മുംബയ് : ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയ്ക്ക് ജാമ്യമില്ല. ബോംബൈ ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇടക്കാല ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യമില്ലെന്നും ബോംബൈ ഹൈക്കോടതി വ്യക്തമാക്കി.
അതേ സമയം, അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും നാലു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു. അർണബ് അലിബാഗിലെ സെഷൻസ് കോടതിയെ ജാമ്യത്തിനായി സമീപിച്ചിട്ടുണ്ട്. കസ്റ്റഡിയിലിരിക്കവെ ഫോൺ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അലിബാഗിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് തലോജ ജയിലിലേക്ക് അർണബിനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
ഇന്റീരിയർ ഡിസൈനർ അൻവെയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് അർണബ് അറസ്റ്റിലായത്. തുടർന്ന് കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
വ്യവസായികളായ ഫിറോസ് ഷെയ്ഖ്, നിതീഷ് സർദ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2018ലാണ് അൻവയ് നായിക്കും, അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്തത്. 2017ൽ അർണബ് തുടങ്ങിയ റിപ്പബ്ലിക് ടി.വി ചാനൽ ഓഫീസിന്റെ ഇന്റീരിയർ വർക്കുകൾ ചെയ്തത് അൻവയുടെ കോൺകോർഡ് ഡിസൈൻസ് കമ്പനിയാണ്.
ഇതിന്റെ പണം അർണബ് നൽകിയില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. തെളിവില്ലെന്ന പേരിൽ മഹാരാഷ്ട്രാ പൊലീസ് അവസാനിപ്പിച്ച കേസ്, അൻവയുടെ മകൾ അദന്യ നായിക് , മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന് വീണ്ടും പരാതി നൽകിയതോടെയാണ് മുംബയ് സി.ഐ.ഡി വിഭാഗം ഏറ്റെടുത്തത്.
അർണബ് ഗോസാമി, ഐകാസ്റ്റ് എക്സ് / സ്കീമീഡിയയിലെ ഫിറോസ് ഷെയ്ഖ്, സ്മാർട്ട് വർക്സിന്റെ നിതീഷ് സർദ എന്നിവർ യഥാക്രമം 83 ലക്ഷം, 4 കോടി, 55 ലക്ഷം വീതം കുടിശിക നൽകാത്തതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞത്. എന്നാൽ ആരോപണം അർണബ് നിഷേധിച്ചിരുന്നു.