തടി കുറച്ച് കൂടിയാലും, നിറം കുറവാണെങ്കിലുമൊക്കെ കുറ്റം കണ്ടെത്തുന്ന നിരവധിയാളുകളുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് ഇപ്പോൾ കൂടുതലായി ബോഡിഷെയ്മിങ്ങ് നടത്തുന്നത്.അത്തരത്തിലുുള്ളവർക്കെതിരെ യൂട്യൂബ് വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണ കുമാർ.
'നമ്മൾ ചില പരിപാടികൾക്കൊക്കെ വേണ്ടി ഒരുങ്ങി ഇറങ്ങുമ്പോഴും,യാത്ര ചെയ്യുമ്പോഴുമൊക്കെ ഫോട്ടോസ് എടുക്കും. അതൊക്കെ വളരെ വ്യക്തിപരമായിട്ടുള്ള ഇഷ്ടങ്ങളാണ്. ചില ഫോട്ടോസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്യും. ഒരുപാട് പേർ ഇടപെടുന്ന സ്ഥലമാണെങ്കിലും നമ്മുടെ സന്തോഷമാണ്. നമ്മുടെ സുഹൃത്തുക്കൾ അത് കാണുന്നു,അവർ അവരുടെ അഭിപ്രായങ്ങൾ പറയുക എന്നുള്ളത് സന്തോഷമുള്ള കാര്യമാണ്.
ഞാൻ ശ്രദ്ധിച്ചിട്ടുള്ളൊരു കാര്യം. ചില തരത്തിലുള്ള ഡ്രസുകൾ കാണുമ്പോൾ എന്ത് ഐശ്വര്യമാണ് കാണാൻ, എന്ത് രസമാണ് കാണാൻ എന്നൊക്കെ പറഞ്ഞുകേൾക്കാറുണ്ട്. മറ്റ് ചില ഫോട്ടോസ് കാണുമ്പോൾ എന്താണ് ഇങ്ങനെ മാറിപ്പോയിരിക്കുന്നത്,വൃത്തിയില്ല എന്നൊക്കെ പറഞ്ഞ് കേൾക്കാറുണ്ട്. ഞാൻ ഇപ്പോൾ ഷൂട്ടൊക്കെ കഴിഞ്ഞ് വന്നിരിക്കുകയാണ്. അപ്പോൾ എനിക്ക് തോന്നി ഒരു കാര്യം എല്ലാവരെയും കണിച്ച് തരണമെന്ന്'-സിത്താര പറഞ്ഞു.തുടർന്ന് അവർ വെപ്പുമുടിയും പൊട്ടും കമ്മലുമുൾപ്പെടെയുള്ള മേക്കപ്പുകളെല്ലാം മാറ്റുകയും ചെയ്തു.
ഭർത്താവിനും മകൾക്കും ഒപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ അടുത്തിടെ സിത്താര സോഷ്യൽ മീഡിയകളിൽ പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെ ട്രാൻസ്‌ജെൻഡറിനെയും, ബംഗാളി സ്ത്രീയെയും, ഭിക്ഷക്കാരിയെയും പോലുണ്ട് എന്നൊക്കെയായിരുന്നു കമന്റുകൾ വന്നത്. ഈ വാക്കുകൾ എന്ന് മുതലാണ് മോശം വാക്കുകൾ ആയതെന്ന് ഗായിക ചോദിക്കുന്നു.