ഇത്തിരിക്കുഞ്ഞൻ കാന്താരിക്ക് ഒരു നാടിന്റെ തലവര മാറ്റാനുള്ള പവറുണ്ടോ? തീർച്ചയായും, സംശയമുണ്ടെങ്കിൽ കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ കണമല എന്ന ഗ്രാമത്തിലെത്തിയാൽ മതി. കർഷകരുടെ കണ്ണീർത്തുടച്ച് ഒരു നാടിന്റെ തലവര മാറ്റിയ നമ്മുടെ സ്വന്തം കാന്താരിയുടെ വിശേഷങ്ങളറിയുമ്പോൾ നന്നായി ഞെട്ടും. കേരളത്തിന് മാതൃകയായി ഒരു സഹകരണ ബാങ്ക് കാന്താരിയുമായിറങ്ങിയപ്പോൾ കർഷകമുഖങ്ങളെല്ലാം പുഞ്ചിരിയാൽ സമൃദ്ധമാണിപ്പോൾ. സംഗതി പരീക്ഷിച്ച് വിജയിച്ചതാണ്. എരുമേലി പഞ്ചായത്തിലെ കണമലയെന്ന കൊച്ചുഗ്രാമം ഇപ്പോൾ കാന്താരിയുടെ സ്വന്തം നാട് കൂടിയാണ്. കാന്താരി മുളക് വിറ്റ് കീശനിറയ്ക്കുന്ന കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ ഇവിടെയുണ്ട്. ചുരുങ്ങിയ നാളുകൾക്കൊണ്ട് 2000 കിലോയിലേറെ കാന്താരി ശേഖരിച്ച് വിറ്റുകഴിഞ്ഞു. കാന്താരിത്തൈകൾ വളർത്തിവിറ്റ് ലക്ഷപ്രഭുവായ എം.സി.എക്കാരനുമുണ്ട് കണമലയിൽ.ഇച്ഛാശക്തിയും ദീർഘവീക്ഷണവും നവീനാശയങ്ങളുമുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാമെന്നതിന് ഉദാഹരണം കൂടിയാണ് കണമല. പമ്പയാറിന്റെ തണലും തണുപ്പുമേറ്റുറങ്ങുന്ന നാട്. എരുമേലി പഞ്ചായത്തിന്റെ അതിർത്തി. ശബരിമലയിലേയ്ക്കുള്ള കവാടമൊരുക്കുന്നതും കണമലയാണ്. കണമല സഹകരണ ബാങ്ക് ആരംഭിച്ച കാന്താരി വിപ്ളവമെന്ന പദ്ധതിയാണ് ഒരു നാടിന് മുഴുവൻ ദിശാബോധമേകിയത്.
അറിയാം കണമലയിലെ കാന്താരി വിപ്ളവം
റബറിന് വിലയില്ല. കപ്പയും വാഴയുമെല്ലാം കാട്ടുമൃഗങ്ങൾ കൊണ്ടുപോകും. കാട്ടുപന്നിയും കുരങ്ങും മലയണ്ണാനും തുടങ്ങി കുറുക്കനും ആനയും വരെ സ്വൈര്യ വിഹാരം നടത്തുന്നിടമാണ് കണമല. എന്ത് നട്ടുവളർത്തിയാലും കർഷകന് പ്രയോജനപ്പെടില്ല. കപ്പയുടെ മൂടും ചേമ്പിന്റെ പാതിയും ചേനയുടെ തണ്ടുംമാത്രമേ പലപ്പോഴും മിച്ചംകാണൂ. കർഷകരുടെ കണ്ണീർക്കണ്ട് മടുത്ത ബാങ്ക് ഭാരവാഹികൾ ആരംഭിച്ച പദ്ധതിയാണ് 'കാന്താരി വിപ്ലവം'. എന്തായാലും കണമലയിൽ കാന്താരിക്ക് എരിവല്ല, സന്തോഷത്തിന്റെ മധുരമാണ് ഇപ്പോഴുള്ളത്.
