i

വിദേഹരാജ്യത്തെ (മിഥില) രാജാവായിരുന്നു വൃഷധ്വജൻ. തികഞ്ഞ ശിവഭക്തനായിരുന്ന വൃഷധ്വജൻ കൊട്ടാരത്തിൽ തന്നെ ഒരു ശിവക്ഷേത്രം നിർമിച്ച് ശിവാരാധന നടത്തിപ്പോന്നു. തന്റെ ഭക്തന്റെ കളങ്കരഹിതമായ ഭക്തിയിൽ തൃപ്‌തനായ ശിവൻ പലപ്പോഴും ഈ ശിവക്ഷേത്രത്തിൽ വന്നു തങ്ങുക പതിവായി. ശിവഭക്തി തലക്കുപിടിച്ച വൃഷധ്വജൻ 'മിഥിലയിലെ ശിവനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ" എന്നൊരു നിയമം കൊണ്ടുവന്നു. ജനങ്ങൾക്ക് രാജകല്‌പന അനുസരിക്കാനല്ലേ കഴിയൂ. എന്നാൽ മറ്റു ദേവന്മാർക്കുള്ള പൂജ നിഷേധിക്കപ്പെട്ടതോടെ വൃഷധ്വജൻ ശിവനൊഴികെയുള്ള ദേവന്മാരുടെ വിരോധത്തിന് പാത്രമായി. ശിവഭക്തി അറിയാമായിരുന്ന ദേവകളിൽ കുറച്ചുപേർ അടങ്ങിക്കഴിഞ്ഞു. എന്നാൽ സൂര്യദേവൻ 'വൃഷധ്വജന്റെ പരമ്പരയോടെ ഐശ്വര്യം നശിക്കട്ടെ" എന്നു ശപിച്ചു.

തന്റെ ഭക്തനെ ശപിച്ച സൂര്യനെ പാഠം പഠിപ്പിക്കാനായി ശിവൻ ശൂലവുമായി സൂര്യനുനേരെ പാഞ്ഞു. സൂര്യൻ പിതാവായ കശ്യപനെ ആശ്രയിച്ചു. കശ്യപൻ പിതാമഹനായ ബ്രഹ്മാവിനെ ആശ്രയിച്ചു. സംഗതിയുടെ ഗൗരവം മനസിലാക്കിയ ബ്രഹ്മാവ് നേരെ വൈകുണ്ഠത്തേക്ക് ഓടി. ബ്രഹ്മാവ് എത്തുമ്പോൾ ശിവനും ശൂലവുമായി അവിടെയെത്തി. ദേവകൾ എത്തിയതിന്റെ കാരണം മനസിലാക്കിയ മഹാവിഷ്‌ണു ''നിങ്ങൾ ഇങ്ങനെ ഒന്നിനു പുറകേ ഒന്നായി ഓടുന്നതൊക്കെ വെറുതെയാണ്. ശിവനെ മാത്രമേ പൂജിക്കാവൂ എന്ന നിയമം കൊണ്ടുവന്നത് വൃഷധ്വജനാണ്. ഇപ്പോൾ വൃഷധ്വജനും അവന്റെ പുത്രൻ രഥധ്വജനും മരിച്ചുകഴിഞ്ഞിരിക്കുന്നു. ഇപ്പോൾ രഥധ്വജന്റേയും പുത്രന്മാരായ ധർമധ്വജനും കുശധ്വജനുമാണ് മിഥിലഭരിക്കുന്നത്. ആയതിനാൽ നിങ്ങളൊക്കെ സ്വസ്ഥമായി അവരവരുടെ സ്ഥാനങ്ങളിലേക്കു പോവുക." വിഷ്‌ണുവിന്റെ വിശദീകരണം കേട്ട ദേവകൾ അവരവരുടെ സ്ഥാനങ്ങളിലേക്ക് പോയി.

സൂര്യന്റെ ശാപം പരമ്പരകൾക്ക് കൂടി ബാധകമായിരുന്നതിനാൽ പിതാമഹന് കിട്ടിയശാപത്തിന്റെ ഫലം രഥധ്വജന്റെ പുത്രന്മാരായ ധർമ്മധ്വജനും കുശധ്വജനും അനുഭവിക്കേണ്ടിവന്നു. രാജ്യം ഐശ്വര്യരഹിതമായതിൽ വിഷമിച്ച സഹോദരന്മാർ കുലഗുരുവിന്റെ മുമ്പിൽ പരിഹാരം തേടിയെത്തി. രാജഗുരു 'ഐശ്വര്യദേവത ലക്ഷ്‌മി ആയതിനാൽ നിങ്ങൾ ലക്ഷ്‌മീദേവിയെ നിത്യം ആരാധിക്കുക" എന്നുപദേശിച്ചു. രാജഗുരുവിന്റെ ഉപദേശപ്രകാരം ധർമധ്വജനും കുശധ്വജനും പതിവായി ലക്ഷ്‌മീദേവിയെ ആരാധിക്കാൻ തുടങ്ങി. അവരുടെ ആരാധനയിൽ തൃപ്‌തയായ മഹാലക്ഷ്‌മി തന്റെ ഭക്തരെ അനുഗ്രഹിക്കാൻ തീരുമാനിച്ചു. ധർമധ്വജനും കുശധ്വജനും ലക്ഷ്മിയുടെ അംശമായി ഓരോ പുത്രിമാർ ജനിക്കാൻ ലക്ഷ്‌മി അനുഗ്രഹിച്ചു. പുത്രിമാർ ജനിക്കുന്നതോടുകൂടി രാജ്യത്തിന് നഷ്‌ടമായ ഐശ്വര്യം വീണ്ടെടുക്കാൻ കഴിയുമെന്നും ലക്ഷ്മി അനുഗ്രഹിച്ചു.

