കൊച്ചി: കോതമംഗലം പളളി ഏറ്റെടുക്കൽ കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സഭാ തർക്കത്തിൽ സർക്കാർ പക്ഷം പിടിക്കുന്നുവെന്നാണ് കോടതി വിമർശനം. കേന്ദ്ര സേനയെ ഇറക്കി പളളി ഏറ്റെടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
പൊലീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ആയതിനാൽ ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന് സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതാണ് ഹൈക്കോടതിയുടെ വിമർശനത്തിന് കാരണമായത്.
പളളിയേറ്റെടുക്കുന്നതിനായി കേന്ദ്രസേനയെ നിയോഗിക്കുന്നത് സംബന്ധിച്ച് നാളെ നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. പളളി ഏറ്റെടുക്കുന്ന കാര്യത്തിൽ എന്തുചെയ്യാൻ കഴിയും എന്ന് സംസ്ഥാന സർക്കാരും നാളെ അറിയിക്കണം. തുടർനടപടികൾക്കായി അഭിഭാഷക കമ്മിഷനേയും കോടതി നിയോഗിച്ചു. വർഷങ്ങളായി യാക്കോബായ- ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിൽ പളളിയുടെ അവകാശവുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയാണ്. തർക്കം പലതവണ സംഘർഷത്തിലേക്കും നീങ്ങിയിരുന്നു.