പൗരത്വഭേദഗതി നിയമത്തിനും കർഷകബില്ലുകൾക്കും ശേഷം ബി.ജെ.പി സംഘപരിവാർ പ്രഭൃതികളുടെ അടുത്ത നീക്കം എന്തായിരിക്കും എന്നാശങ്കപ്പെടുന്നവർക്ക് ഇതര പിന്നാക്ക വിഭാഗങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിൽ വരുന്ന അനിശ്ചിതമായ അമാന്തം ചില സൂചനകൾ നൽകുന്നുണ്ട്. ക്രീമിലെയർ നിർണയത്തിൽ ശമ്പളത്തെക്കൂടി മാനദണ്ഡമാക്കാനും പിന്നാക്കക്കാരെ വീണ്ടും പലതട്ടുകളിലായി വിഭജിക്കാനുമൊക്കെയുള്ള ആവശ്യത്തിന് പിന്നിലെ ഒളിയജണ്ടകൾ മറനീക്കിവരാനിരിക്കുന്നു. നിലനില്‌ക്കുന്ന സംവരണതത്വങ്ങളെ അട്ടിമറിക്കാനുള്ള സവർണ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചേരുവകൾ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നു.
ഹിന്ദി മേഖലയിലെ കർഷകസമൂഹങ്ങളിൽ ഒരു വലിയ പങ്ക് പിന്നാക്ക സമുദായത്തിൽപെടുന്നവർ ആയിരിക്കേ പിന്നാക്ക സംവരണത്തിൽ വെള്ളം ചേർക്കുന്നതിലൂടെ ഈ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാം എന്ന ദുഷ്ടബുദ്ധി സമീപഭാവിയിൽ ബി.ജെ.പി പയറ്റിക്കൂടായ്കയില്ല.
പിന്നാക്ക ക്ഷേമത്തിനായുള്ള പാർലമെന്ററി സമിതിയുടെ പുനഃസംഘടന അനിശ്ചിതമായി നീട്ടിവെക്കുന്നതിലൂടെ രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങൾക്കുള്ള അവകാശങ്ങൾ പോലും ഇല്ലാതാക്കുകയാണ് സർക്കാർ.
പാർലമെന്ററി കമ്മിറ്റികൾക്ക് ഒരു വർഷത്തേക്കാണ് പ്രവർത്തന കാലാവധിയുള്ളത്. ആദ്യയോഗം ചേർന്ന് ഒരു വർഷം പൂർത്തിയാകുന്ന മുറയ്‌ക്ക് അവ പുനഃസംഘടിപ്പിക്കണമെന്നാണ് ചട്ടം. 2020 സെപ്‌തംബർ മാസത്തിൽ ഇതനുസരിച്ച് എട്ടോളം പാർലമെന്ററി കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിരുന്നു. എന്നാൽ ഒ.ബി.സി. കമ്മിറ്റി മാത്രം പുനഃസംഘടിപ്പിക്കാത്തതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണ്.
2019 ഫെബ്രുവരി മാസം ഒ.ബി.സി. കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ, വരുമാന മാനദണ്ഡവുമായി ബന്ധപ്പെട്ട് 1997 മുതൽക്കുള്ള നാല് ഭേദഗതികൾക്കു ശേഷവും ഒ.ബി.സി. വിഭാഗങ്ങൾക്കായുള്ള സംവരണ സീറ്റുകളിൽ 27ശതമാനവും നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുകയാണെന്ന ഗൗരവതരമായ വസ്തുത പ്രത്യേകം ചൂണ്ടിക്കാണിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പറയുന്ന വസ്തുതകൾ അനുസരിച്ച് കേന്ദ്ര ഗവൺമന്റിലെ ഉയർന്ന തസ്തികയായ 'എ' വിഭാഗം ജീവനക്കാരിൽ 13 ശതമാനം മാത്രമാണ് ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ളവർ. മൊത്തം 32.58 ലക്ഷം ഗവൺമെന്റ് ജീവനക്കാരിൽ 7 ലക്ഷം പേർ മാത്രമാണ് ഒ.ബി.സി. വിഭാഗത്തിൽനിന്നുള്ളത്. (21 ശതമാനം). എന്നാൽ 27 ശതമാനമാണ് യഥാർത്ഥത്തിൽ അവർക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ഏഴ് ലക്ഷത്തിൽ 6.4 ലക്ഷവും (22.65 ശതമാനം) 'സി' കാറ്റഗറി ജീവനക്കാരാണ് എന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിലാണ് ഒ.