസ് ടീമിലെ ഏറ്റവും സ്ഥിരതയുള്ള ബൗളർമാരിൽ ഒരാൾ. നല്ല വേഗത്തിൽ പന്തുകൾ എറിയുന്നു. അധികം റൺസ് വഴങ്ങാറുമില്ല.
5. അക്ഷർ പട്ടേൽ - നിശബ്ദ സേവകനാണ് പട്ടേൽ പലപ്പോഴും. മദ്ധ്യഓവറുകളിൽ ഡോട്ട്ബാളുകളിലൂടെ റൺറേറ്റ് പിടിച്ചുനിറുത്തുന്നതിൽ അക്ഷറിന്റെ സ്പിൻ ബൗളിംഗ് തുണയാണ്. അവശ്യഘട്ടങ്ങളിൽ ബാറ്റും വീശും.
ശ്രേയസ് അയ്യർ, പൃഥ്വി ഷാ,റിഷഭ് പന്ത്, അശ്വിൻ ,രഹാനെ എന്നിവർ ഫോമിലേക്ക് ഉയരുകയാണെങ്കിൽ മുംബയ്ക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ഡൽഹിക്ക് കഴിയും.
ഞങ്ങളുടെ വിജയത്തിന് പിന്നിൽ അത്ഭുതങ്ങളൊന്നുമില്ല. കളിക്കാരുടെ മികവും കഠിനാദ്ധ്വാനവുമാണ് ഫൈനലിൽ എത്താൻ കാരണം. ഒരിക്കൽക്കൂടി കിരീടം നേടാൻ കാത്തിരിക്കുന്നു - രോഹിത് ശർമ്മ, മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ
ഉയർന്നും താഴ്ന്നുമുള്ള ഒരു യാത്രയായിരുന്നു ഞങ്ങളുടേത്. വലിയ വിജയങ്ങളും തോൽവികളും നേരിട്ടു. ഒരൊറ്റ വിജയമകലെ കപ്പുയർത്താനുള്ള ആഗ്രഹമാണ് ഇപ്പോൾ മനസിൽ നിറയെ.
- ശ്രേയസ് അയ്യർ
7.30 pm
മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്.