തരക്കേടില്ലാത്ത കളക്ഷനുമായി ഓടിക്കൊണ്ടിരുന്ന അശോകന്റെ സിനിമാ ജീവിതത്തിൽ വില്ലനായത് കൊവിഡാണ്. മാർച്ചിൽ നടത്തിയ മാസ് എൻട്രിയോടെ എല്ലാ സീനും കൊവിഡ് അപഹരിച്ചു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ മുന്നോട്ട് കൊണ്ടു പോകുവാൻ മറ്റ് മാർഗമില്ലാതെ വന്നതോടെയാണ് വടിവൊത്ത വസ്ത്രാലങ്കാരത്തിൽ നിന്ന് പെയിന്റ് നിറങ്ങളുടെ ലോകത്തേക്ക് അശോകൻ ചുവടുമാറ്റിയത്...
ജീവിതം പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കും. ചിലപ്പോഴൊക്കെ ശാന്തസുന്ദരമായി ഒഴുകി കൊണ്ടിരിക്കുന്ന പുഴ പോലെയാകും, അതിനിടയിലാകും മറ്റൊരു വേഷം അഭിനയിച്ചു തീർക്കാൻ കിട്ടുക. അശോകൻ ആലപ്പുഴ എന്ന വസ്ത്രാലങ്കാരകന്റെ ജീവിതവും കേട്ടു നിൽക്കുന്നവരിൽ ആദ്യം അത്ഭുതമാണുളവാക്കുക. വയനാട്ടിലെ ആദിവാസി ജീവിതം ആസ്പദമാക്കി മനോജ് കാന സംവിധാനം ചെയ്ത 'കെഞ്ചിര"യിലൂടെ അശോകനെ ലോകം തിരിച്ചറിഞ്ഞപ്പോഴേക്കും, ചായം കലർന്ന പെയിന്റ്പണിക്കാരന്റെ കുപ്പായം ആ അൻപതിയെട്ടുകാരന്റെ ശരീരത്തോട് ഒട്ടിച്ചേർന്നിരുന്നു. തരക്കേടില്ലാത്ത കളക്ഷനുമായി ഓടിക്കൊണ്ടിരുന്ന അശോകന്റെ സിനിമാ ജീവിതത്തിൽ വില്ലനായത് കൊവിഡാണ്. മാർച്ചിൽ നടത്തിയ മാസ് എൻട്രിയോടെ എല്ലാ സീനും കൊവിഡ് അപഹരിച്ചു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ മുന്നോട്ട് കൊണ്ടു പോകുവാൻ മറ്റ് മാർഗമില്ലാതെ വന്നതോടെ വടിവൊത്ത വസ്ത്രാലങ്കാരത്തിൽ നിന്ന് പെയിന്റ് നിറങ്ങളുടെ ലോകത്തേക്ക് അശോകൻ ചുവടുമാറ്റി. ഇന്ന് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ തിളക്കമുള്ള നിറമാണ് പറവൂർ വട്ടയ്ക്കാട് വീടിന്. അതോടെ പെയിന്റ് ജോലിക്ക് ആരും വിളിക്കാതെയായി. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന മനോജ് കാനയുടെ പുതിയ ചിത്രത്തിന്റെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ് അശോകൻ ആലപ്പുഴ എന്ന അശോക് കുമാർ.
തയ്യൽക്കാരനെ സിനിമ വിളിക്കുന്നു
പതിനഞ്ചാമത്തെ വയസിൽ എസ്.എസ്.എൽ.സി പരീക്ഷാ ഫലം കാത്തിരിക്കുമ്പോഴാണ് കയർ ഫാക്ടറി തൊഴിലാളിയായിരുന്ന അച്ഛൻ ഗോപാലന്റെ അപ്രതീക്ഷിത വേർപാട്. അമ്മ ജാനകിക്കും അശോകൻ ഉൾപ്പടെ എട്ട് മക്കൾക്കും മുന്നിൽ ജീവിതം ചോദ്യചിഹ്നമായി. പഠനം പ്രതിസന്ധിയിലായതോടെ പറവൂരിൽ അജിത് ഗാർമെന്റ് നടത്തുന്ന രഘുവരൻ ആശാന് ദക്ഷിണ നൽകി തയ്യൽക്കടയിൽ സഹായിയായി കൂടി. ആദ്യ രണ്ട് വർഷം തയ്യൽ പoനമായിരുന്നു. കൈ തെളിഞ്ഞതോടെ പറവൂരിൽ തന്നെ നിത ഔട്ട് ഫിറ്റ് എന്ന പേരിൽ തയ്യൽക്കടയിട്ടു. പത്തു വർഷത്തോളം കട നടത്തി. അക്കാലത്തായിരുന്നു ഉഷയെ ജീവിത സഖിയാക്കിയതും.