ബി.സി. കമ്മിറ്റി 2020 ജൂലൈ മാസത്തിൽ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ വ്യക്തിയുടെ അടിസ്ഥാനശമ്പളം കുടുംബത്തിന്റെ വാർഷികവരുമാനം കണക്കാക്കുന്നതിൽ ഉൾപ്പെടുത്തരുതെന്ന് ശുപാർശ നൽകിയത്. കുടുംബാംഗങ്ങളുടെ സംവരണയോഗ്യത നിർണയിക്കുന്നത് ഈ അടിസ്ഥാന ശമ്പളവും കൂടി കണക്കാക്കിക്കൊണ്ടുള്ള വാർഷിക വരുമാന സർട്ടിഫിക്കറ്റ് ആയതുകൊണ്ടാണ് പാർലമെന്ററി കമ്മിറ്റി ഇത്തരത്തിലുള്ള ഒരു ശുപാർശ നൽകേണ്ടിവന്നത്. പിന്നാക്ക വിഭാഗക്കാരുടെ ജോലി/വിദ്യാഭ്യാസ സാധ്യതകൾക്ക് വീണ്ടും മങ്ങലേൽപ്പിക്കുന്ന ഒന്നാണിതെന്ന കാര്യം ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. ക്രീമിലെയറിന്റെ ഉയർന്ന വരുമാനപരിധി നിലവിലുള്ള എട്ട് ലക്ഷത്തിൽ നിന്നും 15 ലക്ഷമായി ഉയർത്താനും കമ്മിറ്റി ശുപാർശ ചെയ്യുകയുണ്ടായി. നിലവിൽ എട്ട് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളുമാണ് 27 ശതമാനം വരുന്ന ഒ.ബി.സി സംവരണത്തിന് ഗവൺമെന്റ് ഉദ്യോഗങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും അർഹരാകുക. സർക്കാറിന്റെ ക്രീമിലെയർ നിർണയിക്കാനുള്ള കടുംപിടുത്തവും അടിസ്ഥാനശമ്പളം ഉൾപ്പെടെ വരുമാനം കണക്കാക്കുന്ന രീതിയും നടപ്പിലാവുമ്പോൾ ഒ.ബി.സി വിഭാഗങ്ങളുടെ 27ശതമാനം സംവരണം ജലരേഖയാകുമെന്നതിൽ സംശയമില്ല.
ഈ പശ്ചാത്തലത്തിലാണ് അടിസ്ഥാനജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി കേരളത്തിലെ ഇടതുപക്ഷസർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യയ്ക്കാകെ മാതൃകയാകുന്നത്. ഏറ്റവുമൊടുവിൽ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൂടി പത്തുശതമാനം സംവരണം ഏർപ്പെടുത്തിയ ഭരണഘടനാഭേദഗതി നടപ്പിലാക്കാനുള്ള ആർജവം കാണിച്ചിരിക്കുകയാണ് കേരളത്തിലെ ജനകീയ സർക്കാർ. പിന്നാക്കവിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്തുന്നതിൽ അതീവജാഗ്രത പുലർത്തിക്കൊണ്ടുതന്നെ പുതിയ ഭരണഘടനാഭേദഗതി നടപ്പിലാക്കിയിരിക്കുന്നു. അതോടെ നിലവിലുള്ള സംവരണം 60 ശതമാനമായി മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുക്ഷപജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണമെന്ന നിലപാട് പ്രഖ്യാപിക്കുകയും ചെയ്തു. അത് ഇച്ഛാശക്തിയോടെ ഇപ്പോൾ നടപ്പാക്കിയിരിക്കുന്നു. എന്നാൽ തെറ്റിദ്ധാരണപരത്തിയും വർഗീയവിഷം കുത്തിവെച്ചും ജനക്ഷേമകരമായ തീരുമാനങ്ങൾക്കെതിരെ കലാപത്തിനൊരുങ്ങുകയാണ് ചിലർ. കേന്ദ്രസർക്കാർ തുടരുന്ന സ്വകാര്യവത്‌കരണ നയങ്ങളും കരാർ തൊഴിൽ സമ്പ്രദായവുമാണ് രാജ്യത്ത് സംവരണതത്വങ്ങളെ അട്ടിമറിച്ചതെന്ന് പകൽപോലെ വ്യക്തമാണെങ്കിലും ആ നയങ്ങൾക്കെതിരെ ചെറുവിരൽപോലും അനക്കാൻ ഇത്തരക്കാർ തുനിയുന്നുമില്ല.