പ്രതിരോധശേഷി വർദ്ധിപ്പിക്കണം, ഈ കൊവിഡ് കാലത്ത് ഏറ്റവുമധികം കേൾക്കുന്ന ഉപദേശം ഇതായിരിക്കും. ശരീരം ശരീരം ചെറുതായി തുടങ്ങുമ്പോഴോ, ജലദോഷത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോഴോ പിന്നെ ഇഞ്ചി, നാരങ്ങ, വെളുത്തുള്ളി, ചൂട് വെള്ളം ഒക്കെ തേടിപ്പോകലാണ് നമ്മുടെ പരിപാടി. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നവയുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ഇടം നേടിയ കക്ഷി നെല്ലിക്കയാണെന്ന കാര്യവും നമ്മൾ കൂടുതലായി തിരിച്ചറിഞ്ഞതും ഈ കാലത്താണ്. ചെറിയൊരു കയ്‌പ്പ് ഉണ്ടെങ്കിലും അൽപ്പം ഉപ്പും കൂട്ടി കഴിക്കുമ്പോൾ ഉള്ളിലൂറുന്ന നെല്ലിക്കയുടെ സ്വാദ് ഒന്നു വേറേ തന്നെയല്ലേ. ആരോഗ്യകാര്യമായാലും സൗന്ദര്യകാര്യമായാലും നെല്ലിക്കയെ മാറ്റി നിറുത്തുന്നതിനെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ യുവത്വം നിലനിറുത്താനും നെല്ലിക്ക കേമനാണ്.
അമൃതിന്റെ തുള്ളി
ഇന്ത്യൻ ചികിത്സാ ശാസ്ത്രങ്ങളിൽ വളരെ അധികം പരാമർശിക്കപ്പെട്ടിട്ടുളളതാണ് നെല്ലിയും നെല്ലിക്കയും. ബി.സി 500ന് മുമ്പ് വിരചിതമായ ആയുർവേദഗ്രന്ഥമായ ചരകസംഹിതയിൽ നെല്ലിക്കയെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നുണ്ട്. യൂഫോർബേസിയേസി കുടുംബത്തിൽപ്പെടുന്ന നെല്ലിയുടെ ശാസ്ത്രനാമം 'ഫിലാന്തസ് എംബ്ലിക്ക' എന്നാണ്. അമൃതാ, ആമലകം, ധാത്രി, ധാത്രിക എന്നിങ്ങനെ നെല്ലിക്കയ്‌ക്ക് സംസ്‌കൃതത്തിൽ പേരുകളുണ്ട്. നെല്ലിയുടെ ഇല, തൊലി, തടി എന്നിവയെല്ലാം ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കാമെങ്കിലും പ്രധാന ഭാഗം ഫലമായ നെല്ലിക്ക തന്നെയാണ്. ആയുർവേദ പ്രകാരം വാതം, പിത്തം, കഫം ഇവ ബാലൻസ് ചെയ്യാൻ കഴിവുള്ള നെല്ലിക്കയിൽ ന്യൂട്രിയൻസ്, പോളിഫിനോൾ, വൈറ്റമിൻ, അയൺ എന്നിവയും ധാരാളമുണ്ട്.
ആയുർവേദ ഗ്രന്ഥങ്ങളിലെ രസായനാധികാരത്തിൽ ആദ്യം പറഞ്ഞിട്ടുള്ളത് നെല്ലിക്ക ചേർത്തിട്ടുള്ള ബ്രാഹ്മരസായനം തന്നെയാണ്. ആരോഗ്യസംരക്ഷണത്തിനും രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും ഉത്തമമായ ആഹാരവും ഔഷധവുമാണ് നെല്ലിക്ക. ചൂടാക്കുമ്പോഴും ദീർഘകാലം സംഭരിച്ചു വയ്‌ക്കുമ്പോഴും നഷ്‌ടപ്പെടാത്ത 'ജീവകം സി'യുടെ ഉറവിടം എന്ന പ്രത്യേകതയും നെല്ലിയ്‌ക്കയ്‌ക്കുണ്ട്. ജീവകം എയും ജീവകം ബിയും നെല്ലിക്കയിലുമുണ്ട് കൂടാതെ കാത്സ്യം, ഇരുമ്പ്, ഇലാജിക് ആസിഡ്, ഗാലിക് ആസിഡ്, ടാനിക് ആസിഡ് തുടങ്ങിയവയും നെല്ലിക്കയിലുണ്ട്.
