renjith

ചാലക്കുടി: കഴിഞ്ഞ ദിവസങ്ങളിൽ മുരിങ്ങൂർ ചൗക്ക എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകൾ പൊളിച്ച് മോഷണത്തിന് ശ്രമിച്ചയാളെ ഡിവൈ.എസ്.പി: സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. പാലക്കാട് ആലത്തൂർ വാവുള്ളിപ്പുറം സ്വദേശി പുത്തൻകളം വീട്ടിൽ രഞ്ജിത് കുമാറാണ് (37) അറസ്റ്റിലായത്. ഇയാൾ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇത്തരം കേസുകളിലെ പ്രതിയാണ്.

വെള്ളിയാഴ്ച പുലർച്ചെ മുരിങ്ങൂർ ജംഗ്ഷനിലെ ഫെഡറൽ ബാങ്കിന്റെ എ.ടി.എം കൗണ്ടർ തകർത്ത് പണം കവർച്ചയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന്റെ അന്വേഷണം ആരംഭിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു ചൗക്കയിലും എ.ടി.എം തുറക്കാൻ ശ്രമുണ്ടായത്.


തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 24 മണിക്കൂറിനകം പ്രതിയെ പിടികൂടി. നിരീക്ഷണ കാമറയുടെ പരിശോധനയിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ ശൈലിയിൽ വസ്ത്രം ധരിച്ച് മുഖം മറച്ച ഒരാൾ എ.ടി.എമ്മിൽ പ്രവേശിക്കുന്നതും കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും കണ്ടെത്തി. മുരിങ്ങൂരിലും ഇതേയാൾ തന്നെയാണ് എത്തിയതെന്ന് വ്യക്തമായി. ഇരു സ്ഥലങ്ങളിലും ഒരേ കാറിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. ഇടപ്പള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സ്വന്തമായി ഓടിച്ചിരുന്ന ഇയാളുടെ ടാക്‌സി കാറും കസ്റ്റഡിയിലെടുത്തു.

ചാലക്കുടി എസ്.എച്ച്.ഒ: കെ.എസ് സന്ദീപ്, എസ്.ഐമാരായ എം.എസ് ഷാജൻ, ഷാജു എടത്താടൻ, എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, സീനിയർ സി.പി.ഒമാരായ വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, സീനിയർ സി.പി.ഒ വി.ആർ രഞ്ജിത്, സി.പി.ഒ ആൻസൻ പൗലോസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

പ്രചോദനമായത് റോബിൻഹുഡ്


പൃഥ്വിരാജ് നായകനായ 'റോബിൻ ഹുഡ് ' എന്ന ക്രൈം ത്രില്ലർ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് രഞ്ജിത് കുമാർ, എ.ടി.എം കൗണ്ടർ തകർത്തുള്ള മോഷണത്തിന് മുതിർന്നത്. തമിഴ്‌നാട്ടിലും സ്വദേശമായ പാലക്കാട്ടും നിരവധി കേസുകളിലെ പ്രതിയായതോടെ വർഷങ്ങളായി ആലുവ കേന്ദ്രീകരിച്ചായിരുന്നു രഞ്ജിത്ത് താമസിച്ചിരുന്നത്. അയൽവാസികളോടും വീട്ടുടമയോടും ടാക്‌സി സർവീസ് കമ്പനി ഉടമയെന്ന് ധരിപ്പിച്ചു. പൊലീസിന്റെ കണ്ണിൽ പൊടിയിടുന്നതിന് മോഷണ യാത്രകളിൽ സ്വന്തം ടാക്‌സി കാറും ഉപയോഗിച്ചു. ആലുവ യു.സി കോളേജ് പരിസരത്ത് ഇത്തരത്തിൽ പൊലീസ് സംഘത്തിനോട് സംസാരിച്ച് രക്ഷപ്പെട്ടത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു.