തനിക്ക് കിട്ടിയ യഥാർത്ഥ മാർക്ക് ചില വികൃതിക്കുട്ടികൾ തിരുത്തിയെഴുതാറുണ്ട്. പൂജ്യം മാർക്ക് അങ്ങനെ പത്തോ നൂറോ ആയെന്ന് വരും. ഇതുപോലെ ഇല്ലാത്ത ഗുണങ്ങളും കഴിവുകളും ചിലർ ഉണ്ടെന്ന് ഭാവിക്കും. അല്പജ്ഞാനികളെ വീഴ്ത്താനും തെറ്റിദ്ധരിപ്പിക്കാനും അതു ധാരാളം. എല്ലാം തികഞ്ഞവർ ആരുമില്ല. ദൈവങ്ങളും ആചാര്യന്മാരുമെല്ലാം പ്രകൃതിയുടെ ഈ നിയമത്തിന് കീഴിൽവരും. പുരാണങ്ങളും ഐതിഹ്യങ്ങളും ആവോളം ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ നിരത്തിവയ്ക്കുന്നുണ്ട്. പലപ്പോഴും നാം അതു ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാൽ അഹങ്കാരവും അഹന്തയും പ്രകൃതി ജീവിതത്തിലെ ഏതെങ്കിലും സന്ദർഭത്തിൽ വച്ച് പിടികൂടി കശക്കിയെറിയുമെന്ന് പിടികിട്ടും.
മഹാഭാരതത്തിലെ അർജുനൻ സമർത്ഥനാണ്. ലോകത്തെ ഏറ്രവും സമർത്ഥനായ പോരാളിയാണ് താൻ. അസ്ത്രവിദ്യയിൽ തന്റെ ഏഴയലത്ത് വരുന്ന ആരും ഭൂമുഖത്തില്ലെന്ന ഭാവമാണ് അർജ്ജുനനെ ഭരിച്ചത്. ഗന്ധമാദനം കടന്ന് ഇന്ദ്രകീലത്തിലെത്തി ശ്രീപരമേശ്വരനെ പ്രസാദിപ്പിക്കാൻ തപസ് ചെയ്യുകയാണ് അർജുനൻ. ധ്യാനത്തിന്റെ ഏതോ നിമിഷത്തിൽ മുന്നിൽ ഒരു കാട്ടുപന്നി. ഗാണ്ഡീവം കൈയിലെടുത്ത് പന്നിയെ അമ്പെയ്ത് വകവരുത്താൻ ശ്രമിക്കുമ്പോൾ തടസവാദവുമായി ഒരു കാട്ടാളൻ. അത് താൻ ഉന്നംവച്ച ഇരയാണ് അതിനെ വധിക്കരുത് എന്നായിരുന്നു തടസവാദം. അർജുനൻ അത് വകവച്ചില്ല. കാട്ടാളനും അമ്പെയ്തു. പന്നിയുടെ ഇരുവശങ്ങളിലും ഇരുവരുടെയും അമ്പുകൾ തുളഞ്ഞുകയറി കാട്ടുപന്നി ചത്തു. എന്നിട്ടും വാഗ്വാദം തുടർന്നു. ഗാണ്ഡീവം കൈയിലുള്ളതിന്റെ അഹന്തയിൽ അർജുനൻ ശരങ്ങൾ തൊടുത്തു. കാട്ടാളൻ അതെല്ലാം എയ്തു മുറിച്ചു. വാഗ്വാദം കൈയ്യാങ്കളിയിലെത്തി. തോൽക്കുമെന്ന ഘട്ടമായപ്പോൾ അർജുനൻ അറിയാതെ 'പരമേശ്വരാ" എന്ന് വിളിച്ചു പ്രാർത്ഥിച്ചു. ഭഗവാൻ പ്രത്യക്ഷനായി. മന്ത്രവും തന്ത്രവുമൊന്നും എപ്പോഴും സഹായിക്കില്ല. എല്ലാം തികഞ്ഞെന്ന ഭാവം അർജ്ജുനന് കൈവെടിയേണ്ടിവന്നു.
ജ്ഞാനപീഠത്തിലെത്താൻ കഷ്ടിച്ച് കുറച്ച് അനുഭവദൂരം കൂടിയേയുള്ളൂ. ആദിശങ്കരന് അടിതെറ്റുന്നത് അവിടെവച്ചാണ്. ശങ്കരന്റെ ജ്ഞാനംപൂർണമായിട്ടില്ല. അറിവിന്റെ കടൽ ആരും കുടിച്ചുവറ്റിക്കുന്നില്ല. ഒരു പരീക്ഷണത്തിനെത്തുന്നതും യഥാർത്ഥ ശങ്കരഭഗവാൻ തന്നെ.അതും ചണ്ഡാല വേഷത്തിൽ. വഴിയിൽ കണ്ട ചണ്ഡാലനോട് ഭേദചിന്തയുടെ അതിരു പൂർണമായി കടക്കാത്ത ആചാര്യർ വഴിമാറാൻ കല്പിച്ചു. മാറേണ്ടത് ദേഹമാണോ ആത്മാവാണോ എന്ന അംബരചുംബിയായ ഒരു ചോദ്യം തൊടുത്ത് ചണ്ഡാലവേഷധാരി ശങ്കരനെ വിസ്മയിപ്പിച്ചു. ജ്ഞാനപീഠത്തിന് ഏറെ ദൂരമുണ്ടെന്ന് ശങ്കരാചാര്യർ തിരിച്ചറിഞ്ഞു. എല്ലാം തികഞ്ഞെന്നും എല്ലാം നേടിയെന്നും മുഖഭാവം കൊണ്ടും കല്പനകൾ കൊണ്ടും മറ്റുള്ളവരെ ധരിപ്പിക്കാൻ മത്സരിക്കുന്നവർ എപ്പോഴാണ് പ്രകൃതിവേഷം മാറി അടിയറവ് പറയിക്കാൻ എത്തുന്നതെന്ന് കൂടി ചിന്തിക്കണം. എല്ലാം തികഞ്ഞെന്ന ഭാവം അതോടെ പമ്പ കടക്കും.
(ഫോൺ: 9946108220)