തൊടിയിലും പറമ്പിലും വിളഞ്ഞു പഴുത്ത് നിൽക്കുന്ന കാന്താരി കൊണ്ടുവാ ഞങ്ങളെടുത്തോളാം എന്ന് പറഞ്ഞ് കർഷകർക്ക് ആത്മവിശ്വാസം നൽകുകയായിരുന്നു ആദ്യം. 'കാന്താരി വിപ്ലവമെന്ന ' പേരിൽ ആരംഭിച്ച പദ്ധതി പ്രകാരം തറവിലയും നിശ്ചയിച്ചു. പച്ചക്കാന്താരിക്ക് കിലോയ്ക്ക് 250. പഴുത്തതെങ്കിൽ 150. ഒരു കിലോ റബറിന് 120 രൂപ പോലും കിട്ടാത്ത മലയോര വാസികൾക്കിത് ജീവശ്വാസമായി. കാന്താരി ശേഖരിച്ച ആദ്യ ദിവസം സഹകരണ ബാങ്ക് ശാഖയിൽ എത്തിയത് 103 കിലോ കാന്താരി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അത് 50 കിലോയായി. അഞ്ചു ഘട്ടമായി 2500 കിലോയോളം കാന്താരിയാണ് കണമലയിൽ നിന്ന് കയറിപ്പോയത്. കർഷകരായ ഗൃഹനാഥൻമാർ മാത്രമല്ല പിള്ളേരും വീട്ടമ്മമാരുമൊക്കെ ആവേശത്തിലാണിപ്പോൾ. ദിവസവും പത്ത് മിനിറ്റ് മെനക്കെട്ടാൽ വട്ടച്ചെലവിനുള്ള പണം കണ്ടെത്താമെന്നതാണ് കുട്ടിക്കൂട്ടങ്ങളെ കാന്താരി കൃഷിയിലേയ്ക്ക് അടുപ്പിക്കുന്നത്. ബാങ്കിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്ന കാന്താരി തൃശൂരിലെ ചന്തയിലാണ് വിൽക്കുന്നത്. എത്ര വില കുറഞ്ഞാലും 250 രൂപ കർഷകന് ലഭിക്കും. വില കൂടിയാൽ ആ തുക അതേപടി നൽകും. ഒരു രൂപ പോലും ലാഭം പ്രതീക്ഷിക്കാതെയാണ് ബാങ്കിന്റെ പ്രവർത്തനം. അധികപരിചരണവും വളപ്രയോഗവും വേണ്ടെന്നതാണ് കണലയിലെ കാന്താരി വിപ്ളവം പദ്ധതി ഹിറ്റാകാനുള്ള പ്രധാന കാരണം. റബറിന് ഇടവിലയായിരുന്നു ആദ്യം കാന്താരി ഇപ്പോൾ റബർ വെട്ടിമാറ്റി കൃഷി തുടങ്ങിയവരുമേറെയുണ്ട്. കാട്ടുമൃഗങ്ങൾക്കൊന്നും കാന്താരി വേണ്ട. പഴുത്താൽ മാത്രമേ കിളികൊത്തൂ, അതിന് മുമ്പേ വിളവെടുക്കാം. വീട്ടുമുറ്റത്തും ടെറസിലും എവിടെയും കൃഷി ചെയ്യാം.
