sherpa

ശ്രീനഗർ : പുൽവാമയിൽ സി ആർ പി എഫ് കോൺവോയിക്ക് നേരെ തീവ്രവാദികൾ നടത്തിയ ചാവേർ ആക്രമണത്തിൽ നിരവധി സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ജീവന് പ്രതികാരമായി പാകിസ്ഥാനിൽ കടന്ന് ചെന്ന് ബാലക്കോട്ടിൽ തീവ്രവാദികളുടെ പരിശീലന കേന്ദ്രം തച്ചുതകർത്ത് ഇന്ത്യ കണക്ക് ചോദിച്ചിരുന്നു. അതേസമയം പുൽവാമയിലെ ദുരന്തത്തിന് ശേഷം സൈനികരുടെ ജീവൻ സുരക്ഷിതമാക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുന്നതിന് കേന്ദ്ര സർക്കാർ പരിഗണന നൽകുകയുണ്ടായി.

അത്തരത്തിൽ ഭീകര വേട്ടയ്ക്കിറങ്ങുന്ന സി ആർ പി എഫ് ഭടൻമാരെ കൊണ്ടുപോകുന്നതിനായുള്ള ഫ്രഞ്ച് നിർമ്മിത കവചിത വാഹനം ഷെർപ ഉപയോഗിച്ച് തുടങ്ങിയതായ് ഇന്ത്യൻ വാർത്താ ഏജൻസി ഗ്രേറ്റർ കശ്മീർ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇന്ത്യയിൽ എൻ എസ് ജി, സി ഐ എസ് എഫ് എന്നീ സുരക്ഷാ ഏജൻസികൾ ഷെർപ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കശ്മീരിന്റെ മണ്ണിൽ ഷെർപയെ എത്തിച്ചത് സി ആർ പി എഫ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രധാന സേനയാണ് സി ആർ പി എഫ്. മുപ്പതിനായിരത്തോളം ഉദ്യോഗസ്ഥരുള്ള ഈ സേന വിഭാഗമാണ് രാജ്യത്തിനകത്തുള്ള വെല്ലുവിളികളെ പ്രധാനമായും നേരിടുന്നത്. മാവോയിസ്റ്റ് വേട്ടയ്ക്കുൾപ്പടെ സി ആർ പി എഫ് നൽകുന്ന സേവനം വിലമതിക്കാനാവാത്തതാണ്.

എന്തിന് ഷെർപ കവചിത വാഹനം

സി ആർ പി എഫ് പ്രധാനമായും മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. ഇന്ത്യയുടെ ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മിക്കുന്ന കവചിത വാഹനങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ ഇവയുടെ ഗുണമേൻമ പലപ്പോഴും ചോദ്യമായിട്ടുണ്ട്. റോഡിൽ സ്ഥാപിക്കുന്ന നിയന്ത്രിത സംവിധാനങ്ങളിലൂടെ സ്‌ഫോടനം നടത്തുന്ന ഐ ഇ ഡികളെ പ്രതിരോധിക്കാൻ പലപ്പോഴും ഈ വാഹനങ്ങൾക്കാവുമായിരുന്നില്ല. ഇതാണ് കരുത്തുറ്റ ഒരു കവചിത വാഹനത്തെ തേടാൻ സി ആർ പി എഫിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. അതേ സമയം മൈനാക്രമണ ഭീഷണി ഇല്ലാത്ത ഇടങ്ങളിൽ ഇന്ത്യൻ നിർമ്മിത കവചിത വാഹനങ്ങൾ മികച്ചവയാണ്. അടുത്തിടെ മഹീന്ദ്ര വികസിപ്പിച്ചെടുത്ത ദ്രുത വിന്യാസത്തിനായുള്ള മാർക്ക്സ്മാൻ' ലൈറ്റ് കവചിത വാഹനങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

എൻ എസ് ജിയുൾപ്പടെ നിലവിൽ ഷെർപ ഉപയോഗിക്കുന്ന ഏജൻസികളുടെ ഗുഡ് സർട്ടിഫിക്കറ്റാണ് ഈ വാഹനത്തെ സി ആർ പി എഫിൽ ഉൾപ്പെടുത്താനുള്ള പ്രധാനകാരണം. നിലവിൽ കാശ്മീരിൽ പരീക്ഷണ അടിസ്ഥാനത്തിലാണ് ഷെർപയെ സി ആർ പി എഫ് ഉപയോഗിക്കുന്നത് എന്ന് കണക്കാക്കുന്നു. ഈ വാഹനത്തെ കുറിച്ച് സി ആർ പിഎഫ് കാശ്മീർ ഓപ്പറേഷൻ സെക്ടർ ഐ ജി പ്രതികരിക്കുവാൻ തയ്യാറായില്ല. ഇതിനെ കുറിച്ച് സംസാരിക്കുവാൻ കഴിയില്ല എന്നാണ് വാർത്ത ഏജൻസിയുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. എന്നാൽ ഈ വാഹനം വിവിധ ഭൂപ്രദേശങ്ങളിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇതിന് ശേഷം പ്രകടനം വിലയിരുത്തിയ ശേഷം ഉടൻ തന്നെ സേനയിൽ ഉൾപ്പെടുത്തുമെന്നുമാണ് മറ്റൊരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ശ്രീനഗറിലെ തെരുവുകളിൽ ഒരു ഷെർപയെ കണ്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഫ്രഞ്ച് കമ്പനിയായ റെനോ ട്രക്ക്സ് ഡിഫൻസാണ് ഷെർപയുടെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. 2001 മുതൽ സ്വീഡിഷ് വോൾവോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇത്. ഭാരം കുറഞ്ഞ കവചിത വാഹനമാണിത്. നിലവിൽ ലോകമെമ്പാടുമായി 15 രാജ്യങ്ങൾ ഈ കരുത്തനെ ഉപയോഗിക്കുന്നുണ്ട്.