എന്തുകൊണ്ട് നെല്ലിക്ക !
പ്രമേഹം നിയന്ത്രിക്കുന്നു
നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിക് ആസിഡ്, കോറിലാജിൻ എന്നിവ പ്രമേഹത്തെ തടയാൻ ഉത്തമമാണെന്ന് 2004 ൽ ഫുഡ് ആൻഡ് ഫംഗ്ഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്‌ക്കാനും ഇവയ്‌ക്കു സാധിക്കുന്നു. പ്രമേഹം മൂലം പിടിപെടാൻ സാദ്ധ്യതയുള്ള ഹൃദയരോഗങ്ങൾ, ഡയബറ്റിക് ന്യൂറോപ്പതി എന്നിവയുടെ ചികിത്സയ്‌ക്കായും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്.
ചീത്ത കൊളസ്‌ട്രോൾ കുറയ്‌ക്കുന്നു
ഉയർന്ന കൊളസ്‌ട്രോൾ മൂലം നിങ്ങൾ വിഷമിക്കുന്നുണ്ടെങ്കിൽ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കഴിച്ചാൽ മതിയാകും. ഇതിന് അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയും. മെനപ്പോസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് നെല്ലിക്ക ജ്യൂസ് ദിവസവും കുടിച്ചാൽ ചീത്ത കൊളസ്‌ട്രോളിന്റെ ലെവൽ കുറയുകയും നല്ല കൊളസ്‌ട്രോൾ ലെവൽ കൂടുകയും ചെയ്യുമെന്നാണ്.
പനിയും ജലദോഷവും ശമിപ്പിക്കുന്നു
നെല്ലിക്കയിലുള്ള മെഡിസിനൽ തെറാപ്പി ഗുണങ്ങൾ പനി, ജലദോഷം പോലുള്ള രോഗങ്ങൾ ശമിപ്പിക്കാൻ ഉത്തമമാണ്.
കാൻസർ പ്രതിരോധിക്കുന്നു
കാൻസറിനെ പ്രതിരോധിക്കാനുള്ള കീമോ പ്രിവന്റീവ് എഫക്‌ട് നെല്ലിക്കയ്‌ക്കുണ്ട്. ഇവയിലുള്ള ആന്റി ഓക്‌സിഡന്റുകളും ആന്റിമ്യൂട്ടാജെനിക്കുകളും അർബുദ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കുന്നു.
വായിലെ അൾസർ ശമിപ്പിക്കുന്നു
ഇടയ്‌ക്കിടെ വായ്‌ക്കകത്ത് ഉണ്ടാകാൻ സാദ്ധ്യതയുള്ള അൾസറിനെ ശമിപ്പിക്കാനുള്ള ശേഷി നെല്ലിക്കയ്‌ക്കുണ്ട്. ഇവയിലുള്ള ആന്റി ഓക്‌സിഡന്റുകളും തെറാപ്യൂട്ടിക് ഘടകങ്ങളുമാണ് അൾസറിന് ശമനം ഉണ്ടാക്കുന്നത്.
ലൈഗികജീവിതം സന്തോഷകരമാക്കുന്നു
സംയോഗാസക്തിയുണ്ടാക്കുന്ന ഫലം കൂടി നെല്ലിക്ക തരുന്നു. ഇതിലുള്ള വൈറ്റമിൻ സി പുരുഷൻമാരിലെ ബീജ ഉൽപ്പാദനം കൂട്ടുകയും ലൈംഗിക ഉണർവ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്ത്രീകളിലെ ലൈംഗിക ശക്തി കൂട്ടുന്നതിനും ഇത് ഉത്തമമത്രേ.
ഇടതൂർന്ന കറുത്ത മുടിയിഴകൾക്ക്
നെല്ലിക്കയിലുള്ള വൈറ്റമിൻ സിയും ആന്റിഓക്‌സിഡന്റുകളും ഇടതൂർന്ന കറുത്ത മുടിയിഴകൾ സ്വന്തമാക്കാൻ സഹായിക്കും. ദിവസവും നെല്ലിക്ക കഴിക്കുകയോ അല്ലെങ്കിൽ ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യുന്നത് മുടിയിഴകളുടെ ആരോഗ്യത്തിനും ഉത്തമമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡേറ്റീവ് ഘടകങ്ങൾ ചർമകാന്തി വർദ്ധിപ്പിക്കുകയും പ്രായമായകുന്നതിന്റെ ലക്ഷണങ്ങൾ അകറ്റുകയും ചെയ്യും.