അരയേക്കറുണ്ടെങ്കിൽ നേടാം മാസം 30,000 രൂപ
അരയേക്കർ സ്ഥലമുണ്ടെങ്കിൽ മാസം 30,000 രൂപ സമ്പാദിക്കാമെന്നാണ് കണമലയിലെ കർഷകർ പറയുന്നത്. അരയേക്കറിൽ 1000 ചെടികൾ നടാം. രണ്ടാഴ്ച കൂടുമ്പോൾ കുറഞ്ഞത് 15,000 രൂപയുടെ കാന്താരി ലഭിക്കും. കാര്യമായ പരിചരണമൊന്നും വേണ്ട. വല്ലപ്പൊഴും ചാണകപ്പൊടിയും മറ്റും നൽകിയാൽ നല്ലത്. കാര്യമായ കായികാദ്ധ്വാനമില്ലാതെ മറ്റേത് കൃഷിയേക്കാളും ലാഭമുണ്ടാക്കാമെന്നതാണ് കാന്താരികൃഷിയുടെ പ്രത്യേകത. കാന്താരിക്ക് ഇപ്പോഴുള്ള മാർക്കറ്റ് തിരിച്ചറിഞ്ഞാണ് കർഷകർക്കൊപ്പം ബാങ്ക് നിൽക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ.ബിനോയ് ജോസ് പറയുന്നു.
''റബറിന് ഇടവിളയായാണ് ആദ്യം കാന്താരിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ റബർ മരങ്ങൾ വെട്ടിമാറ്റി കാന്താരി ചെടികൾ നടാനാണ് ബാങ്കിന് കീഴിലുള്ള ഫാർമേഴ്സ് ക്ലബുകളുടെ തീരുമാനം. തൃശൂർ ചന്തയിലാണ് കാന്താരി വിൽക്കുന്നത്. വിദേശരാജ്യങ്ങളിൽ നിന്നൊക്കെ വിവിധ കമ്പനികൾ കാന്താരി ഏറ്റെടുക്കാമെന്ന ഓഫറുമായി രംഗത്തു വന്നത് ഏറെ ആത്മവിശ്വാസം നൽകുന്നുണ്ട്.'' അദ്ദേഹം പറയുന്നു.
കാന്താരിത്തൈ വിറ്റ് കീശ നിറച്ചത് എം.സി.എക്കാരൻ
കണമലയിലെ കാന്താരികൃഷി സൂപ്പർ ഹിറ്റായപ്പോഴാണ് തൈകൾക്ക് ക്ഷാമം. എം.സി.എ കഴിഞ്ഞ് ജർമനിക്ക് പോകാൻ തയ്യാറായി നിന്ന എം.സി.എക്കാരൻ എബിൻ തൈകൾ മുളപ്പിച്ച് വിറ്റു തുടങ്ങി. രണ്ട് മാസം കൊണ്ട് 30,000 കാന്താരിത്തൈകൾ വിറ്റപ്പോൾ കിട്ടിയത് ഒന്നരലക്ഷത്തോളം രൂപ. ഇപ്പോൾ ഒരു ലക്ഷത്തോളം തൈകളുടെ ഓർഡറും എബിനെ തേടിയെത്തി. തൈ ഒന്നിന് അഞ്ച് രൂപയിട്ടാണ് വിൽപ്പന. പഠനം കഴിഞ്ഞ് കൊച്ചിയിൽ ജോലി ചെയ്തിരുന്ന എബിന് ജർമ്മനിയിൽ നിന്ന് ഓഫർ വന്നു. തുടർന്ന് ജോലി രാജിവച്ച് ജർമ്മനിക്ക് പോകാൻ തുടങ്ങുമ്പോഴാണ് വില്ലനായി കൊവിഡ് വന്നത്. ലോക്ക് ഡൗണിൽ വീട്ടിൽ ഇരിക്കുമ്പോൾ ഒരു വരുമാന മാർഗം കണ്ടെത്തണമെന്ന് തോന്നി. ആ സമയത്താണ് കണമല സർവീസ് സഹകരണ ബാങ്കിൽ കാന്താരികൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി തുടങ്ങിയത്. 250 രൂപ തറവിലയിൽ സഹകരണ ബാങ്ക് കാന്താരി മുളകുകൾ ഏറ്റെടുത്തപ്പോൾ വളർത്താൻ ആവശ്യക്കാരേറി. ആവശ്യമുള്ളവർക്കെല്ലാം കാന്താരിത്തൈകൾ വളർത്തി നൽകിക്കൂടേയെന്ന ആശയം മുളപൊട്ടിയ എബിൻ പതിയെ അതിനുള്ള പരിശ്രമത്തിലായി. കണമല സഹകരണ ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ അവരും പ്രോത്സാഹിപ്പിച്ചു. ആദ്യം നാട്ടിലുള്ളവരുടെ ആവശ്യത്തിന് അനുസരിച്ച് തൈകൾ നൽകി. മറ്റ് ജില്ലകളിൽ നിന്ന് കൂടി ആവശ്യക്കാരുടെ വിളിയെത്തിയതോടെ എബിന് നിന്ന് തിരിയാൻ സമയമില്ലാതായി. അച്ഛൻ തോമസും, അമ്മ ജെസിയും, സഹോദരി എയ്ഞ്ചലും ബന്ധു മോളിയുമൊക്കെ ഒപ്പം കൂടിയതോടെ ബിസിനസ് ഉഷാറായി.
