കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ അഞ്ചുപേരെക്കൂടി എൻഫോഴ്‌സ്‌മെന്റ് പ്രതിചേർത്തു. ഇവരിൽ നാല് പേർ വിദേശത്താണ്. ഇവരെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാനും എൻഫോഴ്‌സ്‌മെന്റ് തീരുമാനിച്ചു. അഞ്ചാമനായ മലപ്പുറം വണ്ടൂർ സ്വദേശിയായ മുഹമ്മദ് അസ്‌ലമിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുകയാണ്.
അതേസമയം മുൻപ് എം.ശിവശങ്കറിന്റെ കസ്‌റ്റഡി കാലാവധി സംബന്ധിച്ച് കോടതി വാദത്തിനിടെ സ്വർണക്കടത്തും ലൈഫ്‌മിഷനുമെല്ലാം ബന്ധപ്പെട്ട് കളളപ്പണ ഇടപാട് നടന്നിരിക്കുന്നതായും ഇവയെല്ലാം തമ്മിൽ ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ഇ.ഡി കോടതിയിൽ അറിയിച്ചിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കേസ് എങ്ങനെയാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുക എന്ന കോടതിയുടെ ചോദ്യത്തിനാണ് എൻഫോഴ്‌സ്‌മെന്റ് ഇങ്ങനെ മറുപടി നൽകിയത്. ശിവശങ്കറിനെ ചോദ്യം ചെയ്‌ത എൻഫോഴ്‌സ്‌മെന്റിന് കെ.ഫോൺ ഉൾപ്പടെ പദ്ധതികളിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഉൾപ്പടെ പങ്കുണ്ടെന്ന് ശിവശങ്കർ നൽകിയ മൊഴിയെ തുടർന്ന് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കൊവിഡ് ബാധിതനായതിനാൽ സി.എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അതേസമയം കേസിൽ പ്രതിയായ സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് എടുത്ത കേസിൽ ജാമ്യം ലഭിച്ചിരുന്നു.