കോലായിൽ വെന്തു പഴുക്കുന്ന ഇരുമ്പിൻ മാരകായുധങ്ങൾ. അവയ്‌ക്ക് മൂർച്ച കൂട്ടി എല്ലും തോലുമായ നങ്ങോലൻ.അയാളുടെ ഹൃദയവും പഴുക്കുകയാണ്. ഈ ആയുധങ്ങൾ ആരുടെ നെഞ്ചിലിറക്കാനാണ്? നങ്ങോലന്റെ മനസിൽ അയാളോട് തന്നെ മന്ത്രിക്കുന്ന ചോദ്യങ്ങൾ. ഏതോ അപരാധിയുടെ അല്ലെങ്കിൽ നിരപരാധിയുടെ ശരീരത്തിൽ ഈ
ആയുധങ്ങൾ ആഴ്ന്നിറങ്ങുമ്പോൾ... പിന്നെ മരിച്ചു വീഴുമ്പോൾ... അതോർത്ത് നങ്ങോലന്റെ ഹൃദയം വിതുമ്പി. പിടിവാളും കത്തിയും മൂർച്ച കൂട്ടാൻ വരുന്നവരോട് നങ്ങോലൻ പറയും.
''ദാ എനിയ്‌ക്ക്... നിങ്ങളെ അറിയില്ലട്ടോ... നമ്മള് കണ്ടിട്ടുംല്ല്യാ.""
എല്ലും തോലുമായ നങ്ങോലന്റെ ചുവന്ന കണ്ണുകൾ അപ്പോൾ പഴുത്തിരിക്കുന്നതായി കാണാം. വിയർത്ത ശരീരം
കൈകൂപ്പി യാചിക്കുംപോലെ വാരിയെല്ലുകൾ നരച്ച കുറ്റി താടിയും മീശയും ചെടിച്ച തോർത്തുമുണ്ട് മാത്രം വേഷം.
കൊല്ലന്റെ പണിപുരയിൽ ചകത്തിൽ നിന്നും ചിതറി തെറിക്കുന്ന തീ ചീളുകൾ, പൊട്ടിയ ബക്കറ്റിൽ വെള്ളം
വലുതും ചെറുതുമായ ഹാമറുകൾ ഉലത്തീ കത്തിയുയരുകയാണ്. കൊല്ലന്റെ പണിപ്പുരയിൽ നിന്ന്...
അയാളുടെ നെഞ്ചിനകത്ത് നിന്ന്... ഒരു പെരുംകൊല കഴിഞ്ഞാഴ്ച നടന്നതേയുള്ളൂ. ഒമ്പതു പേരെയാണ്
വെട്ടിയത്. വെറുതെ ഒന്ന് വീശിയതേ ഉള്ളൂ. ഒമ്പതും തീർന്നു. അത്രയ്‌ക്ക് മൂർച്ചയുണ്ടായിരുന്നു. അതിനുള്ള പ്രതികാരമായിരിക്കുമോ? ഇന്നത്തെ മൂർച്ചയാക്കൽ. നങ്ങോലന്റെ താളം തെറ്റിയ നെഞ്ചിടിപ്പ്.
നെഞ്ചിൽ കത്തി കുത്തിയിറക്കുന്നവനും, വാളു കൊണ്ട് വെട്ടിയവനും ഒന്നാം പ്രതി. സത്യം പറഞ്ഞാൽ ഞാനല്ലേ ഒന്നാം പ്രതി.
നങ്ങോലന്റെ ചിന്തകൾ കണ്ണീരായി നെഞ്ചിനകത്ത്. ഉലത്തീ ഒന്നാളി കത്തി. വേനൽക്കാലമായതുകൊണ്ടാവാം പുറത്ത് നല്ല വെയിലുണ്ട്. കൊടുംചൂടിൽ കുളിരിൽ നടക്കുന്ന ലാഘവത്തോടെ നാരായണി ഭക്ഷണവുമായി എത്തി.
മുഖത്തെ കരിവാളിപ്പും അടുക്കളയിലെ പുകപ്പാടുകൾ നിറഞ്ഞ വെള്ളമുണ്ടും ബ്ലൗസും മെഴുക്കില്ലാത്ത ചിതറിയ മുടിയും എല്ലാം നാരായണിയിലുണ്ടായിരുന്നു. കൊടും വെയിലിൽ കുളിരിന്റെ പ്രതീതി. അതിൽ അത്ഭുതമൊന്നുമില്ല.
