മുംബയ്: ബോളിവുഡ് താരം അർജുൻ രാംപാലിന്റെ മുംബയിലെ വസതിയിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. ബോളിവുഡിലെ ലഹരി മരുന്ന് ഇടപാടുകളുടെ അന്വേഷണമാണ് അർജുന്റെ വീട്ടിലെത്തി നിൽക്കുന്നത്. എൻ.സി.ബി തന്നെയാണ് റെയ്ഡ് വിവരം പുറത്തുവിട്ടത്. അന്ധേരി, ഖർ, ബാന്ദ്ര എന്നിവിടങ്ങളിൽ താരത്തിനുള്ള വീടുകളിലാണ് റെയ്ഡ് നടന്നത്. അർജുന്റെ കാമുകി ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസ് പിടിയിലായതാണ് റെയ്ഡ് അർജുന്റെ വീട്ടിലേക്കും വ്യാപിപ്പിക്കാനുള്ള കാരണം. നിരവധി രാജ്യാന്തര ലഹരിക്കടത്തുകാരുമായി ബന്ധമുള്ള അഗിസിലാവോസിനെ പിടികൂടുമ്പോൾ കൈവശം ഹാഷിഷ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ ഉണ്ടായിരുന്നു. റെയ്ഡിനു ശേഷം അർജുൻ രാം പാലിനോടും കാമുകി ഗബ്രിയേലയോടും നവംബർ 11ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻ.സി.ബി അറിയിച്ചിട്ടുണ്ട്.