തിരുവനന്തപുരം : ആയിരത്തി ഇരുന്നൂറോളം ക്ഷേത്രങ്ങളുടെ ഭരണം നിർവഹിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് കടന്ന് പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെ. കൊവിഡ് കാരണം ഏറെ നാളായി ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കാതിരുന്നതാണ് ദേവസ്വം ബോർഡിന്റെ നഷ്ടം പതിൻമടങ്ങായി വർദ്ധിക്കാൻ കാരണമായത്. അൺലോക്ക് ഘട്ടത്തിൽ ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങിയെങ്കിലും മുൻപത്തെ പോലെ ഇനിയും കാര്യങ്ങളെത്തിയിട്ടില്ല. കൊവിഡ് പ്രോട്ടോക്കോൾ തുടരുന്നതിനാൽ ഭക്തർ ഇപ്പോഴും ദർശനത്തിനെത്തുവാൻ താത്പര്യപ്പെടാത്തതാണ് കാരണം. ഇതിനൊപ്പം ക്ഷേത്രങ്ങളിലെ വഴിപാട് കഴിക്കലിലും വൻ കുറവാണുണ്ടായിരിക്കുന്നത്.
ശബരിമലയിലും വരുമാനക്കുറവ്
കൊവിഡ് നിയന്ത്രണം ശക്തമാക്കിയതോടെ ശബരിമലയിൽ നിന്നും ബോർഡിന് ലഭിക്കുന്ന വരുമാനത്തിലും വൻ കുറവാണുണ്ടായത്. ശബരിമലയിലെ വരുമാനത്തിൽ നിന്നുമാണ് ബോർഡിന് കീഴിലുള്ള ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിൽ നിത്യപൂജയ്ക്കുൾപ്പടെയുള്ള ചെലവിനുള്ള പണം ദേവസ്വം ബോർഡ് നൽകുന്നത്. ഈ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്കുള്ള ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്നതും പ്രധാനമായു ശബരിമലയിൽ നിന്നും ലഭിക്കുന്ന വരുമാനമുപയോഗിച്ചായിരുന്നു. എന്നാൽ ഇക്കുറി മണ്ഡലകാല ദർശനത്തിനായി കൊവിഡ് പ്രോട്ടോക്കോൾ ശക്തമാക്കിയതോടെ എത്തുന്ന ഭക്തരുടെ എണ്ണം കുറഞ്ഞതും, പമ്പയിലും ശബരിമലയിലുമുള്ള സ്റ്റാളുകളുടെ ലേലനടപടികൾ പൂർത്തീകരിക്കാനാവാഞ്ഞതും ദേവസ്വം ബോർഡിന് തിരിച്ചടിയായി.
ലേലം ചെയ്യേണ്ട 160 സ്റ്റാളുകളിൽ മൂന്നെണ്ണം ഏറ്റെടുക്കാനെ ഇതുവരെ ആളെത്തിയുള്ളൂ. ഇതേ തുടർന്ന് ബാക്കി സ്റ്റാളുകൾ തുറന്ന ലേലത്തിലൂടെ നൽകാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. മുൻവർഷങ്ങളിൽ കോടികളുടെ വരുമാനമാണ് ശബരിമലയിലെ ലേലനടപടികളിലൂടെ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് വീണിരുന്നത്.
വരുമാനത്തിൽ വൻ ഇടിവുണ്ടായതോടെ ക്ഷേത്രങ്ങളിലെ മരാമത്ത് പണികളടക്കം കുറയ്ക്കുവാൻ ബോർഡ് നിർബന്ധിതരായിരിക്കുകയാണ്.