ലാ ലിഗയിൽ വലൻസിയ 4-1ന് റയൽ മാഡ്രിഡിനെ തകർത്തു
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ വമ്പന്മാരായ റയൽ മാഡ്രിഡിനെ വൻ തോൽവിയിലേക്ക് തള്ളിവീഴ്ത്തി വലൻസിയ. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്കായിരുന്നു റയലിന്റെ തോൽവി.2018 ഒക്ടോബറിൽ ബാഴ്സലോണയോട് 1-5ന് തോറ്റതിന് ശേഷമുള്ള റയലിന്റെ വലിയ പരാജയമാണിത്.
വലൻസിയയുടെ മൂന്ന് ഗോളുകൾ പെനാൽറ്റിയിലൂടെയാണ് വന്നത്.ഇതുമൂന്നും ഗോളാക്കിയത് കാർലോസ് സോളറും. ഒന്ന് സെൽഫ് ഗോളിലൂടെ റയൽ ഡിഫൻഡർ റാഫേൽ വരാനെയും സമ്മാനിച്ചു.വലൻസിയയുടെ തട്ടകത്തിൽ ചെന്ന് 23-ാം മിനിട്ടിൽ കരിം ബെൻസേമയിലൂടെ സ്കോറിംഗ് തുടങ്ങിവച്ചത് റയലാണ്. എന്നാൽ പിന്നെ കണ്ടത് വലൻസിയയുടെ പടയോട്ടമായിരുന്നു.
33-ാം മിനിട്ടിൽ വസ്ക്വേസിന്റെ ഹാൻഡ്ബാളിന് ലഭിച്ച പെനാൽറ്റി ഗോളി തട്ടിക്കളഞ്ഞെങ്കിലും റീബൗണ്ടിലൂടെ വലയിലെത്തിച്ചു.പക്ഷേ വാർ പരിശോധിച്ച റഫറി ഗോൾ നിഷേധിച്ച് റീ പെനാൽറ്റി കിക്ക് വിധിച്ചു.ഈ കിക്കാണ് കാർലോസ് സോളർ സമനില ഗോളാക്കിയത്.
45-ാം മിനിട്ടിൽ സ്വന്തം വലയിലേക്ക് പന്തുതട്ടിയിട്ട വരാനെ വലൻസിയയ്ക്ക് ലീഡ് നൽകി.
54-ാം മിനിട്ടിൽ മാഴ്സെലോയുടെ ഫൗളിന് റഫറി വിധിച്ച പെനാൽറ്റിയാണ് സോളർ ഗോളാക്കിയത്.
63-ാം മിനിട്ടിലെ റാമോസിന്റെ ഹാൻഡ് ബാളിന് ലഭിച്ച പെനാൽറ്റിയിലൂടെ സോളർ ഹാട്രിക് തികച്ചു.
ഈ തോൽവിയോടെ റയൽ 16 പോയിന്റുമായി നാലാംസ്ഥാനത്തായി.
ലിവർപൂൾ - മാഞ്ചസ്റ്റർ സിറ്റി
പോരാട്ടം സമനിലയിൽ
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി മാഞ്ചസ്റ്റർസിറ്റിയും ലിവർപൂളും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 13-ാം മിനിട്ടിൽ മുഹമ്മദ് സലായിലൂടെ ലിവർപൂളാണ് ആദ്യം ഗോളടിച്ചത്. 31-ാം മിനിട്ടിൽ ഗബ്രിയേൽ ജീസസ് സമനില ഗോൾ നേടി.
എട്ടുമത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള ലിവർപൂൾ മൂന്നാമതേക്ക് താഴ്ന്നു. കഴിഞ്ഞ രാത്രി വോൾവറിനെ 1-0ത്തിന് തോൽപ്പിച്ച് 18 പോയിന്റിലെത്തിയ ലെസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.