melania

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് പദവി നഷ്ടമായതിന് പിന്നാലെ ഡൊണാൾഡ് ട്രംപിന് കഷ്ടകാലം ആരംഭിച്ചെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നതിന് പിന്നാലെ, ഭാര്യ മെലാനിയയും ട്രംപിനെ വിട്ടുപോവുകയാണെന്നാണ് ട്രംപിന്റെ മുൻ സഹായി ഒമാറോസ മാനിഗൗൽട്ട് ന്യൂമാനെ ഉദ്ധരിച്ച് ഡെയ്‍ലി മെയിൽ വ്യക്തമാക്കിയത്.

‘വിവാഹമോചനത്തിനായി നിമിഷങ്ങൾ എണ്ണിക്കഴിയുകയാണ് മെലാനിയ’ എന്നാണ് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തത്. ‘ട്രംപും മെലാനിയയും തമ്മിലുള്ള 15 വർഷത്തെ വൈവാഹിക ജീവിതം അവസാനിക്കാൻ പോകുകയാണ്. വിവാഹമോചനം നേടുന്നതിന്, വൈറ്റ് ഹൗസിന് ‘പുറത്തെത്താൻ’ മെലാനിയ നിമിഷങ്ങളെണ്ണി കഴിയുകയാണ്. അവരുടെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. ട്രംപ് വൈറ്റ് ഹൗസിൽ തുടരുമ്പോൾ അപമാനങ്ങൾ സഹിച്ച് മുന്നോട്ട് പോകാൻ അവർ ശ്രമിച്ചു, കാരണം അല്ലെങ്കിൽ അയാൾ അവരെ ശിക്ഷിക്കുമോ എന്ന് ഭയപ്പെട്ടിരുന്നു’– മാനിഗൗൽട്ട് പറഞ്ഞു.

ട്രംപ് പ്രസിഡന്റായതോടെ ഇരുവരുടെയും ജീവിതത്തിൽ താളപ്പിഴകളുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അടുക്കാനാകാത്തവിധം ഇരുവരും അകന്നു കഴിഞ്ഞതായും ഇവരുമായി അടുപ്പമുള്ളവർ പറയുന്നു.

എന്നാൽ, കാരണമിതല്ലെന്നാണ് ട്രംപിന്റെ മറ്റൊരു സഹായിയായ സ്റ്റെഫാനി വോക്കോഫ് പറയുന്നത്. തനിക്കും മകൻ ബാരണിനും ട്രംപിന്റെ സ്വത്തിൽ തുല്യവകാശം വേണമെന്ന് മെലനിയ ആവശ്യപ്പെട്ടിരുന്നു. മകന്റെ പഠനം പൂർത്തിയാക്കുന്നതിനായി, ട്രംപ് പ്രസിഡന്റായി അഞ്ചു മാസം കഴിഞ്ഞാണ് അവർ ന്യൂയോർക്കിൽ നിന്ന് വാഷിംഗ്ടനിലേക്കു താമസം മാറിയതെന്നും സ്റ്റെഫാനി കൂട്ടിച്ചേർത്തു.

2005ലാണ് മുൻ സ്ലൊവേനിയൻ മോഡലായ മെലാനിയയും ട്രംപും വിവാഹിതരായത്. 2006ൽ അവർക്ക് ബാരൺ എന്ന മകൻ പിറന്നു. 2001ലാണ് മെലാനിയയ്ക്ക് യു.എസ് പൗരത്വം ലഭിച്ചത്.
കഴിഞ്ഞ നാലു വർഷത്തിനിടയിൽ ട്രംപ് - മെലാനിയ ദമ്പതികളുടെ ജീവിതത്തിലുള്ള താളപ്പിഴകളെക്കുറിച്ച് ഇതിന് മുൻപും നിരവധി റിപ്പോ‌ർട്ടുകൾ പുറത്തുവന്നിരുന്നു. ട്രംപിന്റെ പ്രസംഗ വേദികളിൽ സ്ഥിരമായി എത്തിയിരുന്ന മെലാനിയയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാണാതിരുന്നതും സംശയങ്ങൾ വർദ്ധിപ്പിച്ചിരുന്നു.