ധർമധ്വജന്റെ ഭാര്യയായ ലക്ഷ്‌മിയുടെ അംശമായി 'തുളസി" എന്ന പുത്രിയും കുശധ്വജന്റെ ഭാര്യയായ മാലാവതിക്ക് ലക്ഷ്‌മിയുടെ അംശമായി. 'ദേവതി" (വേദവതി) എന്ന പുത്രിയും ജനിച്ചു. പുത്രിമാർ ജനിച്ചതോടുകൂടി രാജ്യത്തെ ഗ്രസിച്ചിരുന്ന ഐശ്വര്യനഷ്‌ടം ഒഴിവായി. രാജ്യവും ജനങ്ങളും വീണ്ടും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ തുടങ്ങി. കൃഷിയും വാണിജ്യവും രാജ്യത്ത് മെച്ചപ്പെട്ടു. എല്ലാവർക്കും തൊഴിലും ഉപജീവനമാർഗവും ഉണ്ടായി.

ധർമധ്വജന്റെ പുത്രിയായി ജനിച്ച തുളസി ശംഘചൂടൻ എന്ന അസുരന്റെ ഭാര്യയായി ജീവിച്ച് ആ ജന്മം അവസാനിച്ചു. എന്നാൽ സരസ്വതീദേവിയുടെ ശാപം മൂലം മരിച്ച തുളസിയുടെ ശരീരത്തിൽ നിന്നും തുളസിച്ചെടി ഉത്ഭവിച്ചു. ഇതോടെ ഭൂമിയിൽ ലക്ഷ്മീദേവിയുടെ അംശമായി തുളസിച്ചെടി വളരാൻ തുടങ്ങി. ഇതിനു ശേഷം വിഷ്‌ണു പൂജക്ക് തുളസിയിലയും തുളസിമാലയും ഒഴിച്ചുകൂടാനാവാത്ത പൂജാപുഷ്പങ്ങളായി തീർന്നു. ശ്രീകൃഷ്‌ണാവതാരത്തിനു ശേഷം ശ്രീകൃഷ്‌ണ പൂജക്കും തുളസിയിലയും തുളസിമാലയും ഒഴിച്ചുകൂടാനാവാത്ത പൂജാ ഇനങ്ങളായി തീർന്നു.

കുശധ്വജന്റെ പുത്രിയായി ജനിച്ച ദേവവതിക്ക് മഹാവിഷ്‌ണു തന്റെ ഭർത്താവായി വരണമെന്ന് ആഗ്രഹിച്ച് അവൾ നിത്യം വിഷ്‌ണു പൂജ ചെയ്‌തുപോന്നു. അവർ വളർന്ന് യൗവനത്തിലെത്തിയ ഒരുനാൾ ശംഭു എന്ന ഒരസുരൻ കുശധ്വജന്റെ കൊട്ടാരത്തിൽ വന്നു. ദേവവതിയെ കണ്ട ശംഭു മകളെ തനിക്ക് വിവാഹം കഴിച്ചു തരണമെന്ന് കുശധ്വജനോട് അപേക്ഷിച്ചു. എന്നാൽ പുത്രിയുടെ തീരുമാനം അനുകൂലമല്ലാത്തതിനാൽ ശംഭുവിന്റെ അപേക്ഷ കുശധ്വജൻ നിരസിച്ചു. നിരാശനായ ശംഭു അന്നേരം അവിടെ നിന്നും പോയെങ്കിലും രാത്രിയിൽ കൊട്ടാരത്തിൽ അതിക്രമിച്ചു കടന്ന് കുശധ്വജനെ വധിച്ചു. പിതാവിന്റെ മുറിയിൽ നിന്നും അസാധാരണമായ ചിലശബ്‌ദം കേട്ട ദേവവതി ഓടി പിതാവിന്റെ മുറിയിൽ എത്തിയപ്പോൾ ആയുധവുമായി നിൽക്കുന്ന ശംഭുവിനെയും രക്തത്തിൽ കുളിച്ചു കിടക്കുന്ന പിതാവിനെയുമാണ് കണ്ടത്. ദേവവതിയുടെ രോഷാഗ്നിയിൽ ശംഭു ഭസ്‌മമായി. പിതാവിനെ നഷ്ടമായ ദേവവതി തന്റെ മുൻ തീരുമാനത്തിൽ നിന്നും പിന്മാറിയില്ല. എന്നാൽ വിഷ്‌ണു പൂജ, വിഷ്‌ണുവിനെ ധ്യാനിച്ചുകൊണ്ടുള്ള തപസായി മാറി. മിഥിലയുടെ ശാന്തമായ ഒരു കാനന പ്രദേശത്ത് വിഷ്‌ണുവിനെ ധ്യാനിച്ച് അവൾ തപസ് തുടങ്ങി.