k-sreekumar

തിരുവനന്തപുരം: മുൻ മേയർമാർ തദ്ദേശ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിക്കാത്ത കീഴ്‌വഴക്കം തെറ്റിച്ച് തലസ്ഥാനത്തെ മേയർ കെ.ശ്രീകുമാർ വീണ്ടും മത്സരത്തിനൊരുങ്ങുന്നു. തന്റെ വാർഡായ ചാക്ക വനിതാ സംവരണമായതോടെ കരിക്കകം വാർഡിൽ നിന്നാണ് മേയർ തുടർച്ചയായ രണ്ടാംതവണ ജനവിധി തേടുന്നത്. നാല് വർഷം ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ശ്രീകുമാർ, മുൻ മേയർ 'ബ്രോ' വി.കെ.പ്രശാന്ത് വട്ടിയൂർക്കാവ് ഉപതിര‌ഞ്ഞെടുപ്പിൽ മത്സരിച്ച് എം.എൽ.എ ആയതോടെയാണ് മേയർ സ്ഥാനത്ത് എത്തിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെന്ന നിലയിൽ നാല് വർഷവും മേയർ എന്ന നിലയിൽ ഒരുവർഷക്കാലവും നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ആത്മവിശ്വാസവുമായാണ് ശ്രീകുമാർ വീണ്ടും മത്സരിക്കാനിറങ്ങുന്നത്. കരിക്കകം വാർഡ് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ശ്രീകുമാർ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. 2015ൽ 646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കരിക്കകത്ത് ബി.ജെ.പിയിലെ ഹിമ സജി വിജയിച്ചത്.

1995 മുതൽ നഗരത്തിൽ മേയറായിരുന്നവർ ആരും തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാംതവണ ജനവിധി തേടിയിട്ടില്ല. പ്രൊഫ.ജെ.ചന്ദ്ര, സി.ജയൻബാബു, വി.ശിവൻകുട്ടി എന്നിവരെല്ലാം മേയർമാരായിരുന്നവരാണ്. ചന്ദ്ര 1995ൽ കൗൺസിലറായി. 2000ൽ ആണ് നഗരത്തിന്റെ ആദ്യ വനിതാ മേയർ ആയത്. എന്നാൽ 2005ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. പിന്നീട് 2010ൽ വീണ്ടും മത്സരിക്കുകയും ജയിച്ച് കൗൺസിലറാവുകയും ചെയ്തു.

ജയൻ ബാബു 1988ൽ തൈക്കാട് വാർഡിൽ നിന്നാണ് കൗൺസിലറായത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെ ആയിരുന്നു അന്ന് അദ്ദേഹം മേയറായത്. 2005ൽ പാപ്പനംകോട് വാർഡിൽ നിന്ന് മത്സരിച്ച ജയൻബാബു വീണ്ടും മേയറായി. 2015ൽ സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ പാങ്ങോട് വാർഡിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയോട് 48 വോട്ടിന് പരാജയപ്പെട്ടു. മൂന്ന് പതിറ്റാണ്ടിനിടെ പാങ്ങോട് വാർഡിലെ സി.പി.എമ്മിന്റെ ആദ്യ തോൽവിയായിരുന്നു ഇത്.

നിയമസഭാ സീറ്റിലും കണ്ണ്

കഴിഞ്ഞ തവണ 1075 വോട്ടുകൾക്കാണ് ചാക്കയിൽ നിന്ന് ശ്രീകുമാർ തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ സംവരണമായതിനാൽ ഇത്തവണ സി.പി.എം അധികാരം നിലനിറുത്തിയാലും മേയറാകാൻ ശ്രീകുമാറിന് കഴിയില്ല. എന്നാൽ, കരിക്കകത്ത് മികച്ച വിജയമുണ്ടായാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ അവകാശവാദം ഉന്നയിക്കാൻ തനിക്ക് കഴിയുമെന്നും ശ്രീകുമാർ കരുതുന്നു.