ഒാർഡിനറി എന്ന ചിത്രത്തിലൂടെ എത്തിയ ശ്രിത ശിവദാസ് ഇപ്പോൾ തമിഴകത്ത് ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നു....തിയേറ്റർ റിലീസില്ലാത്ത കഴിഞ്ഞ ഒാണക്കാലത്ത് ശ്രിത ശിവദാസിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവായിരുന്നു 'മണിയറയിലെ അശോകൻ". അഞ്ചുവർഷമായി ശ്രിത നമ്മുടെ ബിഗ് സ്ക്രീനിൽ വരുന്നില്ല. അപ്പോൾ ചെന്തമഴിന്റെ മണമായിരുന്നു ശ്രിതയെന്ന മലയാളി പെൺകുട്ടിയുടെ സിനിമയ്ക്ക് . പോയവർഷം സന്താനത്തിനൊപ്പം അഭിനയിച്ച ഹൊറർ കോമഡി ത്രില്ലർ 'ധിൽക്കു ദുഡു-2" വലിയ വിജയം നേടി. ശ്രിതയുടെ ആദ്യ തമിഴ് ചിത്രമാണ് 'ധിൽക്കു ദുഡു-2". കാർത്തിക് രാജും സാമും ചേർന്ന് സംവിധാനം ചെയ്യുന്ന 'ഡൂഡി" ശ്രിതയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ശ്രിത നായികയായി അഭിനയിച്ച രണ്ടു തമിഴ് ചിത്രങ്ങൾക്ക് പേരിട്ടിട്ടില്ല. 'വുഡു "എന്ന തമിഴ് വെബ് മൂവിയിലും അഭിനയിക്കുന്നുണ്ട്. കാലടി ശ്രീശങ്കര കോളേജിൽ ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് 'ഒാർഡിനറി" സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. എഫ് .എ സി.ടിയിൽ ഉദ്യോഗസ്ഥനായിരുന്ന ആലുവ ഉളിയന്നൂർ 'ശിവപാർവതി"യിൽ ശിവദാസന്റെയും ഉമദേവിയുടെയും മകൾ പാർവതി ശിവദാസ് ചാനൽ അവതാരകയായി ഗൃഹസദസുകൾക്ക് അതിനു മുൻപേ പരിചിത.
അന്നേ സിനിമ ഇഷ്ടമായിരുന്നു.എന്നാൽ അഭിനയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ചെറിയ ആശങ്ക. കുഞ്ചാക്കോ ബോബന്റെ നായികയാണെന്ന് കേട്ടപ്പോൾ അദ്ഭുതപ്പെട്ടു. വെള്ളിത്തിരയിൽ ഒരുപാട് പാർവതിമാർ ഉള്ളതിനാൽ പേര് മാറ്റാൻ 'ഒാർഡിനറി'യുടെ സംവിധായകൻ സുഗീത് ഉപദേശിച്ചു. സംഖ്യാ ശാസ്ത്രപ്രകാരം ശ്രിത എന്ന പേര് സ്വീകരിച്ചു. ആ പേര് ഭാഗ്യം തരുമെന്ന് ഒരിക്കലും കരുതിയില്ല. ഒരു സിനിമയിൽ അഭിനയിച്ചു മടങ്ങാമെന്ന് തീരുമാനിച്ചു. പഠനത്തിന് മൈക്രോ ബയോളജി തിരഞ്ഞെടുത്തതുതന്നെ ആ മേഖലയുമായി മുൻപോട്ടു പോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ സംഭവിച്ചത് സിനിമ യാത്ര. സീൻ ഒന്ന് നമ്മുടെ വീട്, ലോക്കൽ കോൾ, വീപ്പിംഗ് ബോയി, മണിബാക്ക് പോളിസി, ഹാംങ് ഒാവർ, കൂതറ, റാസ്പ്പുടിൻ തുടങ്ങിയ സിനിമകൾ.നായികത്തിളക്കത്തിൽ നിൽക്കവേ 2014ൽ വിവാഹം. ഒരു വർഷത്തിനുശേഷം വിവാഹമോചനം. തമിഴകത്തുനിന്നാണ് ശ്രിത ഇപ്പോൾ മടങ്ങി വരുന്നത്.മലയാളത്തിലും കാത്തിരുപ്പുണ്ട് പുതിയ സിനിമകൾ.
