lok-adalats

കൊച്ചി: ആശുപത്രി, വൈദ്യുതി, വെളളം, ഗതാഗതം, തപാൽ, ടെലിഫോൺ തുടങ്ങി ഏത് മേഖലയെ സംബന്ധിച്ചും പരാതികളുണ്ടെങ്കിൽ ഫീസൊന്നും അടയ്‌ക്കാതെ കേസ് നടത്താൻ കഴിയുന്ന കോടതിയെപ്പറ്റി കേട്ടിട്ടുണ്ടോ. വായിച്ച് അതിശയപ്പെടേണ്ട, സംഭവം വിദേശത്തൊന്നുമല്ല കേരളത്തിൽ തന്നെയാണ്. ലോക് അദാലത്തുകൾ എന്നാണ് ഈ കോടതി അറിയപ്പെടുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കോടതിയാണെങ്കിലും അധികം പേരൊന്നും ഇങ്ങോട്ട് എത്താറില്ല. ഇങ്ങനെയൊരു കോടതിയുണ്ടെന്ന കാര്യം പലർക്കും അറിയാത്തത് തന്നെയാണ് ഇതിന് പ്രധാന കാരണം.

സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് സ്ഥിരം ലോക് അദാലത്തുകൾ സ്ഥിതി ചെയ്യുന്നത്. പരാതി ലഭിച്ചാൽ ഇരുകൂട്ടരുമായി മദ്ധ്യസ്ഥ ചർച്ചയാണ് ആദ്യം നടത്തുക. പ്രശ്‌നം പറഞ്ഞ് തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ നിയമ നടപടികളിലേക്ക് നീങ്ങുകയുളളൂ. തീർപ്പു കൽപ്പിച്ചാൽ അപ്പീലിനും അവകാശമില്ല. സ്വകാര്യ ആശുപത്രിയിലെ സേവനത്തിലെ വീഴ്‌ചയെ സംബന്ധിച്ച പരാതിയിൽ എറണാകുളത്തെ ലോക് അദാലത്ത് അടുത്തിടെ എട്ടുലക്ഷം രൂപയായിരുന്നു നഷ്‌ടപരിഹാരമായി നൽകാൻ ഉത്തരവിട്ടത്.

റിട്ടയേഡ് ജില്ലാ ജഡ്‌ജിയാണ് ലോക് അദാലത്തിന്റെ ചെയർമാൻ. ഇദ്ദേഹവും രണ്ട് അംഗങ്ങളും അടങ്ങിയതാണ് ഒരു ലോക് അദാലത്ത്. പൊതുസേവന മേഖലയിലുളള ഏതെങ്കിലും സ്ഥാപനങ്ങളിൽനിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരെയാണ് അംഗങ്ങളായി നിയമിക്കുന്നത്. അഞ്ചുവർഷത്തെക്കാണ് ഇവരെ കേരള ലീഗൽ സർവീസസ് അതോറിട്ടി നിയമിക്കുന്നത്.

ലീഗൽ സർവീസ് അതോറിറ്റിയുടെ സേവനം സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലുമുണ്ടെന്ന കാര്യം പലർക്കുമറിയില്ല. എല്ലാ സ്റ്റേഷനിലും സൗജന്യ നിയമസഹായവുമായി അഭിഭാഷകർ എത്തുന്ന സംവിധാനമാണിത്. അവരെ ബന്ധപ്പെടാനുളള ഫോൺ നമ്പറും സ്റ്റേഷനുകളിലുണ്ട്. ഭയത്തോടെ മാത്രം പൊലീസ് സ്റ്റേഷനെ കാണുന്നവർക്ക് താങ്ങും തണലുമൊരുക്കാനാണ് അഭിഭാഷകരെ സൗജന്യമായി എത്തിച്ച് ലീഗൽ സർവീസസ് അതോറിറ്റിയുടെ സേവനം.

സ്ഥിരം ലോക് അദാലത്ത് കോടതികൾ

 എ ഡി ആർ. ബിൽഡിംഗ്, ജില്ലാ കോടതി അനക്‌സ് തിരുവനന്തപുരം-0471 2474855 (കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് ).

 ജില്ലാ കോടതി അനക്‌സ്, കലൂർ, കൊച്ചി 0484 2345950 (കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശ്ശൂർ ജില്ലകൾക്ക്).

 ജില്ലാ കോടതി ബിൽഡിംഗ് ചെറൂട്ടി റോഡ്, കോഴിക്കോട് 0495 2367400 (പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക്).