k-t-jaleel

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ പി എച്ച് ഡി വിവാദത്തിൽ നിർണായക നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പി എച്ച് ഡി പ്രബന്ധം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണമെന്ന് ഗവർണർ കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിർദേശം നൽകി. പ്രബന്ധം മൗലികമല്ലെന്നാണ് പരാതി.

മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും അലി മുസലിയാരുടേയും പങ്കിനെ കുറിച്ചാണ് ജലീൽ ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. 2006ലായിരുന്നു കെ ടി ജലീലിന് ഡോക്‌ടറേറ്റ് കിട്ടിയത്. കൈയിൽ കിട്ടിയ നൂറ് കണക്കിന് ഉദ്ധരണികൾ അക്ഷര തെറ്റുകളോടെ പകർത്തിയെഴുതി സർവകലാശാല‌യ്‌ക്ക് സമർപ്പിച്ചു എന്നായിരുന്നു സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവർണർക്ക് നൽകിയ പരാതി.

പകർത്തിയെഴുതിയ പ്രബദ്ധത്തിൽ അക്ഷര തെറ്റുകൾക്കൊപ്പം വ്യാകരണ പിശകുമുണ്ടെന്നാണ് പരാതിക്കാർ ഉന്നയിക്കുന്ന ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാനാണ് വൈസ് ചാൻസലറോട് ഗവർണർ നിർദേശിച്ചിരിക്കുന്നത്.