അമ്പതാം പിറന്നാളിലേക്ക് പ്രവേശിച്ചെങ്കിലും സിനിമാപ്രേമികളുടെ പ്രണയനായികയാണ് ഇന്നും തബു. താരത്തിന്റെ പിറന്നാളാഘോഷം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂട്ടത്തിൽ താൻ ഇന്നും അവിവാഹിതയായി കഴിയുന്നതിന് കാരണം അജയ് ദേവ്ഗണാണെന്ന് പറയുന്ന ഒരു വീഡിയോയും ഏറെ വൈറലായിരിക്കുകയാണ്.
'അജയും ഞാനും 25 വർഷത്തിലേറെയായി പരസ്പരം അറിയുന്നവരാണ്. എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമാണ് അജയ്. വളരുന്ന കാലഘട്ടത്തിൽ ഞങ്ങളുടെ സൗഹൃദം നല്ലൊരു ബന്ധത്തിന് അടിത്തറയായി തീർന്നു. എന്റെ കൗമാര കാലത്ത് അജയും സമീറും കൂടി എപ്പോഴും എന്നെ പിന്തുടരുമായിരുന്നു ഒരു തരത്തിൽ ചാരപ്പണി. എന്നോട് സംസാരിക്കുന്ന ഓരോ ആൺകുട്ടികളെയും ഇവർ തല്ലുമായിരുന്നു. വലിയ ഗുണ്ടകളായിരുന്നു ഇരുവരും. ഇന്നും ഞാൻ അവിവാഹിതയായി തുടരുന്നതിന് കാരണം അജയ് ആണ്. ചെയ്ത് പോയ കാര്യങ്ങളിൽ അജയ് ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു 'തബു പറഞ്ഞു.
താൻ വിവാഹം കഴിക്കാത്തതിന് കാരണം നടൻ അജയ് ദേവ്ഗണാണെന്നാണ് തബു 2017 ൽ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.