നങ്ങോലനെ പോലെ അവർക്കറിയാം എല്ലാ ജോലിയും. അവർക്കുമുണ്ട് ഇരുമ്പ് പഴുപ്പിക്കുന്ന മനസും ശരീരവും.
പതിവുപോലെ നങ്ങോലൻ ഭക്ഷണം കഴിക്കുമ്പോൾ നാരായണി ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നു. അവരുടെ ഒരേ ഒരു മകളുടെ
ജീവിതത്തെക്കുറിച്ചാണ് എന്നും ഈ സമയത്ത് സംസാരം. ഓരോ ദിവസവും ഓരോ വിഷയങ്ങളാണ്. അത് ഉണ്ടായിക്കൊണ്ടേയിരിക്കും. മകളുടെ പ്രണയവും വിവാഹവും കുട്ടികളില്ലാത്ത അവസ്ഥയും അവളുടെ ഭർത്താവിന്റെ മദ്യപാനം, മർദ്ദനം, തെറ്റായ കൂട്ടുകെട്ട്, ഒടുവിൽ ഇപ്പോൾ പരസ്ത്രീ ബന്ധങ്ങളും... അത് നങ്ങോലനെയും
നാരായണിയെയും തളർത്തിയിരുന്നു.മോളുടെ ഒരു അയൽവാസി ഓടിവന്നാണ് വിവരം പറഞ്ഞത്.
''അതേ... വേഗം വന്ന് മോളെ കൂട്ടിക്കൊണ്ട് പൊയ്‌ക്കോ. അല്ലേല് മരുമോൻ അടിച്ചു കൊല്ലും ഓളെ...""
രണ്ടുപേരും കൂടി അവിടെയെത്തി.
പുറത്ത് നിന്നും വാതിൽ പൂട്ടിയിരിക്കുന്നു.
നിശബ്‌ദതയുണ്ടായിരുന്നു. ജനൽ പതിയെ പുറത്തേക്ക് വലിച്ചപ്പോൾ തുറന്നു. ഭാഗ്യം കുറ്റിയിട്ടിട്ടില്ല.
ഇരുവരും അകത്തേയ്‌ക്ക് നോക്കി. അകത്തുള്ള മുറി കാണാം. ഇപ്പോൾ കട്ടിലിൽ നഗ്നമായ പെൺരൂപം. അവളെ കെട്ടിപ്പിടിച്ച് തളർന്നു കിടക്കുകയാണ് മരുമകൻ. അത് മകളല്ലായിരുന്നു.
തരിച്ചു നിന്നു പോയ അവരെ വീണ്ടും കണ്ടു ആ അയൽവാസി
''മോള് ആശുപ്രതീലാ... കാര്യായിട്ടൊന്നൂല്ല്യാ.'""
ഇങ്ങനെ ഓരോ ഓർമ്മകൾ നെഞ്ച് കീറുമ്പോൾ നാരായണി പറഞ്ഞു.
''ശ്രദ്ധിച്ചോളീൻ ഇനി പണിയായുധം മാത്രം മതി നന്നാക്കല്.""
അതും പറഞ്ഞ് നാരായണി പോയി.
ജീവിതം മെല്ലെ മുന്നോട്ട് നീങ്ങി. പല വർഷങ്ങളും കാലങ്ങളും കടന്നു പോയപ്പോൾ നങ്ങോലനും നാരായണിയും ആ ഉലത്തീയിൽ വെന്തെരിഞ്ഞു. ഇന്ന് സൽസ്വഭാവിയായ പെരുംകൊല്ലന്റെ വേഷത്തിൽ മരുമകനായ
ദേവനുണ്ട്. മകൾ ഗർഭിണിയാണ്. കൊല്ലപ്പുരയും വീടും പറമ്പുമെല്ലാം ദേവന്റേതാണ്. സ്വൈര്യവും ശാന്തതയും നിറഞ്ഞ സന്തോഷകരമായ ജീവിതം. കുറ്റബോധത്തിന്റെ കറുത്ത അദ്ധ്യായങ്ങൾ അയാൾ സ്വയം വലിച്ചു
കീറി വെള്ള പൂശിയിരിക്കുന്നു. കാലം പലതിനേയും മാറ്റിമറിക്കും എന്ന് പറയുന്നത് ചിന്തകൻമാർ ശരിവെക്കുന്നു.
കൊല്ലന്റെ പണിപ്പുരയിൽ ദേവന്റെ തിരക്കിട്ട പണി.
