വലിയ പരാജയം നേരിട്ടിട്ടും ട്രംപ് ഇതുവരെ അത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. താൻ യഥാർത്ഥത്തിൽ വിജയിച്ചെന്നും അഴിമതിയും വോട്ടിംഗിലെ കള്ളക്കളികളും കാരണമാണ് ബൈഡൻ വിജയിച്ചത് എന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. പല സംസ്ഥാനങ്ങളിലെയും കോടതികളിൽ പരാതികളും നല്കിക്കഴിഞ്ഞിരിക്കുന്നു. ഇവയെല്ലാം സുപ്രീം കോടതിയിൽ എത്തുമെന്നും അവിടെ താൻ നിയമിച്ച ജഡ്ജിമാർ തന്നെ സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം. ഇതൊന്നും നടന്നില്ലെങ്കിൽ രാജ്യം വിടുകയോ ജയിലിൽ പോവുകയോ ചെയ്യേണ്ടിവരും എന്നാണ് അമേരിക്കൻ വാരിക ന്യൂയോർക്കർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ട്രംപിന് ഏകദേശം 300 മില്യൺ ഡോളറോളം കടബാദ്ധ്യതയുണ്ട്. അദ്ദേഹത്തിനെതിരായി ധാരാളം കേസുകൾ കോടതികളിൽ വരാനാണ് സാദ്ധ്യത. എന്നാൽ അദ്ദേഹത്തിന് ലോകമെമ്പാടും ധാരാളം സമ്പത്തുള്ളതുകൊണ്ട് കടങ്ങൾ തീർക്കാവുന്നതേയുള്ളൂ. അങ്ങനെ കുറ്റവിമുക്തനായി അമേരിക്കയിൽ തുടരുകയാണെങ്കിൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ നേതൃനിരയിലേക്കു വരാനും 2024 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. പക്ഷേ പാർട്ടി അദ്ദേഹത്തെ കൈവിടാനാണ് സാദ്ധ്യത. എന്നാലും മുൻ പ്രസിഡന്റുമാരെപ്പോലെ അദ്ദേഹം പുസ്തകമെഴുതിയും പ്രസംഗിച്ചും പണമുണ്ടാക്കുക മാത്രം ചെയ്യാൻ തുനിയുമെന്ന് തോന്നുന്നില്ല. രാഷ്ട്രീയത്തിൽ നിലനിൽക്കാനും ഗവൺമെന്റിന് ഒരു തലവേദനയായി തുടരാനുമാണ് സാദ്ധ്യത. ഇതിനെല്ലാം അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് അദ്ദേഹത്തിനു കിട്ടിയ 70 മില്യൺ വോട്ടുകളുടെ ശക്തിയാണ്.
ട്രംപിന്റെ പരാജയ കാരണം, നാലു വർഷത്തെ അദ്ദേഹത്തിന്റെ പ്രവൃത്തികളും പ്രഖ്യാപനങ്ങളുമാണ്. പലപ്പോഴും അപ്രതീക്ഷിതവും അപ്രസക്തവുമായ അഭിപ്രായങ്ങൾ പറയുമായിരുന്നു അദ്ദേഹം. ഇത് ട്വീറ്റുകളിലൂടെയും മറ്റും മാറ്റിപ്പറയുകയും ചെയ്ത് ട്രംപ് അമേരിക്കൻ ജനതയെയും വിദേശികളെയും അലോസരപ്പെടുത്തി. ഒരു സാധാരണ രാഷ്ട്രീയ നേതാവിന്റെ രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. അനുയായികളും ധനികരുമായ വെള്ളക്കാരുടെ താത്പര്യങ്ങളാണ് അദ്ദേഹം പൊതുവെ സംരക്ഷിച്ചത്. അതുകൊണ്ട് മറ്റു വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പിന്തുണ അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
പല തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സഖ്യരാഷ്ട്രങ്ങളുടെ അപ്രീതി ട്രംപ് സമ്പാദിച്ചു. അങ്ങനെ അമേരിക്കയുടെ സ്ഥിതി രാജ്യത്തിനുള്ളിലും പുറത്തും മോശമാവുകയാണുണ്ടായത്. ട്രംപുമായി പൊരുത്തപ്പെടാനാകാതെ അദ്ദേഹത്തിന്റെ ധാരാളം ഉപദേശകർ വൈറ്റ് ഹൗസ് വിട്ടുപോയി. ഇതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. ഒരിക്കൽ അദ്ദേഹം പറഞ്ഞത് 'താൻ നടുറോഡിൽ വച്ച് ഒരു മനുഷ്യനെ വെടിവച്ചാൽപ്പോലും തനിക്കുള്ള ജനപിന്തുണ കുറയില്ല' എന്നാണ്. ഒരർത്ഥത്തിൽ കൊവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം പ്രകടമാക്കിയതും ഇതേ മനോഭാവമാണ്.
