cinema

ന്യൂഡൽഹി: ബോളിവുഡ് സൂപ്പർ താരങ്ങളായ ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ് ഗൺ, കരൺജോഹൻ തുടങ്ങിയവർ രണ്ട് ചാനലുകൾക്കതിരെ ഡൽഹി ഹൈക്കോടതിയിൽ നൽകിയ കേസിൽ വാദം തുടങ്ങി. സി ബി ഐ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ മൂന്ന് അന്വേഷണ ഏജൻസികൾ അന്വേഷിച്ചുകൊണ്ടിരിക്കുന്ന സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റിപ്പബ്ളിക് ടിവി, ടൈംസ് നൗ ചാനലുകൾക്കെതിരെ താരങ്ങൾ ഉൾപ്പടെയുളളവർ കോടതിയെ സമീപിച്ചത്. കേസിൽ മാദ്ധ്യമങ്ങൾ സമാന്തര വിചാരണ നടത്തുന്നു എന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. ബോളിവുഡിനെതിരെയുളള അപകീർത്തികരമായ വാർത്തകൾ ചാനലുകൾ പിൻവലിക്കണമെന്നും ഇത്തരം വാർത്തകൾ റിപ്പോർട്ടുചെയ്യുന്നത് തടയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

കേസിൽ വാദം കേൾക്കെ മാദ്ധ്യങ്ങൾക്കെതിരെ കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. 'മാദ്ധ്യമങ്ങൾക്ക് സമാന്തര വിചാരണ നടത്താൻ കഴിയില്ല. വാർത്തകൾ കാണിക്കുകയാണ് ചെയ്യേണ്ടത്. മിക്കപ്പോഴും വാർത്തകൾ കുറവും അഭിപ്രായ പ്രകടനങ്ങൾ കൂടുതലുമാണ്. പല കാര്യങ്ങളിലും റിപ്പോർട്ടർമാർ മുൻ വിധിയോടൊണ് സമീപിക്കുന്നത്. റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ആരും തടയുന്നില്ല. പക്ഷേ, ഭാഷയും രീതിയും ശരിയാവണം' -കോടതി വ്യക്തമാക്കി.

പ്രമുഖരുടെ സ്വകാര്യതയിൽ മാദ്ധ്യമങ്ങൾ എത്തിനോക്കുന്നതിനെയും ഇടപെടുന്നതിനെയും വിമർശിച്ച കോടതി ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ അപകടമരണം ഇക്കാര്യത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു. 'ബോളിവുഡ് താരങ്ങൾക്കും സ്വകാര്യതയ്ക്ക് അവകാശമുണ്ട്. 1997ൽ ഡയാന രാജകുമാരിയുടെ മരണത്തിന് ഇടയാക്കിയതിനുപിന്നിലെ കാരണം എന്താണെന്ന് ഓർക്കണം. മാദ്ധ്യങ്ങൾ പിന്തുടർന്നതാണ് അപകടമരണത്തിന് ഇടയാക്കിയത്' കോടതി ചൂണ്ടിക്കാണിച്ചു. രണ്ടാഴ്ചയ്ക്കുളളിൽ കേസുമായി ബന്ധപ്പെട്ട് രേഖാമൂലമുളള പ്രതികരണം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.