ഒരുപാട് ചിത്രങ്ങൾ എടുക്കാറുണ്ടെങ്കിലും അവയിൽ ഏതെങ്കിലും ഒരെണ്ണത്തിനോട് മിക്കവർക്കും ഒരു പ്രത്യേക ഇഷ്ടമുണ്ടാകും. അത്തരത്തിൽ ബോളിവുഡ് താരം ഹേമമാലിനിയ്ക്കുമുണ്ട് ഒരു ഇഷ്ട ചിത്രം. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആ ഫോട്ടോ കണ്ടെത്തിയ സന്തോഷത്തിലാണ് നടിയിപ്പോൾ.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി. ഇന്നലെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രം തനിക്ക് ഏറെ പ്രത്യേകതയുള്ളതാണെന്ന് നടി പറയുന്നു. തന്റെ ജീവചരിത്രമായ ബിയോണ്ട് ദി ഡ്രീം ഗേർളിൽ (2017 ൽ പ്രസിദ്ധീകരിച്ചത്) ഈ ചിത്രം ഉപയോഗിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് അത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും താരം വ്യക്തമാക്കി.
ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുന്നതിന് മുമ്പുള്ളതാണ് ഈ ചിത്രം.ഒരു തമിഴ് മാഗസീനിന്റെ ഫോട്ടോഷൂട്ടിനിടയിൽ എടുത്തതാണ്. അന്ന് തനിക്ക് പതിനാലോ പതിനഞ്ചോ വയസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഹേമമാലിനി പറയുന്നു.
'എന്റെ ഈ ചിത്രം ഞാൻ നിരവധി വർഷങ്ങളായി തിരയുകയായിരുന്നു. ഒരു തമിഴ് മാഗസീനായി ചെയ്ത ഫോട്ടോഷൂട്ടിന്റെ ഭാഗമായുള്ളതാണ്. മാഗസിന്റെ പേര് കൃത്യമായി ഓർക്കുന്നില്ല. പക്ഷേ രാജ് കപൂർ സാഹബിനൊപ്പമുള്ള എന്റെ ഹിന്ദി അരങ്ങേറ്റത്തിന് മുമ്പ് എവിഎം സ്റ്റുഡിയോയിലാണ് ഇത് ചിത്രീകരിച്ചത്. അന്ന് എനിക്ക് 14 അല്ലെങ്കിൽ 15 വയസ് കാണും.'-താരം കുറിച്ചു.