വാഷിംഗ്ടൺ: ജോ ബൈഡൻ 290 ഇലക്ട്രൽ സീറ്റുകൾ നേടി അമേരിക്കൻ പ്രസിഡന്റ് പദവി ഉറപ്പിച്ചിട്ടും താൻ പരാജയപ്പെട്ടെന്ന് സമ്മതിക്കാൻ ഇപ്പോഴും നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറല്ല. ബൈഡന് ട്രംപ് തന്നാൽ കഴിയുന്ന വെല്ലുവിളികൾ സൃഷ്ടിക്കുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പദവിയിൽ തുടരുന്ന തന്റെ അവസാന മാസങ്ങളിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ട്രംപ് ശ്രമിച്ചേക്കുമെന്നാണ് വിദഗ്ദ്ധരെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. കൊവിഡ് വ്യാപനത്തിന് കാരണം ചൈനയാണെന്നും ഇത് മൂലമാണ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നതെന്നും ട്രംപ് നിരന്തരം വിമർശിക്കാറുണ്ട്
അതുകൊണ്ട് തന്നെ ചൈനയെ നിരന്തരമായി ആരോപിക്കുന്നതും ശിക്ഷിക്കുന്നതുമായ നടപടികൾ തുടർന്ന് കൊണ്ട് ബന്ധം വഷളാക്കാൻ ട്രംപ് ശ്രമിച്ചേക്കാം. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾ കൂടുതലായി ഇറങ്ങിയേക്കാമെന്നും സെനറ്റിന്റെ അനുമതി ആവശ്യമില്ലാത്ത നിയമനങ്ങൾ ഉണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്‌ലിംകളെ വംശഹത്യ ചെയ്യുകയാണെന്ന ആരോപണത്തിൽ എന്തെങ്കിലും സ്ഫോടനാത്മകമായ നീക്കങ്ങളും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകാം. കമ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർക്ക് വിസ അനുവദിക്കാതിരിക്കുക, 2022ലെ ബീജിംഗ് ശീതകാല ഒളിംപിക്സിൽ യു.എസ് അത്‌ലറ്റുകൾ പങ്കെടുക്കേണ്ടെന്ന ഉത്തരവിടുക തുടങ്ങിയവയും ട്രംപ് ചെയ്തേക്കാം.
ഇത് കൂടാതെ, വ്യാപാരത്തർക്കം രൂക്ഷമാക്കി, കൂടുതൽ ചൈനീസ് കമ്പനികൾക്കുമേൽ ഉപരോധം ഏർപ്പെടുത്താനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ നാലുവർഷത്തെ ചൈനയുടെ വളർച്ച വിലയിരുത്തുമ്പോൾ ട്രംപിന്റെ നയങ്ങളുടേതിനു സമാനമായിരിക്കും ബൈഡന്റെ നയങ്ങളെന്ന് കോണെൽ യൂണിവേഴ്സിറ്റി ലോ ആൻഡ് ഗവൺമെന്റ് പ്രഫസർ സാറാ ക്രെപ്സ് പറയുന്നു.
ബൈഡനെ അഭിനന്ദിക്കാതെ ചൈന
അതേസമയം, തിരഞ്ഞെടുപ്പിൽ വിജയിച്ച ബൈഡനെ അഭിനന്ദിക്കാൻ ചൈന വിസമ്മതിച്ചെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. നിയമാനുസൃതമായി ഔദ്യോഗിക ഫലം പുറത്തുവന്നതിന് ശേഷം മാത്രം ബൈഡനെ അഭിന്ദിക്കാമെന്ന നിലപാടിലാണ് ചൈന. റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളും ഇതേ കാരണമുയർത്തി ബൈഡനെ അഭിനന്ദിക്കുന്നതിൽ നിന്ന് വിട്ടു നിന്നു.