ന്യൂഡൽഹി: നീളൻ മുടിയുള്ള റപുൻസെൽ രാജകുമാരിയുടെ കഥ കേൾക്കാത്തവരുണ്ടാകില്ല. അത്തരമൊരു നീളൻമുടിക്കാരിയെ ഇന്നത്തെ കാലത്ത് കണ്ടെത്താൻ കഴിയില്ലെന്ന് കരുതുന്നവരാണ് ഏറെയും. തിരക്കുപിടിച്ച ജീവിതത്തിനിടെ മുടി സംരക്ഷണത്തിന് എവിടെ നേരം എന്നാകും പലരുടെയും ചിന്ത. എന്നാൽ, അത്തരമൊരു ചിന്തയ്ക്ക് ഇടമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഗുജറാത്തി പെൺകുട്ടിയായ നിലാൻഷി പട്ടേൽ. 18കാരിയായ നിലാൻഷി എക്കാലത്തെയും നീളൻ മുടിയുള്ള കൗമാരക്കാരിയെന്ന ഗിന്നസ് റെക്കോഡാണ് സ്വന്തമാക്കിയത്. ഗിന്നസ് വേൾഡ് തന്നെയാണ് നിലാൻഷിയുടെ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഏറ്റവും നീളമുള്ള തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോഡ് 2018 നവംബറിലാണ് നിലാൻഷി നേടുന്നത്. അന്ന് 170.5 സെന്റിമീറ്റർ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്തംബറിൽ 190 സെന്റിമീറ്റർ ആയി ആ റെക്കോഡ് ഉയർന്നു. 2020ൽ ആ റെക്കോർഡ് 200 സെന്റിമീറ്റർ ആയി ഉയർത്തി. കഴിഞ്ഞ ഓഗസ്റ്റിൽ 18 വയസായതിനാൽ ഏറ്റവും നീളൻ മുടിയള്ള കൗമാരക്കാരി എന്ന റെക്കോഡ് നിലാൻഷിക്ക് തുടരാനാകില്ല. ഇതിനിടെയാണ് നിലാൻഷിയെത്തേടി പുതിയ റെക്കോഡ് എത്തിയത്.
ആറു വയസുമുതൽ തലമുടി മുറിക്കാതെ വളർത്തുകയാണ് നിലാൻഷി. അന്ന് സലൂണിൽ നടത്തിയ തനിക്കിണങ്ങാത്ത ഹെയർ കട്ടിംഗ് കുഞ്ഞു നിലാൻഷിയെ നിരാശയാക്കി. അതോടെ ഇനി മുടി മുറിക്കില്ലെന്ന് തീരുമാനമെടുത്തു. അമ്മ ഒരുക്കുന്ന സ്പെഷ്യൽ ചേരുവകളുള്ള എണ്ണയാണ് തന്റെ പനങ്കുല പോലുള്ള മുടിയുടെ രഹസ്യമെന്നും നിലാൻഷി പറയുന്നു. നിലാൻഷിയുടെ വീഡിയോയ്ക്ക് 2 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ലഭിച്ചത്. റെക്കോഡുകൾ തിരുത്തി മുന്നേറാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നവരാണ് ഏറെയും. ഏറ്റവും നീളൻ മുടിയുള്ള സ്ത്രീ എന്ന റെക്കോഡാണ് നിലാൻഷിയുടെ അടുത്ത ലക്ഷ്യം. നിലവിൽ ചൈനീസ് സ്വദേശിനിയായ ക്സി ക്യുപിംഗിന്റെ പേരിലാണ് ഈ റെക്കോഡുള്ളത്.