കാഞ്ചീപുരം: യുവ മാധ്യമപ്രവർത്തകനെ വീട്ടിനു മുന്നിലിട്ട് വെട്ടിക്കൊന്നു. തമിഴൻ ടി.വി റിപ്പോർട്ടറായ ജി. മോസസിനെയാണ് (26) ഗുണ്ടാസംഘം വെട്ടിക്കൊന്നത്. സംഭവത്തിലുൾപ്പെട്ട നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ കുന്ദ്രത്തൂരിലെ നല്ലൂരിൽ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ സർക്കാർ ഭൂമി കൈയേറുന്ന ഭൂമാഫിയയ്ക്കെതിരെ മോസസ് വാർത്തകൾ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം. രാത്രി ഒരു ഫോൺ വന്ന് വീടിനു പുറത്തേക്കിറങ്ങിയ മോസസ് ഏറെ നേരം കഴിഞ്ഞും മടങ്ങിയെത്തിയില്ല. തുടർന്ന് വീട്ടിനു മുന്നിൽ നിലവിളി കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കണ്ടത് ഒരു സംഘം ആളുകൾ മോസസിനെ വെട്ടുന്നതായിരുന്നു. വീട്ടുകാരും സമീപവാസികളും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അട്ടായ് എന്ന വെങ്കിടേശൻ (18), നവമണി (26), വിഘ്നേഷ് (19), മനോജ് (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭൂമാഫിയക്കെതിരെ മോസസും അദ്ദേഹത്തിന്റെ പിതാവും മാധ്യമപ്രവർത്തകനുമായ ജ്ഞാനരാജ് യേശുദാസനുമാണ് ജനങ്ങളെ സംഘടിപ്പിച്ചതെന്ന ധാരണയിലാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാഞ്ചീപുരം ജില്ലാ പൊലീസ് സൂപ്രണ്ട് ഡി. ഷൺമുഖ പ്രിയ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തമിഴ്നാട് പത്രപ്രവർത്തക യൂണിയൻ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.