വാഷിംഗ്ടൺ: ഏതൊരു പുരുഷന്റെ ഉയർച്ചയ്ക്കുപിന്നിലും ഒരു സ്ത്രീ ഉണ്ടാവും. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാര്യത്തിൽ ഈ ചൊല്ല് അക്ഷരംപ്രതി ശരിയാണ്. ആദ്യ ഭാര്യയുടെയും മകളുടെയും മരണത്തെത്തുടർന്ന് ഒരുവേള ജീവിതം തന്നെ തകർന്നുപോകുന്ന ഘട്ടത്തിൽ നിന്ന് അദ്ദേഹത്തെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് ഇപ്പോഴത്തെ ഭാര്യയായ ജിൽ ബൈഡനാണ്. അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് എത്താൻ ജോബൈഡന് കഴിഞ്ഞതിനുപിന്നിൽ ജില്ലിന്റെ പ്രോത്സാഹനത്തിനും മാർഗനിർദ്ദേശത്തിനും ചെറുതല്ലാത്ത പങ്കാണുളളത്. ഇത് തുറന്നുസമ്മതിക്കാൻ ജോബൈഡന് മടിയില്ല. അധികം വൈകാതെ അമേരിക്കയുടെ പ്രഥമ വനിതയായി അവരോധിക്കപ്പെടുമെങ്കിലും അതിലൊന്നിലും ജില്ലിന് താത്പര്യമേയില്ല. തന്റെ ജോലിയായ അദ്ധ്യാപനത്തിൽ മുഴുകിക്കഴിയാനാണ് അവർക്ക് താത്പര്യം.
ചെറുപ്പത്തിലേ പഠിക്കാൻ മിടുക്കിയായിരുന്നു ജിൽ. ന്യൂജഴ്സിലായിരുന്നു ജനനം. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ബാങ്ക് ജീവനക്കാരനായ പിതാവ് കുടുംബവുമായി പെൻസിൽവാനിയയിലേക്ക് താമസം മാറ്റി. ജില്ലിന്റെ തുടർന്നുളള ജീവിതം പെൻസിൽ വാനിയയിലായിരുന്നു. അഞ്ചുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു ജിൽ . 1969ൽ ഹൈസ്കൂൾ പഠനത്തിനുശേഷം ഫാഷൻടെക്നോളി പഠിക്കാൻ തുടങ്ങി. അധികം വൈകാതെ ഫാഷൻ തനിക്ക് പറ്റിയ പണിയല്ലെന്ന് ജിൽ തിരിച്ചറിഞ്ഞു. തുടർന്നാണ് ഇംഗ്ളീഷ് ഭാഷയും സാഹിത്യവും പഠിക്കാൻ തുടങ്ങിയത്.
ഇതിനിടെ 1970 ഫെബ്രുവരിയിൽ കൂട്ടുകാരനായ ബിൽ സ്റ്റീവൻസണ്ണിനെ വിവാഹം കഴിച്ചു. പക്ഷേ, ബന്ധം അധികനാൾ നീണ്ടുനിന്നില്ല. ഇരുവരും വിവാഹമോചിതരായി. അതിനുശേഷമാണ് ജോ ബൈഡനെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. ജോ ബൈഡന്റെ ഒരു സഹോദരൻ ഒരുക്കിയ ഡേറ്റിംഗ് പാർട്ടിയിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സമയം അമേരിക്കൻ സെനറ്ററായിരുന്നു ബൈഡൻ. അമ്മയില്ലാത്ത കുട്ടികളുടെ ദുഖമാണ് തന്നെ ബൈഡനുമായി കൂടുതൽ അടുപ്പിച്ചതെന്ന് ജിൽ ഒരിക്കൽ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ സമ്മതമാണോ എന്ന ബൈഡൻ ചോദിച്ചതോടെ ജിൽ സമ്മതം മൂളി. അങ്ങനെ 1977 ജൂൺ 17ന് ന്യൂയോർക്കിൽ വച്ച് ഇരുവരും വിവാഹിതരായി. 1981ൽ ബൈഡന്റെ കുഞ്ഞിന് ജിൽ ജന്മം നൽകി.
അദ്ധ്യാപനമാണ് തനിക്ക് പറ്റിയ പണിയെന്ന് വ്യക്തമായ മനസിലാക്കിയ ജിൽ 1975ൽ പ്രദേശിക പബ്ളിക് സ്കൂളിൽ അദ്ധ്യാപികയായി ജോലിതുടങ്ങി. തുടർന്ന് കോളേജുകളിലും അദ്ധ്യാപികയായി. ഇതിനിടയിലും പഠനം തുടർന്നുകൊണ്ടേയിരുന്നു. 2007ൽ വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് എടുക്കുകയും ചെയ്തു.
അദ്ധ്യാപനം കഴിഞ്ഞാൽ ജില്ലിന് ഇഷ്ടം സ്പോർട്സിനോടാണ്. വ്യക്തമായിപ്പറഞ്ഞാൽ ഓട്ടത്തിനോട്. നിരവധി ഓട്ടമത്സരങ്ങളിലും ജിൽ പങ്കെടുത്തിട്ടുണ്ടത്രേ. സമ്മാനവും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഓട്ടത്തിൽ ഒരു കൈ നോക്കാൻ ജിൽ റെഡി. വ്യായാമത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് ജിൽ ഒരുക്കമല്ല. പത്തുമിനുട്ടുകൊണ്ട് മൂന്നുകിലോമീറ്റർവരെ ഓടിയിട്ടുണ്ടത്രേ. വയസ് 69 ആയെങ്കിലും ഇപ്പോഴും യുവത്വത്തിന്റെ പ്രസരിപ്പ് നിലനിറുത്താൻ നിത്യേനയുളള വ്യായാമം സഹായിക്കുന്നുണ്ടെന്നാണ് ജില്ലിന്റെ അഭിപ്രായം. ചാരിറ്റി പ്രവർത്തനങ്ങൾക്കുളള ധനശേഖരണത്തിനുവേണ്ടിയുളള നിരവധി കൂട്ടയോട്ട മത്സരങ്ങളിലും ജിൽ പങ്കെടുത്തിട്ടുണ്ട്. ബൈഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോഴും ഇത്തരത്തിലുളള കൂട്ടയോട്ടങ്ങളിൽ ജിൽ പങ്കെടുത്തിട്ടുണ്ട്. ഓട്ടത്തിന് ഒരു പ്രത്യേക രസവും സുഖവും ഉണ്ടെന്നാണ് ജിൽ പറയുന്നത്.
പട്ടാളക്കാരോട് വല്ലാത്തൊരു ഇഷ്ടമാണ് ജില്ലിന്. പട്ടാളക്കാർക്കും അവരുടെ കുടുംബത്തിനും കഴിവിന്റെ പരമാവധി സഹായങ്ങൾ ചെയ്യാൻ ജിൽ ഒരുക്കമാണ്. ബൈഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോൾ ജില്ലിന്റെ ഈ സ്നേഹം പട്ടാളക്കാർ നേരിട്ട് അറിഞ്ഞതാണ്.
രാജ്യത്തെ പ്രഥമവനിതയായി വൈറ്റ് ഹൗസിലേക്ക് താമസം മാറ്റുമെങ്കിൽ തന്റെ ദിനചര്യകളിലും ജീവിത രീതികളിലും ഒരു മാറ്റവും ഉണ്ടാവില്ലെന്നാണ് ജിൽ വ്യക്തമാക്കുന്നത്. കഴിയുന്നത്ര സമയം അദ്ധ്യാപികയായി ജോലിചെയ്യാൻ തന്നെയാണ് തീരുമാനം.