v

ആശ്രമത്തിന്റെ സമീപത്ത് യുദ്ധ സന്നദ്ധനായി നിൽക്കുകയാണ് ശ്രീരാമൻ. ഇടതുകൈയിൽ കുലച്ച വില്ലും. വലം കൈയിൽ ശരം. അതുകണ്ട് ഖരൻ സാരഥിയോട് കല്‌പിച്ചു: രഥം അങ്ങോട്ട് തെളിക്കുക. ഖരന്റെ ആജ്ഞകേട്ട സാരഥി ഖരന്റെ തേര് ശ്രീരാമന്റെ സമീപമെത്തിച്ചു. നക്ഷത്രസമൂഹത്തിനിടയിൽ ചൊവ്വ എന്നപോലെ രാക്ഷസസേനയുടെ നടുവിൽ ഖരൻ കാണപ്പെട്ടു. ശ്രീരാമനെ ദർശിച്ചനേരം കോപവും അമർഷവും സഹിക്കാനാകാതെ ഖരൻ ആയിരക്കണക്കിന് ശരങ്ങൾ തൊടുത്തു. ആർക്കും ജയിക്കാനോ അടുക്കാനോ കഴിയാത്തവിധം ശക്തിമാനും വീരനുമായ രാമന്റെ നേർക്ക് പലവിധ ആയുധങ്ങൾ രാക്ഷസരാജൻ പ്രയോഗിച്ചു.

ആർത്തട്ടഹസിക്കുന്നവരും അഹങ്കാരമൂർത്തികളുമായ രാക്ഷസന്മാരുടെ വീമ്പിളക്കൽ അസഹ്യമായിരുന്നു. ആന, തേര്, കുതിര എന്നിവയുടെ പുറത്തെത്തിയ രാക്ഷസപ്പട ശ്രീരാമനെ കഷണങ്ങളാക്കുമെന്ന് ആക്രോശിച്ചുകൊണ്ട് ശരങ്ങൾ വർഷിച്ചു. മലമേലെ മുകിൽ നിരകൾ മഴചൊരിയും പോലെ ഇടമുറിയാതെയായിരുന്നു ആ ശരവർഷം. പാഞ്ഞുവരുന്ന നദികളെ മഹാസാഗരമെന്നപോലെ രാക്ഷസശരവർഷം ശ്രീരാമൻ തടുത്തു. ചില ശരങ്ങളേറ്റ് മുറിവേറ്റിട്ടും യാതൊരു കൂസലുമുണ്ടായില്ല. പർവതത്തിന്റെ മിന്നൽപ്പിണർ തട്ടിയപോലെ ശരീരമാസകലം മുറിഞ്ഞ രഘുരാമൻ സന്ധ്യാവേളയിൽ മേഘങ്ങളാൽ ചുറ്റപ്പെട്ട ആദിത്യനെപ്പോലെ തോന്നിച്ചു. അനേകായിരം രാക്ഷസന്മാർ ഒന്നിച്ച് ശ്രീരാമനോട് യുദ്ധം ചെയ്യുന്നത് കണ്ട് ദേവന്മാർ ദുഃഖിച്ചു. ഒരു ഭാവഭേദവുമില്ലാതെ പോരാട്ടം തുടർന്ന രാമന്റെ കണ്ണുകൾ കോപം കൊണ്ട് ചുമന്നു. നിസംഗനായി, ശാന്തനായി ഒരു ആക്രോശവുമില്ലാതെയാണ് രാമൻ ശരങ്ങൾ തൊടുത്തത്. എന്നാൽ അവ ചെന്ന് കൊണ്ടത് അതിശക്തമായിട്ടായിരുന്നു. കാലപാശം വരിഞ്ഞുമുറുക്കിയ പോലെ രാക്ഷസന്മാർ നിലംപതിക്കാൻ തുടങ്ങി.

