eee

ഏത് കലയും സാധാരണക്കാരന് മനസിലാക്കത്തക്കവിധം അവതരിപ്പിക്കുമ്പോഴാണ് അത് ജനകീയമാകുക. ശ്രേഷ്ഠരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിലാണ് കലാപഠനം എന്നത് മറ്റു സ്ഥാപനങ്ങളിൽ നിന്ന് കലാമണ്ഡലത്തെ വ്യത്യസ്തമാക്കുന്ന ഒന്നാണ്. രാവുണ്ണി ആശാൻ, പത്മനാഭൻ നായരാശാൻ, രാമൻകുട്ടി നായരാശാൻ എന്നിങ്ങനെ പ്രഗത്ഭരായ ഗുരുക്കന്മാരുടെ കീഴിലാണ് കഥകളി അഭ്യസിച്ചത്. നാട്യധർമിയിലാണ് മുദ്രകൾ പഠിപ്പിക്കുക. എന്നാൽ സാധാരണക്കാരന് അത് ഗ്രഹിക്കാൻ അല്പം പ്രയാസമാകും. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ചെറിയ ലോകധർമ്മി മുദ്രകൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് അരങ്ങിൽ കഥകളി അവതരിപ്പിക്കുമ്പോഴാണ് കാഴ്ചക്കാരന് പൂർണമായി ആസ്വദിക്കാൻ കഴിയുന്നതും കലാരൂപം ജനകീയമാകുന്നതും.

പഠിപ്പിക്കുന്ന ചിട്ടയിൽ നിന്ന് അല്പം മാറുന്നുവെങ്കിലും അത് കലയെ ദോഷമായി ബാധിക്കാത്ത വിധമാണെങ്കിൽ ഗുരുക്കൻമാർ പൂർണപിന്തുണ നൽകും. കലകൾക്കെല്ലാം വിവിധതരം ശൈലികളുണ്ട്. അവ ഉത്ഭവിക്കുന്ന ദേശം, കാലം, സാമൂഹ്യ ചുറ്റുപാടുകൾ എന്നിവയനുസരിച്ചാണ് ശൈലി വ്യത്യാസങ്ങൾ ഉണ്ടാകുക. കഥകളിക്ക് തന്നെ തെക്കൻ (കപ്ല്യങ്ങാട്) കളരി എന്നും വടക്കൻ (കല്ലുവഴി) കളരി എന്നും രണ്ട് ശൈലികളുണ്ട്. മുഖാഭിനയത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ടുള്ള തെക്കൻക്കളരി ശൈലിയും ആംഗികാഭിനയത്തിന് പ്രാധാന്യമുള്ള വടക്കൻക്കളരി ശൈലിയും സംയോജിപ്പിച്ചുകൊണ്ട് അഭിനയത്തിനും മുദ്രകൾക്കും തുല്യപ്രാധാന്യം നൽകിയാണ് കലാമണ്ഡലത്തിൽ കഥകളി ചിട്ടപ്പെടുത്തുന്നത്. അതുകൊണ്ട്തന്നെ അത് 'കലാമണ്ഡലം ശൈലി'യായി അറിയപ്പെട്ടു. ഇത്തരമൊരു മാറ്റത്തിനും കാരണഭൂതൻ വള്ളത്തോളാണ്. കഥകളിയിൽ മാത്രമല്ല മറ്റ് കലകളിലും മാറ്റങ്ങൾ കൊണ്ട് വന്ന കലാകാരന്മാരേ കാണാം. പൈങ്കുളം രാമചാക്യാരാശാനാണ് ക്ഷേത്രത്തിനകത്തെ കൂത്തമ്പലത്തിൽ നിന്ന് കൂടിയാട്ടത്തെ പുറത്തേക്കെത്തിച്ചത്. സംസ്‌കൃതനാടക രീതിയിലായിരുന്ന കൂടിയാട്ടത്തെ പോഷിപ്പിച്ച് ജനകീയമാക്കാൻ കഴിഞ്ഞതിൽ ശിവൻ നമ്പൂതിരി തുടങ്ങിയവരുടെ പങ്ക് വലുതാണ്.