സംവിധായകൻ വിനയന്റെ അസിസ്റ്റന്റായ ബാബുവുമായുള്ള അടുപ്പം, മലയാളത്തിലെ തിരക്കുള്ള വസ്ത്രാലങ്കാരകരിൽ ഒരാളായ മനോജ് ആലപ്പുഴയെ പരിചയപ്പെടാൻ അവസരമൊരുക്കി. കട നിർത്തിയിട്ട് സിനിമയിലേക്ക് പോകുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും മനസിന്റെ ത്രാസിൽ സിനിമയ്ക്കു തന്നെയായിരുന്നു തൂക്കക്കൂടുതൽ. അങ്ങനെ കുടുംബത്തിന്റെ പിന്തുണയോടെ സിനിമാരംംഗത്തെത്തി. നിരവധി ചിത്രങ്ങളിൽ വസ്ത്രാലങ്കാര സഹായിയായി ഒപ്പം കൂടി . 2001 ൽ റിലീസ് ചെയ്ത 'കരുമാടിക്കുട്ടനി"ലും 'പറക്കും തളിക"യിലുമാണ് അശോകൻ ആലപ്പുഴ എന്ന പേര് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞത്. നൂറ്റിയെഴുപതിലധികം ചിത്രങ്ങളിൽ സഹവസ്ത്രാലങ്കാരകനായും, ഏഴ് ചിത്രങ്ങളിൽ സ്വതന്ത്ര വസ്ത്രാലങ്കാരകനായും പ്രവർത്തിച്ചു. മമ്മൂട്ടി ചിത്രമായ 'ദി പ്രീസ്റ്റി"ന് വേണ്ടിയാണ് അവസാനമായി കോസ്റ്റ്യൂം തയാറാക്കിയത്. കാത്തിരുന്നെങ്കിലും ലോക്ക് ഡൗൺ മൂലം വരുമാനം നിലച്ചതോടെയാണ് പെയിന്റിംഗ് ഉപജീവനമാർഗമാക്കിയത്. വീട്ടിലെ തയ്യൽമെഷീനുമായി രണ്ടുമാസം കാത്തിരുന്നെങ്കിലും ആരും തുണികളുമായി എത്തിയില്ല. ഇതോടെയാണ് പ്രദേശത്തെ സുഹൃത്തുക്കൾക്കൊപ്പം പെയിന്റിംഗ് ജോലിയിൽ പങ്കാളിയാകാമെന്ന് തീരുമാനിച്ചത്. സിനിമാ രംഗത്ത് എല്ലാ ചെലവും കഴിഞ്ഞ് പ്രതിദിനം 1300 രൂപ ലഭിക്കുമായിരുന്നു. ആ വരുമാനം കൊണ്ടാണ് കഴിഞ്ഞ രണ്ട് നൂറ്റാണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയതും, മകളുടെ വിവാഹമടക്കമുള്ള കാര്യങ്ങൾ നടത്തിയതും. അപ്രതീക്ഷിതമായി വീണ ലോക്കിൽ നിന്ന് സിനിമാമേഖല കരകയറും വരെ ദിവസം 900 രൂപ വേതനം ലഭിക്കുന്ന പെയിന്റിംഗ് ജോലി തുടരാനായിരുന്നു അശോകന്റെ തീരുമാനം. അവാർഡ് ലഭിച്ചതോടെ കളം മാറി. അവാർഡ് ജേതാവ് പെയിന്റ് പണിക്ക് വരേണ്ടെന്നാണ് കൂട്ടുകാരുടെ തീരുമാനം.
