വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നത് നീണ്ടുപോകുമോ?അച്ഛൻ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയോട് സഹകരിക്കേണ്ടെന്ന് വിജയ് ആരാധകരോട് പറയുന്നു.വിജയ് അച്ഛനുമായി മിണ്ടില്ലെന്ന് അമ്മ പറയുന്നു....
തമിഴ് സിനിമ താരങ്ങൾ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന പ്രചാരണം ശക്തമാണെങ്കിലും വിജയ് ഇറങ്ങുമെന്ന ആരാധകരുടെ പ്രതീക്ഷ വീണ്ടും അനിശ്ചിതത്വത്തിലായി.വിജയ് യിന്റെ അച്ഛൻ എസ്.എ.ചന്ദ്രശേഖർ ആൾ ഇന്ത്യാ ദളപതി മക്കൾ ഇയക്കം എന്ന പേരിൽ രാഷ്ട്രീയ പാർടി രൂപീകരിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്.ഇലക്ഷൻ കമ്മീഷനിൽ പാർടി രജിസ്റ്റർ ചെയ്യുകയും ഉണ്ടായി.എന്നാൽ ഇതിനോട് സഹകരിക്കരുതെന്ന് വിജയ് നേരിട്ട് ആരാധകരോട്അഭ്യർത്ഥിച്ചിരിക്കുകയാണ്.താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അച്ഛന്റെ നീക്കങ്ങൾക്കൊപ്പം പോകേണ്ടതില്ലെന്നുമാണ് വിജയ് പറയുന്നത്.
നിർമ്മാതാവും സംവിധായകനുമായ ചന്ദ്രശേഖർ ഭാര്യ ശോഭയെ സംഘടനയുടെ ട്രഷററാക്കിയിട്ടുണ്ട്.എന്നാൽ അസോസിയേഷനെന്ന് പറഞ്ഞാണ് തന്റെ ഒപ്പ് രേഖപ്പെടുത്തിയതെന്നും രാഷ്ട്രീയ പാർടിയാണ് രൂപീകരിക്കാൻ പോകുന്നതെന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്നും ശോഭ വെളിപ്പെടുത്തി.അവർ ഒരുകാര്യം കൂടി തുറന്നുപറഞ്ഞു.അതായത് അച്ഛനും മകനും തമ്മിൽ മിണ്ടാറില്ലെന്നായിരുന്നു അത്.വിജയ് യിന്റെ കാര്യത്തിൽ എന്ത് തീരുമാനം കൈക്കൊള്ളാനും തനിക്ക് അവകാശമുണ്ടെന്നായിരുന്നു ചന്ദ്രശേഖറിന്റെ മറുപടി.രജനീകാന്തിനുശേഷം തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമായി വളർന്ന വിജയ് യിന്റെ രാഷ്ട്രീയ രംഗപ്രവേശം എല്ലാ പാർടികളും അങ്കലാപ്പോടെയാണ് കാണുന്നത്.ഉചിതമായ സമയത്ത് രാഷ്ട്രീയത്തിൽ വരാതിരുന്നതിലൂടെ രജനീകാന്ത് നേരിടുന്ന പ്രതിസന്ധി വിജയ് യിന് ഉണ്ടാകുമോയെന്നതാണ് ചോദ്യം.ജയലളിതയുടെ കാലത്ത് രജനി രംഗത്തിറങ്ങുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒരിക്കൽ മുഖ്യമന്ത്രി ജയലളിത വരുന്ന വഴിയിൽ തന്റെ കാർ പൊലീസ് തടഞ്ഞപ്പോൾ രജനി കാറിനു വെളിയിലിറങ്ങി നിന്നതും ഗതാഗതക്കുരുക്ക് രൂപപ്പെട്ടതും വലിയ വാർത്തയായിരുന്നു.തുടർന്നുവന്ന തിരഞ്ഞെടുപ്പിൽ ജയലളിതയ്ക്കെതിരെ രജനി നടത്തിയ പരാമർശങ്ങൾ അന്നവരുടെ തോൽവിക്ക് തന്നെ വഴിയൊരുക്കിയിരുന്നു.രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങാൻ പറ്റിയ ശരിയായ സമയം അന്നായിരുന്നുവെന്ന് തമിഴകത്തെ രാഷ്ട്രീയ നിരീക്ഷകർ ഇന്നും പറയുന്നുണ്ട്.അതുപോലെ വിജയ് രാഷ്ട്രീയത്തിലിറങ്ങുന്നുവെങ്കിൽ ഇത് പറ്റിയ സമയമാണെന്നും വിലയിരുത്തലുമുണ്ട്.കമൽഹാസൻ മാത്രമാണ് രാഷ്ട്രീയത്തിൽ ഉറച്ച തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്.രജനീകാന്തിന്റെ തീരുമാനത്തിലും അനിശ്ചിതത്വം തുടരുകയാണ്.