red-button

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി തലസ്ഥാന നഗരത്തിൽ സ്ഥാപിച്ച റെഡ് ബട്ടൺ സംവിധാനം ഇനി മുതൽ പൊലീസും ഉപയോഗിക്കും. ഇതിനായി സിറ്റി പൊലീസ് കൺട്രോൾ റൂമിൽ പുതിയ സർവർ സ്ഥാപിച്ചു. കവടിയാറിലെയും കഴക്കൂട്ടത്തെയും റെഡ് ബട്ടണുകളെയാണ് പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചത്. ഇതുകൂടാതെ തിരക്കേറിയ കിഴക്കേകോട്ട,​ വട്ടിയൂർക്കാവ്,​ ശാസ്തമംഗലം എന്നിവിടങ്ങളിൽ റെഡ് ബട്ടൺ സ്ഥാപിക്കാനൊരുങ്ങുകയാണ് നഗരസഭ.

ഇനിമുതൽ റെഡ് ബട്ടണിലെ കാമറാ ദൃശ്യങ്ങൾ കൺട്രോൾ റൂമിലിരുന്ന് തന്നെ പൊലീസിന് നിരീക്ഷിക്കാനാകും. ഇതിലൂടെ കുറ്റകൃത്യങ്ങൾ തത്സമയം കണ്ടെത്താൻ കഴിയുമെന്നതാണ് മേന്മ. യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള 4000 റെസല്യൂഷനുള്ള അഞ്ച് കാമറകൾക്ക് 360 ഡിഗ്രിയിലുള്ള മിഴിവാർന്നതും വ്യക്തതയുള്ളതുമായ ചിത്രങ്ങൾ പകർത്താനാകും. അപകടഘട്ടത്തിൽ ആരെങ്കിലും റെഡ് ബട്ടൺ അമർത്തുകയാണെങ്കിൽ ജി.എസ്.എം വഴി വോയിസ് കോൾ പൊലീസിന് ലഭിക്കും. ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ സഹായത്തോടെ റെഡ് ബട്ടണിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പൊലീസിന് കൺട്രോൾ റൂമിൽ ലഭിക്കും. ഇതിനൊപ്പം പൊലീസിന്റെ കൺട്രോൾ റൂം വാഹനത്തിലെ സ്ക്രീനിലും ലഭിക്കും.

ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന വിമാനത്താവളത്തിലും റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിലോ വലിയതുറയിലെ ആഭ്യന്തര ടെർമിനലിലോ എവിടെ സ്ഥാപിക്കണമെന്നത് ആലോചിച്ച് തീരുമാനിക്കും. ഇതു സംബന്ധിച്ച് മേയറും സിറ്റി പൊലീസ് കമ്മിഷണറും സ്റ്റാർട്ടപ്പ് കമ്പനിയായ റെഡ് ബട്ടണുമായും ചർച്ചകൾ നടന്നുവരികയാണ്.


റെഡ് ബട്ടൺ

പാനിക് ബട്ടൺ എന്നും അറിയപ്പെടുന്ന റെഡ് ബട്ടൺ സംവിധാനം സ്റ്റാർട്ടപ്പ് സംരംഭമായ ഫെഡ് ബട്ടണിന്റെയും ആസ്‌പിൻ വോളിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. യന്ത്രത്തിന്റെ നിരീക്ഷണ പരിധിയിൽ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ കുറ്റകൃത്യങ്ങളോ നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് ഈ യന്ത്രത്തിലെ ചുവന്ന ബട്ടൺ (റെഡ് ബട്ടൺ)​ അമർത്താം. അപകടഘട്ടത്തിൽ നേരിട്ട് പൊലീസുമായി സംസാരിക്കാം, അപകടസമയത്തുള്ള മുഴുവൻ ദൃശ്യവും ശബ്ദവും പൊലീസ് കൺട്രോൾ റൂമിലും പെട്രോളിംഗ് വാഹനത്തിലും ലഭിക്കും. റെഡ് ബട്ടൺ അമർത്തുന്നയാൾ പൊലീസ് ഉദ്യോഗസ്ഥനുമായി ആശയവിനിമയം പൂർത്തിയാക്കിയാൽ ഉടൻ തന്നെ ഇതിന്റെ വിശദാംശങ്ങൾ കൺട്രോൾ റൂം പൊലീസിന് കൈമാറും. നിമിഷങ്ങൾക്കകം സുരക്ഷയ്ക്കായി പൊലീസ് സംഭവസ്ഥലത്ത് എത്തുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം. കേരള സ്‌‌റ്റാർട്ടപ്പ് മിഷന് കീഴിലുള്ള റെഡ് ബട്ടൺ സൊല്യൂഷൻസാണ് ഈ യന്ത്രത്തിന് പിന്നിൽ.