തിരുവനന്തപുരം:സഹ്യപർവതനിരകളിൽ മാത്രം കാണപ്പെടുന്ന പന്നിമൂക്കൻ തവള എന്ന പാതാള തവളയെ’ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. സംസ്ഥാന വന്യജീവി സംരക്ഷണ ബോർഡ് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. സൂഓഗ്ലോസ്സിഡായെ കുടുംബത്തിൽപ്പെടുന്ന ഇവ ജീവിച്ചിരിക്കുന്ന ഫോസിൽ ആയി കണക്കാക്കപ്പെടുന്നു. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണു ശാസ്ത്രീയ നാമം. തവളയുടെ വാൽമാക്രി ഘട്ടം കഴിഞ്ഞാൽ പാതാള തവള മണ്ണിനടിയിലേക്കു പോകും. പിന്നീട് വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുറത്തേക്കു വരുന്നത്. അതുകൊണ്ട് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുണ്ട്. ഈ പേരിൽ ഇതിനെ ഔദ്യോഗിക തവളയാക്കാനാണ് ശ്രമം.
2003 ഒക്ടോബറിൽ തിരുവനന്തപുരം പാലോട് ട്രോപ്പികൽ ബൊട്ടാണിക്കൽ റിസച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എസ്.ഡി. ബിജു, ബ്രസ്സൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്സൂയിട്ട് എന്നിവർ ഇടുക്കി ജില്ലയിലാണ് ഇതിനെ കണ്ടെത്തിയത്. പിന്നീടു കോതമംഗലം, എരുമേലി, പാലക്കാട് സൈലന്റ് വാലി, തൃശൂരിലെ പട്ടിക്കാട്, തമിഴ്നാട്ടിൽ ആനമലയിലെ ശങ്കരൻകുടി തുടങ്ങിയ സ്ഥലങ്ങളിലും കണ്ടെത്തി. അടുത്ത കാലത്തായി 2012 ഡിസംബറിൽ തൃശൂരിലും കണ്ടെത്തി.
പ്രായപൂർത്തിയായാൽ ഇവയ്ക്ക് കടും പാടലവർണ്ണമായിരിക്കും. ഏകദേശം 7 സെന്റിമീറ്റർ വരെ നീളമുള്ള ഇവ മണ്ണിനടിയിലാണ് ജീവിതത്തിന്റെ മുഖ്യഭാഗവും ചിലവഴിക്കുന്നത്,മണ്ണിനടിയിലുള്ള ചിതലുകളാണ് മുഖ്യാഹാരം. മൺസൂൺ കാലത്ത് പ്രത്യുല്പാദനസമയത്ത് മാത്രം രണ്ടാഴ്ചയോളം ഇവ പുറത്തേക്ക് വരും