hyperloop

ദുബായ്: അമേരിക്കയിലെ ലോസ്​ ആഞ്ചലസ്​ ആസ്ഥാനമായുള്ള 'വിർജിൻ ഹൈപ്പർലൂപ്പ്' സൂപ്പർ ഹൈസ്​പീഡ്​ ​പോഡ്​ സംവിധാനത്തിലൂടെ യാത്രക്കാരുമായി പരീക്ഷണ ഒാട്ടം നടത്തി പുതുചരിത്രം കുറിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ മനുഷ്യരുമായുള്ള ആദ്യ യാത്രയാണ് പൂർത്തിയായതെന്ന് അധികൃതർ അറിയിച്ചു. നെവാഡയിലെ വിർജിൻ ഹൈപ്പർലൂപ്പിന്റെ 500 മീറ്റർ വരുന്ന ഡേവ്ലൂപ്പ് ടെസ്റ്റ് സൈറ്റിലാണ് പരീക്ഷണം നടന്നത്. വെർജിൻ ഹൈപ്പർലൂപ്പ് എക്സിക്യൂട്ടീവുകളായ ജോഷ് ഗീഗൽ, പാസഞ്ചർ എക്സ്പീരിയൻസ് ഡയറക്ടർ സാറാ ലുച്ചിയൻ എന്നിവരാണ് മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിൽ നടത്തിയ ഹൈപ്പർലൂപ്പ് പരീക്ഷണത്തിൽ പങ്കെടുത്തത്. ഇതേ സ്ഥലത്ത് മനുഷ്യരെക്കൂടാതെ 400ലധികം പരീക്ഷണങ്ങൾ കമ്പനി നേരത്തെ നടത്തിയിട്ടുണ്ട്.ദുബായ് ആസ്ഥാനമായുള്ള ഡി.പി വേൾഡ് പ്രധാന നിക്ഷേപകരായ യുഎസ് കമ്പനിയുടെ നേതൃത്വത്തിലാണ് ഹൈപ്പർലൂപ്പ് യാഥാർത്ഥ്യമാകുന്നത്.

വിർജിൻ ഹൈപ്പർലൂപ്പ് ചെയർമാനും ഡി.പി വേൾഡ് സി.ഇ.ഒയും ഗ്രൂപ്പ് ചെയർമാനുമായ സുൽത്താൻ അഹമ്മദ് ബിൻ സുലേമും ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ നെവാഡയിൽ എത്തിയിരുന്നു.

 ഹൈപ്പർലൂപ്പ്

ബുള്ളറ്റ് ട്രെയിനുമായി സാമ്യമുള്ള ഗതാഗത സംവിധാനമാണ് ഹൈപ്പർലൂപ്പ്. ജെറ്റ് വിമാനത്തിന്റെ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനായി ഇവയെ കണക്കാക്കാം. എന്നാൽ റെയിൽ പാളത്തിന് പകരം നീളമുള്ള ഒരു ട്യൂബിലൂടെ ആണ് ഹൈപ്പർലൂപ്പ് യാത്ര. അതിവേഗത്തിൽ സഞ്ചരിക്കാനാകുന്ന പ്രത്യേക ട്യൂബാണ് ഹൈപ്പർലൂപ്പ് സാങ്കേതിക വിദ്യ. രണ്ടു സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുറഞ്ഞ മർദ്ദത്തിലുള്ള വായുവിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ ക്യാബിനെ അതിവേഗത്തിൽ മുന്നോട്ടു ചലിപ്പിക്കുന്ന സംവിധാനമാണിത്. ട്രെയിൻ കോച്ചിന്റെ രൂപത്തിലുള്ള പോഡ് എന്ന് പറയുന്ന ക്യാബിനിലാണ് ഇതിൽ യാത്ര ചെയ്യുക. യാത്രികർക്കൊപ്പം ചരക്ക് നീക്കത്തിലും സുപ്രധാനമായ നാഴികക്കല്ലായി ഹൈപ്പർലൂപ്പ് മാറുമെന്നാണ് വിവരം.

“ഈ സാങ്കേതികവിദ്യയെ ഒരു സുരക്ഷിത സംവിധാനമാക്കി മാറ്റുമെന്നതിൽ വിർജിൻ ഹൈപ്പർ‌ലൂപ്പ് ടീമിൽ എനിക്ക് വലിയ വിശ്വാസമുണ്ട്, ഇന്ന് ഞങ്ങൾ അത് ചെയ്തു. ആളുകളുടെയും ചരക്കുകളുടെയും അതിവേഗ, സുസ്ഥിര മുന്നേറ്റത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് കടക്കുന്നതിലേക്ക് ഞങ്ങൾ ഒരു പടി അടുത്തു"

-സുൽത്താൻ അഹമ്മദ് ബിൻ സുലേം