narendra-modi

ന്യൂഡൽഹി : രാജ്യത്തെ ധനനയ രൂപീകരണത്തിനുള്ള മാർഗനിർദേശങ്ങളടങ്ങിയ 15ാമത് ധനകാര്യ കമ്മീഷൻ റിപ്പോർട്ട് ഇന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സമർപ്പിക്കും. എൻ കെ സിംഗിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക വിദഗ്ദ്ധൻമാരടങ്ങിയ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും, പൊതുരംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന നിർദേശങ്ങൾ റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. അടുത്ത ഫെബ്രുവരിയിൽ ബഡ്ജറ്റ് അവതരണവുമായി ബന്ധപ്പെട്ട് പാർലമെന്റ് സമ്മേളിക്കുമ്പോൾ ഈ റിപ്പോർട്ട് ലോക്സഭയിൽ അവതരിപ്പിക്കും. പുറത്തുവരുന്ന സൂചനകൾ പ്രകാരം 15ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ രാജ്യം പ്രതീക്ഷിക്കുന്ന സുപ്രധാന മാറ്റങ്ങൾ ഈ മേഖലകളിലാവും

ജി എസ് ടിയിലെ തർക്കങ്ങൾ പരിഹരിക്കും

ചരക്ക് സേവന നികുതി (ജി എസ് ടി) രാജ്യത്ത് ഏർപ്പെടുത്തിയത് മുതൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പോംവഴികൾ ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അപ്രതീക്ഷിതമായി എത്തിയ കൊവിഡും, ലോക്ഡൗണും രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായിരുന്നു ഏൽപ്പിച്ചത്. വിചാരിച്ച രീതിയിൽ ജി എസ് ടി വരുമാന വിഹിതം കേന്ദ്രത്തിന് സംസ്ഥാനങ്ങൾക്ക് നൽകാനായിരുന്നില്ല. നികുതി വരുമാനത്തിലുള്ള കനത്ത ഇടിവിൽ നിന്നും രാജ്യം തിരികെ കയറുമെന്ന സൂചനകൾ നൽകി തുടങ്ങിയപ്പോഴാണ് ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ഈ അവസ്ഥയിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വരുമാന വിഹിതം എത്രയെന്ന് അറിയുവാനാണ് സംസ്ഥാന സർക്കാരുകൾ കാത്തിരിക്കുന്നത്. മുൻ ധനകാര്യ കമ്മീഷനുകൾ സംസ്ഥാനങ്ങളുടെ നികുതി വിഹിതം വർദ്ധിപ്പിച്ചിരുന്നു. എന്നാൽ കൊവിഡ് കാലഘട്ടത്തിൽ ഇത്തവണ ഇത് എത്രത്തോളം ഉയരുമെന്ന് കണ്ടറിയണം. 14ാമത് ധനകാര്യ കമ്മീഷൻ നികുതി വിഹിതം 10 ശതമാനമായിരുന്നു വർദ്ധിപ്പിച്ചിരുന്നത്.

കുതിച്ചു ചാട്ടം ആരോഗ്യമേഖലയിൽ
പൊതുജനാരോഗ്യ സംരക്ഷണ മേഖലയിൽ 15ാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് ചരിത്രപരമായ ശുപാർശകൾ നൽകുമെന്ന സൂചനയിലാണ് രാജ്യം. ഇതാദ്യമായി ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണത്തിനായി ഒരു അദ്ധ്യായം തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിൽ ചെലവുകൾക്കായി ജിഡിപിയുടെ 2.1 ശതമാനം മാറ്റിവയ്ക്കാൻ ശുപാർശ ചെയ്‌തേക്കും. 2019 20ൽ ജി ഡി പിയുടെ 1.29 ശതമാനം (2.6 ലക്ഷം കോടി രൂപ) മാത്രമാണ് ആരോഗ്യ മേഖലയ്ക്കായി മാറ്റിവച്ചത്. എന്നാൽ കൊവിഡ് മഹാമാരി അടുത്തൊന്നും പൂർണമായും തുടച്ചുമാറ്റാൻ കഴിയില്ലെന്ന ഉത്തമ ബോദ്ധ്യമുള്ളതിനാൽ കൂടുതൽ തുക വകയിരുത്തേണ്ടി വരും.

പ്രതിരോധ, ആഭ്യന്തര സുരക്ഷാ ഫണ്ട്
15ാമത് ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ പ്രതിരോധ, ആഭ്യന്തര സുരക്ഷാ ഫണ്ടും പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സംസ്ഥാനങ്ങളുടെ വരുമാനം ഉപയോഗിച്ച് പ്രതിരോധ, ആഭ്യന്തര സുരക്ഷാ ഫണ്ട് രൂപീകരിക്കാനാണ് നീക്കം. ഇതിലേയ്ക്കായി സെസ് ഏർപ്പെടുത്താനും സാദ്ധ്യതയുണ്ട്. ഇതിലൂടെ രാജ്യത്തിന് സ്ഥിരമായ ഒരു പ്രതിരോധ ഫണ്ട് ലഭ്യമാക്കാനാവും.