anthurium

പൂന്തോട്ടമൊരുക്കുന്നവർക്ക് ഒരിക്കലും മാറ്റി നിറുത്താൻ കഴിയാത്ത ചെടിയാണ് ആന്തൂറിയം. അലങ്കാരപുഷ്‌പകൃഷിയിൽ പ്രഥമസ്ഥാനം തന്നെയാണ് ആന്തൂറിയത്തിന് നൽകിപ്പോരുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി പൂവിടുമെന്നത് തന്നെയാണ് ആന്തൂറിയത്തെ കർഷകർക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. കൃത്യമായി സൂര്യപ്രകാശം കിട്ടുന്നതും അല്‌പം ചെരിവുള്ളതുമായ ഭൂമിയാണ് ആന്തൂറിയം കൃഷിക്ക് നല്ലത്. ചെടി നടുന്ന രീതിയിലും ശ്രദ്ധ പുലർത്തണം. ചട്ടിയിലാണ് നടുന്നതെങ്കിൽ ചട്ടിയുടെ അടിയിൽ ഓടിൻ കഷണം, ഇഷ്‌ടിക കഷണം, മരക്കരി, ചകിരി കഷണം എന്നിവ വൃത്താകൃതിയിൽ ഇടവിട്ട് പകുതിവരെ നിറയ്‌ക്കുക. നടാനുള്ള ചെടി, ചട്ടിയുടെ മദ്ധ്യഭാഗത്ത് നിർത്തിയശേഷം ചട്ടിയുടെ മുക്കാൽ ഭാഗത്തോളം മേൽപറഞ്ഞ മിശ്രിതംകൊണ്ടു നിറച്ച് ചെടി ഉറപ്പിച്ചു നിർത്തുക. അതിനുശേഷം വെള്ളമൊഴിച്ച് ചട്ടി തണലത്തേക്ക് മാറ്റിവയ്‌ക്കുക.

ആന്തൂറിയം ഒരു ദുർബല സസ്യമായതിനാൽ ജൈവവളങ്ങൾക്ക് പ്രാധാന്യം നൽകണം. അമ്പതു ഗ്രാം നിലക്കടലപിണ്ണാക്കും വേപ്പിൻ പിണ്ണാക്കും ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ദിവസത്തോളം വച്ചശേഷം അതിന്റെ തെളിയെടുത്ത് മൂന്നിരട്ടി വെള്ളം ചേർത്ത് ചെടിയുടെ തടത്തിലോ ചട്ടിയിലോ ഒഴിച്ചു കൊടുക്കാം. പഴകിയ കോഴിവളവും ചാണകസ്ളറിയും ഉത്തമവളങ്ങളാണ്. മഴ അധികമുള്ള സമയങ്ങളിൽ വേരു ചീയൽ രോഗം വന്നേക്കാം. അത് ശ്രദ്ധിക്കണം. കീടബാധയുണ്ടായാൽ രാസവളങ്ങൾ ഉപയോഗിക്കാം.

നിലത്താണ് നടുന്നതെങ്കിൽ നല്ല ഇളക്കമുള്ളതും വളക്കൂറുള്ളതുമായ മണ്ണായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. നന്നായി കിളച്ച് മണ്ണ് നല്ലവണ്ണം പൊടിഞ്ഞതിനു ശേഷം രണ്ടു മീറ്റർ വീതിയിലും 20 സെന്റീ മീറ്റർ പൊക്കത്തിലും വരമ്പുകൾ തീർക്കണം. ഓരോ ചെടിയും 45 സെന്റീമീറ്റർ അകലത്തിലായിരിക്കണം നടേണ്ടത്. ചട്ടിയിലായാലും, നിലത്തായാലും നാലോ അഞ്ചോ ഇലകൾ നിർത്തിയശേഷം ബാക്കിയുള്ള ഇലകൾ മുറിച്ചു മാറ്റുന്നത് കൂടുതൽ പൂക്കളുണ്ടാകാൻ സഹായിക്കും. പ്രായം ചെന്നതും കീടങ്ങൾ ആക്രമിച്ചതുമായ ഇലകൾ മാസത്തിലൊരിക്കൽ മുറിച്ചു കളയാനും ശ്രദ്ധിക്കണം.