കാഴ്‌ചശക്തി മെച്ചപ്പെടുത്തുന്നു
നെല്ലിക്കയിലെ കരോട്ടിൻ കാഴ്‌ച ശക്തി മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തിമിരപ്രശ്‌നം, ഇൻട്രാക്യുലർ ടെൻഷൻ എന്നിവ കുറയ്‌ക്കുന്നതിനും അതുപോലെ തന്നെ ചുവപ്പ്, ചൊറിച്ചിൽ എന്നിവ തടയുന്നതിനും നെല്ലിക്കയ്‌ക്ക് കഴിവുണ്ട്. നെല്ലിക്കയുടെ ദൈനംദിന ഉപഭോഗം മൊത്തത്തിലുള്ള കണ്ണിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
അമിതമായാൽ
എന്നാൽ മറ്റു മരുന്നുകൾക്കൊപ്പം നെല്ലിക്ക നീര് അമിതമായി ഉപയോഗിച്ചാൽ രക്തത്തിലെ പഞ്ചസാര ക്രമാതീതമായി കുറയുന്നതായി കണ്ടുവരുന്നു. അതിനാൽ പ്രമേഹത്തിനു മരുന്നു കഴിക്കുന്നവർ നെല്ലിക്കയുടെ അമിത ഉപയോഗം ഒഴിവാക്കണം. മുറിവുകളിൽ നിന്ന് രക്തം വാർന്നു പോകുന്നതു കൂടാനും നെല്ലിക്കയുടെ അമിത ഉപയോഗം കാരണമാകുന്നു. അതിനാൽ ബ്ലീഡിംഗ് ഡിസോർഡർ ഉള്ളവരും ശസ്ത്രക്രിയ കഴിഞ്ഞവരും നെല്ലിക്ക ഉപയോഗം കുറയ്‌ക്കുന്നതാണ് ഉത്തമം.
മലബന്ധം കുറയ്‌ക്കാൻ നെല്ലിക്ക ഉത്തമമാണെങ്കിലും അമിത ഉപയോഗം അതു കൂടുന്നതിനോ വയറിളക്കത്തിനോ കാരണമാകാം. നെല്ലിക്കയുടെ അമിത ഉപയോഗം ഗർഭിണികളിലും കുട്ടികളിലും വയറുവേദന, ഛർദ്ദി, വയറിളക്കം, നിർജലീകരണം എന്നിവയ്‌ക്കു കാരണമാകുന്നുണ്ട്. ഹൃദയസംബന്ധമായ രോഗം ഉള‌്ളവർ ഡോക്‌ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശപ്രകാരം വേണം നെല്ലിക്ക ഉപയോഗിക്കാൻ. 20–30 മില്ലി നെല്ലിക്കാ നീര് ഒരു ഗ്ലാസ് വെള്ളത്തിൽ ഒഴിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം.
അടിപൊളി നെല്ലിക്ക ജ്യൂസുകൾ
നെല്ലിക്ക കൊണ്ട് വിവിധ ജ്യൂസുകളുണ്ടാക്കാം. ചേരുവകളെല്ലാം ചേർത്ത് ജ്യൂസറിലടിച്ച് പാകത്തിനു മധുരവും ചേർത്താൽ രുചിയും ഔഷധഗുണവുമുളള പാനീയങ്ങളായി.
കൃഷി ചെയ്യുമ്പോൾ
വരണ്ട കാലാവസ്ഥയും നല്ല സൂര്യപ്രകാശവും ലഭിക്കുന്ന പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യം. വിത്തിൽ നിന്നോ കായികപ്രജനനം ( ഗ്രാഫ്റ്റിംഗ്, ബഡിംഗ് ) വഴി തയാറാക്കിയ തൈകളോ ഉപയോഗിച്ചു മെയ് – ജൂൺ മാസങ്ങളിൽ നടാം.