''കുറച്ച് ആയുധങ്ങൾ വേണം. വെട്ടുകത്തി, വടിവാൾ, പത്ത് പതിനഞ്ചെണ്ണം
വേണം."" രണ്ടു മൂന്നാളുകൾ വന്നുപറഞ്ഞു.
''ഇല്ല്യ... ഏട്ടൻമാരെ... പണി ആയുധങ്ങളെ ഉണ്ടാക്കൂ...""
അപ്പോൾ ലെതർ ബാഗിൽ നിന്നും അഞ്ഞൂറിന്റെ വലിയ അട്ടികൾ നിരന്നു. നോട്ടുകൂമ്പാരങ്ങൾ.
ദേവന്റെ കണ്ണുകൾ തിളങ്ങി.
മനസ് ഇളകി മറിഞ്ഞു.
ഇരുമ്പ് ചക്രത്തിന് വേഗത കൂടി, തീ കനൽ ശക്തിയായി പൊട്ടി ചിതറി. ഉലത്തീ ശക്തിയോടെ മേൽപ്പോട്ടുയർന്നു. ആയുധം ബക്കറ്റിലെ തണുത്ത വെള്ളത്തിൽ താഴ്‌ത്തിയപ്പോഴും ചൂട് ഉയർന്നു കൊണ്ടേയിരുന്നു. നെഞ്ചിന്റെ കിതപ്പു പോലെ കനലുകൾ ജ്വലിച്ചു മങ്ങുന്നു.
''എന്തു പറയുന്നു"" വീണ്ടും ചോദ്യം.
ദേവന്റെ കൈകൾ നോട്ടിലേക്ക് ചലിക്കുന്നു. അയാൾക്ക് പിറകോട്ട് വലിക്കാൻ കഴിയുന്നില്ല. കൈ നോട്ടുകളിലമരുന്നു. പതിയെ ഷർട്ടിനു ള്ളിലേക്ക്. വരേണ്ട തീയ്യതി പറഞ്ഞു കൊടുത്തു. നാവും അടങ്ങി നില്ക്കുന്നില്ല. വൈകിയരാത്രിയിൽ ആരും കാണാതെ ആയുധങ്ങൾ ഉണ്ടാക്കി. മൂർച്ച കൂട്ടുന്ന ആയുധങ്ങൾ. തലയ്‌ക്കുള്ളിലും ദുഷിച്ച ചിന്തകൾക്ക് മൂർച്ച കൂടുകയാണ്.
പറഞ്ഞദിവസം ആളുകൾ വന്നു.
''ഒറ്റ വീശൽ മതി രണ്ടു കഷണമാകും.""
വീര്യം കൂടുന്ന ദേവന്റെ വാക്കുകൾ. ആ വാക്കുകൾ പറഞ്ഞു തീരും മുമ്പേ അയാളുടെ കൈയിലമരുന്ന നാലഞ്ച് പേരുടെ കൈകൾ. ആയുധങ്ങൾക്ക് വന്നവർ നിമിഷനേരം കൊണ്ട് ഓടിമറഞ്ഞു. ദേവൻ സ്തബ്‌ധനായി നിന്നു.
''പോലീസ്... ഓടിക്കോ...""
വന്നവരുടെ ശബ്‌ദം അകന്നു പോകുന്നു. ദേവൻ കീഴടങ്ങി. പൊലീസുകാരോടൊപ്പം നടക്കുന്നു. പെട്ടെന്ന് മഴ പെയ്തു.
''വേനൽക്കാലത്തും മഴയോ?""
ഒരു പോലീസുകാരന്റെ ചോദ്യം.
''കാലം തെറ്റി പെയ്യുന്ന മഴയാണ്. മുഴുവനായും പെയ്യാതെ ബാക്കി വെച്ച ചില മഴകൾ.""
മുതിർന്ന ഒരു പൊലീസുകാരന്റെ ദൃഢമായ വാക്കുകൾ. മറ്റുള്ളവർ മനസ്സിലായും മനസിലാകാതെയും നടക്കുന്നു.
ദേവനത് സത്യമാണെന്ന ഭാവത്തിൽ അറിയാതെ തലകുലുക്കി. ഇതെല്ലാം കണ്ട്... ഒറ്റിക്കൊടുത്ത ഒരു പ്രതിരൂപം ഒളിഞ്ഞ് നിന്ന് ചിരിക്കുന്നു. അതയാളായിരുന്നു. എല്ലാം പ്രശ്നങ്ങളും നങ്ങോലനിൽ എത്തിക്കാറുണ്ടായിരുന്ന അയൽവാസി.