ട്രംപിന്റെ പരാജയത്തിന് പ്രധാന കാരണം കൊവിഡ് വൈറസ് തന്നെയായിരുന്നു. 2,40,000 അമേരിക്കക്കാർ മരിച്ചുവീണപ്പോൾ പോലും ശാസ്ത്രീയമായ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനോ പ്രതിരോധപ്രവർത്തനങ്ങൾക്ക് പ്രചാരണം നൽകാനോ അദ്ദേഹം ശ്രമിച്ചില്ല. ഈ നിലപാട് കാരണം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥർക്കുമെല്ലാം രോഗം പകരുകയുണ്ടായി.
സാമ്പത്തികസ്ഥിതി മോശമാകാതിരിക്കാനാണ് രോഗത്തെ ലഘൂകരിക്കാൻ ശ്രമിച്ചതെങ്കിലും ജനങ്ങളുടെ ജീവിതരീതികൾ മാറിയതുകൊണ്ടും വിദേശവിപണിയിൽ ഉണ്ടായ പ്രശ്നങ്ങളും കാരണം സാമ്പത്തികാവസ്ഥ തകരുക തന്നെ ചെയ്തു. തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു. കറുത്തവർഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതുകൊണ്ടും വെളുത്ത പൊലീസുകാരുടെ പ്രവൃത്തികൾക്ക് ശിക്ഷ നല്കാത്തതുകൊണ്ടും രാജ്യവ്യാപകമായി വർഗസംഘട്ടനങ്ങൾ ഉണ്ടായി. ഇവയുടെ എല്ലാം പരിണിതഫലമായാണ് ട്രംപ് പരാജയപ്പെട്ടത്.
ബിസിനസിന്റെ ഗതിയെന്താവും?
ബിസിനസുകൾ ഇപ്പോൾത്തന്നെ അദ്ദേഹം കുടുംബത്തിലെ പല അംഗങ്ങൾക്കും വീതിച്ചുകൊടുത്തിരിക്കുകയാണ്. അത് അവരിൽ നിന്ന് തിരിച്ചെടുക്കാതെ തന്നെ അദ്ദേഹം ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി തുടരാനാണ് സാദ്ധ്യത. പക്ഷേ അദ്ദേഹത്തിന്റെ ആസ്തിയുടെ വ്യാപ്തിയെപ്പറ്റി ആധികാരിക വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. അദ്ദേഹം കഴിഞ്ഞവർഷം ആകെ നല്കിയ ആദായനികുതി ' 750 ഡോളർ' മാത്രമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ഇത് നിഷേധിക്കുകയും താൻ ധാരാളം നികുതി കൊടുത്തിട്ടുണ്ടെന്നുമാണ് അവകാശപ്പെടുന്നത്.
ട്രംപ് കലാപം ഉണ്ടാക്കുമോ?
ഒരുതരത്തിലും പരാജയം അംഗീകരിക്കില്ലെന്നും വേണ്ടിവന്നാൽ ഇടപെടാനായി തയ്യാറായി നിൽക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇക്കാരണത്താലാണ് ഒരു കലാപം ഉണ്ടാകുമെന്ന ഭയത്തിൽ ധാരാളം ആളുകൾ നഗരങ്ങൾ വിട്ടുപോവുകയും തങ്ങളുടെ സ്ഥാപനങ്ങൾ നശിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തത്. എന്നാൽ ട്രംപിന് രാഷ്ട്രീയത്തിൽ തുടരാൻ താത്പര്യമുണ്ടെങ്കിൽ ഒരു കലാപത്തിന് സാദ്ധ്യതയില്ല. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിനു ശേഷം അദ്ദേഹം ഗോൾഫ് കളിക്കാനും വിശ്രമിക്കാനുമായി പോവുകയായിരുന്നു. തിരികെ വന്ന് നിയമ നടപടികളിലേക്ക് നീങ്ങാനാണ് സാദ്ധ്യത.