വീട്ടിൽ തൈകൾ പാകി കിളിർപ്പിച്ച് ചെറിയ കവറുകളിലാക്കി വിൽക്കാൻ തുടങ്ങി. അടൂർ, വെഞ്ഞാറമൂട് , തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡറുകളെത്തി.സഹകരണ ബാങ്കുകാരും വിവിധ സംഘടനകളുമൊക്കെയാണ് ആവശ്യക്കാർ. ആവശ്യത്തിനനുസരിച്ച് തൈ ഒരുമിച്ച് നൽകാനില്ലാത്തതിനാൽ പ്രതിമാസം നിശ്ചിതയെണ്ണം ആവശ്യക്കാർക്ക് വീതം വച്ച് നൽകുകയാണിപ്പോൾ.
കാന്താരി പാകൽ
പഴുത്ത കാന്താരിയിൽ നിന്ന് അരി വേർതിരിച്ച് നന്നായി കഴുകും. ഡിഷിൽ നനച്ച മണ്ണിൽ ചാണകപ്പൊടിയും ചേർത്ത് വിത്തിട്ടാൽ 10 ദിവസത്തിനുള്ളിൽ മുള പൊട്ടും. അഞ്ച് ദിവിസത്തിനുള്ളിൽ മണ്ണും ചാണകപ്പൊടിയും നിറച്ച കൂടയിലേക്ക് തൈ പറിച്ചു നടാം. 35 ദിവസത്തോളം കൈക്കുഞ്ഞിനെപ്പോലെ പരിപാലിച്ച ശേഷം ആവശ്യക്കാർക്ക് കൈമാറും.
എബിനും കുടുംബവും 'കാന്താരി വിപ്ളവം' പദ്ധതിയുടെ ഗുണഭോക്താവ് കൂടിയാണ്. പറമ്പിൽ കായ്ച്ച് കിടക്കുന്ന കാന്താരി മുളക് വിൽക്കുകയായിരുന്നു ആദ്യം. ഇപ്പോൾ വിത്തിന് വേണ്ടി പഴുപ്പിച്ചെടുക്കുകയാണ്. പ്രതിസന്ധികളെ അവസരമാക്കിയാൽ നമുക്ക് ജീവിക്കാൻ ഒരു പ്രയാസവുമില്ലെന്ന് എബിന്റെ അനുഭവ സാക്ഷ്യം. '' കൃഷിയോട് അൽപ്പം താത്പര്യവും സ്നേഹവുമൊക്കെയുണ്ടെങ്കിൽ എല്ലുമുറിയെ പണിയാതെ കൈയിൽ പണമെത്തിക്കും കാന്താരി. കണമലയിലെ കാന്താരി വിപ്ളവം പദ്ധതി ഹിറ്റായപ്പോൾ മറ്റ് ജില്ലകളിൽ നിന്നൊക്കെ കൃഷിക്കായി തൈ തേടി വിളിക്കുകയാണ്. ആവശ്യത്തിന് അനുസരിച്ച് കൊടുക്കാൻ പറ്റുന്നില്ല എന്നത് മാത്രമാണ് പ്രശ്നം'' എബിൻ പറയുന്നു.