മുംബയ്:ഓഹരി വിപണിയിൽ വൻ മുന്നേറ്റം. സെൻസെക്‌സ് 704.37 പോയിന്റ് നേട്ടത്തിൽ 42,597.43ലും നിഫ്റ്റി 197.50 പോയിന്റ് ഉയർന്ന് 12,461ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നതോടെയാണ് ആഗോള തലത്തിൽ ഓഹരി വിപണികളിൽ കാര്യമായ മുന്നേറ്റമുണ്ടായത്. ഇതിന്റെ തുടർച്ചയായാണ് രാജ്യത്തെ സൂചികകളിലും മുന്നേറ്റം പ്രതിഫലിച്ചത്.
ബി എസ് ഇയിലെ 1479 കമ്പനികളുടെ ഓഹരികൾ കാര്യമായ നേട്ടത്തിലും 1155 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എന്നാൽ, 181 ഓഹരികൾക്ക് മാറ്റമുണ്ടായില്ല. നേട്ടമുണ്ടായ ഓഹരികളിൽ ഡിവീസ് ലാബ്, ഇൻഡസിന്റ് ബാങ്ക്, ഭാരതി എയർടെൽ, ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവ ഉൾപ്പെടുന്നു. സിപ്ല, അദാനി പോർട്‌സ്, ഐ ടി സി, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്.