pigeon

പാരീസ് : ഫ്രാൻസിൽ നടക്കാനിറങ്ങിയ ദമ്പതികളെ തേടിയെത്തിയത് പ്രാവ് കൊണ്ടു വന്ന സന്ദേശം. വാട്സാപ്പും, ടെലഗ്രാമും ഉള്ള ഇക്കാലത്തും പ്രാവിന്റെ കാലിൽ സന്ദേശം എഴുതി അയക്കുമോ എന്ന് ചിന്തിക്കാൻ വരട്ടെ, നൂറുവർഷം മുൻപെഴുതിയതായിരുന്നു ദമ്പതികൾക്ക് ലഭിച്ച കത്ത്. ഒരു ചെറിയ കാപ്സ്യൂളിനുള്ളിൽ പലതായി മടക്കിയ കടലാസിലായിരുന്നു സന്ദേശം. സന്ദേശത്തിലെ ദിവസം നോക്കിയപ്പോഴാണ് ദമ്പതികൾ ശരിക്കും ഞെട്ടിയത് നൂറ് വർഷങ്ങൾക്ക് മുൻപ് ഒന്നാം ലോക മഹായുദ്ധക്കാലത്തെ സന്ദേശമായിരുന്നു അത്.

ജർമ്മൻ ഭാഷയിൽ എഴുതിയ കത്തിലെ അക്ഷരങ്ങൾ വ്യക്തമായി വായിക്കാൻ പറ്റുന്ന തരത്തിലായിരുന്നില്ല. എന്നിരുന്നാലും സൈനിക നീക്കത്തിനെ കുറിച്ചുള്ളതായിരുന്നു കത്തിലെ ഉള്ളടക്കം. ഒരു സൈനിക മേധാവിയെ അഭിസംബോധന ചെയ്തു കൊണ്ട് എഴുതിയ കത്താണിതെന്ന് മ്യൂസിയം ക്യൂറേറ്റർ പരിശോധിച്ച ശേഷം അറിയിച്ചു. വൃദ്ധ ദമ്പതികൾക്ക് ലഭിച്ച ഈ അമൂല്യ നിധി ഇനി മ്യൂസിയത്തിലെ പ്രദർശനത്തിന്റെ ഭാഗമായി മാറും.