മുംബയ്: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) യുടെ പരിശോധന. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെ തുടർന്നാണ് ഇതുമായി ബന്ധമുളള ബോളിവുഡിലെ ലഹരിമരുന്ന് സംഘത്തെ കുറിച്ചുളള അന്വേഷണം ആരംഭിച്ചത്. മരണപ്പെടും മുൻപ് സുശാന്ത് താമസിച്ചിരുന്നതും അർജുൻ രാംപാൽ താമസിക്കുന്ന അതേ ഫ്ലാറ്റ് സമുച്ചയത്തിലാണ്.
അർജുൻ രാംപാലിന്റെ കാമുകി ഗബ്രിയേല ദെമെത്രിയാഡ്സിന്റെ സഹോദരൻ അജിസിയാലോസ് ദെമെത്രിയാഡ്സിനെ കഴിഞ്ഞമാസം ലഹരിമരുന്ന് കേസിൽ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ പക്കൽ നിന്ന് ഹാഷിഷും ആൽപ്രസോലം ഗുളികകളും കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന നൈജീരിയൻ പൗരൻ ഒമേഗ ഗോഡ്വിനുമായി ബന്ധമുണ്ടായിരുന്നയാളാണ് അജിസിയാലോസ്. നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻ മുൻ ജീവനക്കാരൻ ക്ഷിതിജ് പ്രസാദിനെയും ഇതേ കേസിൽ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. മുൻപ് അറസ്റ്റിലായവരിൽ നിന്നാണ് അജിസിയാലോസിന്റെ പങ്കിനെ കുറിച്ച് സൂചന ലഭിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു.
ഇന്നലെ ബോളിവുഡ് നിർമ്മാതാവ് ഫിറോസ് നദിയാവാലയുടെ ഫ്ളാറ്റിൽ എൻ.സി.ബി സംഘം റെയ്ഡ് നടത്തിയിരുന്നു. മയക്കുമരുന്ന് കേസിൽ എൻ.സി.ബി ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തി, സഹോദരൻ ഷൗവിക്ക് ചക്രബർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിരാൻഡ എന്നിവരുൾപ്പടെ അറസ്റ്റിലായിരുന്നു.
ജൂൺ 14ന് ബാന്ദ്രയിലെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. തുടർന്ന് അന്വേഷണത്തിൽ നടന്റെ കാമുകിയും നടിയുമായ റിയയുടെ ഫോണിൽ നിന്നാണ് ലഹരിമരുന്നുകളെ കുറിച്ച് പരാമർശം ലഭിച്ചത്. അതോടെ എൻ.സി.ബി അന്വേഷണം ആരംഭിച്ച് ബോളിവുഡ് താരങ്ങളുൾപ്പടെ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.