രാക്ഷസന്മാരുടെ ശരീരം പിളർന്ന് ചോരപുരണ്ട് രാമനയച്ച ശരങ്ങൾ ആകാശത്ത് വിളങ്ങി. രാമൻ തൊടുത്ത അമ്പുകൾ രാക്ഷസപ്രാണനെടുക്കുന്നതായിരുന്നു. രാക്ഷസന്മാരുടെ പടച്ചട്ടകളും ശരീരഭാഗങ്ങളും ശിരസുകളും പടക്കളത്തിൽ ചിന്നിച്ചിതറി. പാപ്പാന്മാരോടുകൂടിയ ആനകളും, പടയാളിയോടുകൂടിയ കുതിരകളും അടർക്കളത്തിൽ നിറഞ്ഞു. ജീവനറ്റ കാലാൾപ്പടകളുടെ വലിയൊരു നിര. രാമശരമേറ്റ് പുളഞ്ഞ രാക്ഷസവീരന്മാർ ദയനീയമായി നിലവിളിച്ചു. കാടിന് തീപിടിച്ച പോലെയായി കൂരമ്പുകൾ തറച്ച രാക്ഷസപ്പടയുടെ അവസ്ഥ.

ശൂലം, വാൾ, മഴു തുടങ്ങിയ ആയുധങ്ങൾ പ്രയോഗിച്ച രാക്ഷസന്മാരെ രാമശരങ്ങൾ കാലപുരിക്ക് അയച്ചു. ഗരുഡന്റെ ചിറകടിയിൽ നിലംപതിച്ച മരങ്ങൾപോലെ രാക്ഷസജഡങ്ങൾ കാണപ്പെട്ടു. രാമശരവർഷത്തിൽ തളർന്ന രാക്ഷസന്മാർ പേടിച്ച് വിറച്ച് ഖരന്റെ സമീപത്തേക്ക് പലായനം ചെയ്തു. അവരെ സാന്ത്വനിപ്പിച്ചശേഷം സേനാനായകനായ ദൂഷണൻ കോപാകുലനായ രാഘവന്റെ മുന്നിലെത്തി തളർച്ചമാറിയപ്പോൾ രാക്ഷസപ്പട കരിമ്പന, പാറക്കല്ലുകൾ, മുൾത്തടികൾ, കല്ലുകൾ എന്നിവ ശ്രീരാമനു നേർക്ക് വർഷിച്ചു. ആയിരക്കണക്കിന് രാക്ഷസന്മാർ ഒരുഭാഗത്തും ശ്രീരാമൻ ഒറ്റയ്‌ക്കുമായി നടന്ന ആ യുദ്ധം ആരെയും വിസ്‌മയിപ്പിക്കുന്നതായിരുന്നു.

ദിക്കുകളാകെ ശരമാരിയാൽ നിറഞ്ഞു. പിന്നെ ശ്രീരാമൻ സിഹംനാദം മുഴക്കി ഗാന്ധർവാസ്ത്രം പ്രയോഗിച്ചു. ആ സമയം പത്തുദിക്കുകളും മറഞ്ഞു. ആകാശത്ത് അണിനിരന്ന ദേവന്മാരും ഗന്ധർവന്മാരും അതിശയം പൂണ്ടു. ശ്രീരാമൻ ശരമെടുക്കുന്നതും തൊടുക്കുന്നതും വിടുന്നതുമൊന്നും അവർക്ക് വ്യക്തമായി കാണാനായില്ല.

രാക്ഷസന്മാർ രാമശരമേറ്റ് വീണു കൊണ്ടിരുന്നു. ആയിരങ്ങൾ കൊല്ലപ്പെടുന്നു. ആശ്രമപരിസരം രാക്ഷസജ‌ഡങ്ങളാൽ നിറഞ്ഞു. തലപ്പാവുകൾ, ശിരസുകൾ, വളകളണിഞ്ഞ കരങ്ങൾ, മുറിവേറ്റു വിളിക്കുന്ന കുതിരകളും മദയാനകളും മറ്റൊരു ഭാഗത്ത് ആലവട്ടങ്ങളും വെൺചാമരങ്ങളും ചിതറിക്കിടക്കുന്നു. പാറക്കല്ലുകൾ പൊടിഞ്ഞു മണൽത്തരികളായിരിക്കുന്നു. ശ്രീരാമന്റെ ശരവർഷം എല്ലാരീതിയിലും പടക്കളത്തെ പേടിപ്പെടുത്തുന്നതായി മാറ്റി. എല്ലാം ദർശിച്ച് അതിശയത്തോടെ അംബരതലത്തിലെ ദേവന്മാർ പരസ്‌പരം നോക്കി.

(ഫോൺ: 9946108220)