ഭാഗ്യമാണ്, ഒപ്പം വെല്ലുവിളിയും
കെഞ്ചിരയ്ക്ക് വേണ്ടി ആദിവാസികളിൽ നിന്ന് അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങി, അതിന്റെ ശൈലി പഠിച്ചാണ് വസ്ത്രങ്ങൾ തയാറാക്കിയതെന്ന് അശോകൻ പറയുന്നു. ഓരോ ചിത്രത്തിൽ കഥാപാത്രങ്ങൾക്കനുസരിച്ച് വസ്ത്രങ്ങൾ നിശ്ചയിക്കാൻ ഗവേഷണം ആവശ്യമാണ്. പണ്ട് കാലത്ത് ഓരോരുത്തരോട് ചോദിച്ച് മനസിലാക്കിയിരുന്ന സ്ഥാനത്ത് ഇന്ന് വിരൽ തുമ്പിൽ വിവരങ്ങൾ എത്തിക്കുന്ന ഗൂഗിളിനെയാണ് അശോകൻ ആശ്രയിക്കുന്നത്. അറുപതുകളും എഴുപതുകളും ചിത്രീകരിക്കുന്ന കാലഘട്ടത്തിനിണങ്ങിയ വസ്ത്രങ്ങൾ പുനരാവിഷ്ക്കരിക്കുന്നതാണ് ഏറെ വെല്ലുവിളിയെന്ന് അശോകൻ പറയുന്നു. മുൻകൂട്ടി ലഭിക്കുന്ന സ്ക്രിപ്റ്റ് വായിച്ച്, അതിനനുസരിച്ചാണ് കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന വേഷം തെരഞ്ഞെടുക്കുന്നത്. കെഞ്ചിരയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിനായി ആഴ്ചകളോളം വയനാട്ടിലെ കുറുവാ ദ്വീപിൽ താമസിച്ചു. ജനങ്ങളെയും അവരുടെ വസ്ത്രധാരണ രീതികളെയും കുറിച്ച് നേരിൽ കണ്ട് മനസിലാക്കി.
വൈകിയറിഞ്ഞ സന്തോഷം
കഴിഞ്ഞ 25 വർഷക്കാലവും ജീവിതം അല്ലലില്ലാതെ മുന്നോട്ട് കൊണ്ടു പോകാൻ സഹായിച്ചത് സിനിമയാണെന്ന് അശോകൻ പറയുന്നു. വ്യത്യസ്ത സംസ്കാരങ്ങളെയും ജീവിതങ്ങളെയും അടുത്തറിഞ്ഞു. സൂപ്പർ സ്റ്റാറുകൾ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെ നൂറുകണക്കിന് പേരെ കഥാപാത്രത്തിന് യോജിച്ചവരാക്കുന്നതിൽ വസ്ത്രാലങ്കാരകനുള്ളത് ചെറിയ പങ്കല്ല. അവാർഡ് മോഹമൊന്നും മനസിലുണ്ടായിരുന്നില്ല. അതിനാലാണ് പ്രഖ്യാപന ദിനത്തിലും പെയിന്റ് പണിക്ക് പോയതെന്ന് അശോകൻ പറയുന്നു. ഫോൺ പോലുമെടുക്കാതെ പോയതിനാൽ അൽപം വൈകിയാണ് സന്തോഷ വാർത്ത അറിഞ്ഞത്. അങ്ങനെ നിമിഷങ്ങൾക്കകം നാട്ടിലെ താരമായി മാറി. രണ്ടര പതിറ്റാണ്ട് സിനിമയെ മനസറിഞ്ഞ് സ്നേഹിച്ചതിന്റെ പ്രതിഫലം സിനിമ തിരിച്ചു നൽകിയതാണെന്ന് അശോകൻ പറയുന്നു. വീട് വയ്ക്കാനും, മകളുടെ വിവാഹത്തിനും, മക്കളുടെ വിദ്യാഭ്യാസത്തിനുമെല്ലാം സിനിമ തന്നെയായിരുന്നു ആശ്രയം. മാന്യമായ വരുമാനം ലഭിച്ചിരുന്നു. വ്യത്യസ്തമായ അനുഭവങ്ങളുമുണ്ട്. എന്നാലും ആരോടും പരിഭവമില്ല. കർമ്മം ചെയ്യുക, ഫലം നേടുക.. ഇതാണ് തന്റെ പോളിസിയെന്ന് അശോകൻ പറയുന്നു. വർഷങ്ങളോളം സിനിമയുടെ ഭാഗമായിരുന്നിട്ടും നാട്ടിൽ അശോകനെ അറിയാത്തവരുണ്ടായിരുന്നു. എന്നാൽ പുരസ്കാരത്തോടെ താരപദവി തന്നെ അശോകനെ തേടി എത്തി. അവാർഡ് പ്രഖ്യാപിച്ച സമയം മുതൽ ഫോണിൽ നിലയ്ക്കാത്ത ആശംസാപ്രവാഹമായിരുന്നു. എങ്കിലും അമിതമായി സന്തോഷിക്കാനൊന്നും തന്നെ കിട്ടില്ലെന്ന് അശോകൻ പറയുന്നു. കിട്ടിയ അവാർഡിനെ ഊർജവും പ്രചോദനവുമായി കണ്ടുകൊണ്ട് മുന്നോട്ടേക്ക് നടക്കാനാണ് അദ്ദേഹത്തിനിഷ്ടം. പിന്തുണയുമായി ഭാര്യ ഉഷയും മക്കളായ അശ്വതിയും അശ്വിനും അനന്തകൃഷ്ണനും ഒപ്പമുണ്ട്.