രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന്റെ പേരിൽ നടൻ വിജയ്‌യും അച്ഛൻ എസ്.എ ചന്ദ്രശേഖരനും തമ്മിലുള്ള പ്രശ്നങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണ്. മകനും ഭർത്താവും തമ്മിൽ മിണ്ടാറില്ലെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ.
വിജയ്‌യുടെ പേരില്‍ സംഘടന രൂപീകരിക്കാനാണെന്ന് പറഞ്ഞാണ് ഭർത്താവ് ചില രേഖകളില്‍ ഒപ്പിടിച്ചതെന്നും, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും ശോഭ പറയുന്നു. ഒരാഴ്ച മുമ്പ് മാത്രമാണ് സത്യം അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. മകനറിയാതെ ചെയ്യുന്ന കാര്യങ്ങളിലൊന്നും താൻ പങ്കാളിയാകില്ലെന്ന് ചന്ദ്രശേഖറിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും ശോഭ വ്യക്തമാക്കി.
'തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തരുതെന്ന് വിജയ് അച്ഛനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം വകവയ്ക്കാതെയാണ് അദ്ദേഹം ഇത്തരമൊരു തീരുമാനമെടുത്തത്. ഇതോടെ വിജയ് അച്ഛനോട് സംസാരിക്കുന്നത് തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. ഭാവിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന കാര്യത്തില്‍ ഉത്തരം നല്‍കാന്‍ വിജയ്ക്ക് മാത്രമേ കഴിയൂ'-ശോഭ പറഞ്ഞു.
'ഓൾ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരിൽ പാർട്ടി രൂപീകരിച്ചുവെന്നും, തിരഞ്ഞെടുപ്പ് കമ്മീഷനിൽ റജിസ്റ്റർ ചെയ്തുവെന്നും എസ്.എ ചന്ദ്രശേഖർ മുമ്പ് അറിയിച്ചിരുന്നു. ശോഭ ചന്ദ്രശേഖറാണ് പർട്ടിയുടെ ട്രഷറർ. എന്നാൽ പാർട്ടി രൂപീകരിച്ചുവെന്ന വാർത്ത വിജയ് നിഷേധിച്ചു. ആരാധകരോട് പാർട്ടിയുമായി സഹകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.