ഗവിയിലെ പെൺകുട്ടിയായി മലയാളികൾ ഇപ്പോഴും ശ്രിതയെ കാണുന്നു?
എട്ടു വർഷം മുൻപാണ് 'ഒാർഡിനറി" എത്തുന്നത്. ആ സിനിമയെയും കല്യാണി എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയെയും ആളുകൾ ഇപ്പോഴും ഒാർക്കുന്നു. എവിടെ പോയാലും തിരിച്ചറിയുന്നു. ഞങ്ങൾ ഇടയ്ക്കിടെ കാണുന്ന സിനിമയാണെന്നും എപ്പോൾ കണ്ടാലും മടുപ്പ് തോന്നില്ലെന്നും ആളുകൾ പറയുന്നതു കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. കല്യാണി എന്ന കഥാപാത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ല.
സൗഹൃദങ്ങളാണ് ശ്രിതയുടെ കരുത്ത് എന്നു തോന്നുന്നു ?
ഒരുപാട് സുഹൃത്തുക്കളില്ല. എന്നും വിളിച്ചു സംസാരിക്കുന്ന സൗഹൃദങ്ങളുമില്ല.എന്നാൽ വളരെ കുറച്ചു നല്ല ആളുകൾ അടുത്ത സുഹൃത്തുക്കളായിയുണ്ട്. സൗഹൃദം എല്ലാ സമയത്തും ബലമാണ്. ജീവിതത്തിൽ സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്ന ആളാണ് ഞാൻ. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളുമായി പങ്കുവയ്ക്കാറുണ്ട്. അത് നല്ലത് എന്നാണ് കരുതുന്നത്.ഞാൻ കുറച്ചു അന്തർമുഖയായ വ്യക്തിയാണ്. എന്നാൽ പരിചിതരയാവരോടൊപ്പമെങ്കിൽ ഒരുപാട് സംസാരിക്കും,.തമാശകൾ പറയും. ഞാൻ വളരെ പോസിറ്റീവാണെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്.
നടിയുടെ വിവാഹവും വിവാഹമോചനവും സിനിമയുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമാണോ?
വ്യക്തിപരമായ കാര്യങ്ങളെ സിനിമയുമായി വലച്ചിഴയ്ക്കേണ്ട ആവശ്യമില്ല.എന്നാൽ ഇപ്പോൾ ഈ കാര്യങ്ങളിൽ എല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ലോകം മുഴുവൻ മാറി കൊണ്ടിരിക്കുകയാണ്. എല്ലാ ആളുകളിലും മാറ്റം പ്രകടം. തെന്നിന്ത്യൻ സിനിമയിൽ വിവാഹശേഷവും അഭിനയരംഗത്ത് സജീവമായി തുടരുന്ന നടിമാരുണ്ട്.എന്നാൽ മറ്റു ചിലർ വർഷങ്ങൾ കഴിഞ്ഞു മടങ്ങിവരും. വിവാഹശേഷം സിനിമയിൽനിന്ന് മാറി നിന്ന് മറ്റു കലാരംഗത്ത് പ്രവർത്തിക്കുന്നവരുണ്ട്. അഭിനയവും കുടുംബജീവിതവും ഒരേപോലെ കൊണ്ടു പോവാൻ ശ്രമിക്കുന്നവരുമുണ്ട്.എല്ലാം ഇഷ്ടങ്ങൾ, തീരുമാനങ്ങൾ.