speech-

കൊല്ലം: ഇത്തവണ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കേരള രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പ്രയാസമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് കൊല്ലം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ ഘടകകക്ഷികൾക്കും കോൺഗ്രസിന്റെ ശക്തി ഉണ്ടാകണമെന്നില്ല. ഒറ്റയ്ക്ക് കേരളത്തിൽ ഭരിക്കാൻ കഴിയാത്തതിനാലാണ് കോൺഗ്രസ് മുന്നണിയായി മത്സരിക്കുന്നത്. ഘടക കക്ഷികളുടെ ഓരോ വോട്ടും നിർണായകമാണ്.

അഴിമതിക്കേസിൽ ജയിലിൽ കിടന്ന ആളെയും ഇന്നലെ വരെ കൊള്ളക്കാരെന്ന് വിളിച്ചവരെയും സി.പി.എം കൂടെ കൂട്ടുന്നത് എങ്ങനെയും ജയിക്കാനാണ്. ഘടക കക്ഷികൾക്ക് കഴിഞ്ഞതവണ നൽകിയ സീറ്റുകൾ ഇത്തവണയും നൽകണം. കൊടുക്കുന്ന സീറ്റിന്റെ കൂടെ ഒരു റിബലിനെ കൂടെ കൊടുക്കരുത്. ഘടക കക്ഷികളുടെ സീറ്റിൽ കോൺഗ്രസുകാർ കേറിനിന്ന് അവരെ തോൽപ്പിക്കുന്ന പരിപാടി ഇത്തവണ ഉണ്ടാകരുത്. അങ്ങനെ ചെയ്യുമ്പോൾ ആർ.എസ്.പിയും ലീഗും ഫോർവേഡ് ബ്ലോക്കും മാത്രമല്ല നമ്മളും കൂടിയാണ് തോൽക്കുന്നത്. സ്ഥാനാർത്ഥികളെ നിർദേശിക്കുന്ന നേതാക്കൾക്കാണ് ജയിപ്പിക്കേണ്ട ഉത്തരവാദിത്വവും.

തദ്ദേശ തിരഞ്ഞെടുപ്പിലെ റിബലുകളെ തിരിച്ചെടുക്കില്ല. പഞ്ചായത്ത് തലങ്ങളിൽ പ്രകടന പത്രിക തയ്യാറാക്കണം. എൽ.ഡി.എഫ് ഭരണത്തിനെതിരായ ജനവികാരം ശക്തമാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മോശമായ രാഷ്ട്രീയ സാഹചര്യത്തിലും അവർ കൊല്ലം കോർപ്പറേഷൻ പിടിച്ചുവെന്ന് പറയുമ്പോഴുള്ള രാഷ്ട്രീയ തിരിച്ചടി എത്ര വലുതാണെന്ന് ഓർക്കണം. അനുകൂല രാഷ്ട്രീയ സാഹചര്യത്തിലും ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ പറഞ്ഞത് തെറ്റാണെന്ന് അവർ പറയും.

പഞ്ചായത്ത് കഴിഞ്ഞാൽ രണ്ട് മാസമേ ഉള്ളൂ അസംബ്ലിക്ക്. ഇന്നത്തെ അനുകൂല സാഹചര്യം പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ തിരിച്ചുപോകാൻ പാടില്ല. പണവും സ്വാധീനവും ഉപയോഗിച്ച് ജയിക്കാനുള്ള തന്ത്രങ്ങൾ അവർ നോക്കും. സ്ഥാനാർത്ഥികൾ വിജയ സാദ്ധ്യതയുള്ളവരാകണം.

ഒരാൾ നിന്നാൽ ജയിക്കുമെങ്കിൽ അവരെ സ്ഥാനാർത്ഥിയാക്കണം. അല്ലാതെ വാശി പിടിച്ച് സ്ഥാനാർത്ഥികളെ നിറുത്തരുത്. എന്റെ വാശി ജയിക്കണമെന്ന നിലപാട് നേതാക്കൾ ഉപേക്ഷിക്കണം.

ഘടക കക്ഷികൾക്ക് സീറ്റ് കൊടുക്കുകയും അവർ ജയിക്കുകയും ചെയ്‌തെങ്കിലേ പഞ്ചായത്തും മുനിസിപ്പാലിറ്റികളും പിടിക്കാനാകൂ. അടിയന്തരമായി സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കണം.

ചെറിയ കുടുംബ യോഗങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണം മാറണം. സമയത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതാണ് പലപ്പോഴും പരാജയ കാരണമെന്നും ചെന്നിത്തല പറഞ്ഞു.

എട്ട് പഞ്ചായത്താണ് ജയിച്ചതെന്ന് പറഞ്ഞാൽ എന്ത് ധരിക്കും?

കഴിഞ്ഞ തവണ യു.ഡി.എഫിന് ഏറ്റവും മോശമായ ജില്ല കൊല്ലമായിരുന്നു. ഇത്തവണ അത് മാറണം, മാറ്റിയെടുക്കണം. നിങ്ങൾക്ക് മറ്റുള്ളവരുടെ മുഖത്ത് നേക്കണ്ടേ?. എട്ട് പഞ്ചായത്താണ് ജയിച്ചതെന്ന് പറഞ്ഞാൽ ആളുകൾ എന്ത് ധരിക്കും. ഖദറിട്ട് നടക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്വമാണ് ഇതൊക്കെയെന്ന് ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.