മുംബയ്: ഓസ്‌ട്രേലിയൻ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഴിച്ചുപണിയുമായി ബി.സി.സി.ഐ. ഏകദിന ട്വന്റി ട്വന്റി ടീമുകളിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ടെസ്‌റ്റ് ടീമിൽ രോഹിത് ശർമ്മയെ ഉൾപ്പെടുത്തി. നേരത്തെ പരുക്കിന്റെ പേരിൽ രോഹിതിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പരുക്കുളള മയാങ്ക് അഗർവാളിനെ ടി20യിലും ടെസ്‌റ്റിലും ഏകദിനത്തിലും ഉൾപ്പെടുത്തുകയും ചെയ്‌തു. ഇതിനെതിരെ മുൻ താരങ്ങളുൾപ്പടെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
മറ്റൊരു പ്രധാന മാറ്റം നേരത്തെ ട്വന്റി 20യിൽ മാത്രം ഉൾപ്പെടുത്തിയിരുന്ന മലയാളി താരം സഞ്ജു സാംസനെ ഏകദിന ടീമിലും ഉൾപ്പെടുത്തി. പകരം വിക്കറ്റ്കീപ്പറായാണ് സഞ്ജു ഏകദിന ടീമിലെത്തിയത്. അഡ്ലെയ്‌ഡിൽ നടക്കുന്ന ആദ്യ ടെസ്‌റ്റിന് ശേഷം നായകൻ കൊഹ്‌ലി ഇന്ത്യയിലേക്ക് മടങ്ങും. ഭാര്യ അനുഷ്‌ക ശർമ്മ ജനുവരിമാസത്തിൽ കുഞ്ഞിന് ജന്മം നൽകുന്നതിനാലാണിത്.ഐപിഎല്ലിനിടെ പരുക്കേറ്റ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തിയതും വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. വരുണിനെയും ഒഴിവാക്കിയിട്ടുണ്ട്. പകരം പേസ് ബോളർ ടി. നടരാജനെ ഉൾപ്പെടുത്തി. നവംബർ 27ന് തുടങ്ങുന്ന ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം ആരംഭിക്കുക. തുടർന്ന് ഡിസംബർ 4 മുതൽ ടി20 പരമ്പര അരങ്ങേറും. ഡിസംബർ 17 മുതൽ 21 വരെയാണ് ആദ്യ ടെസ്‌റ്റ്. ഈ മത്സരത്തിന് ശേഷമാകും കൊഹ്‌ലി ഇന്ത്യയിലേക്ക് മടങ്ങുക. പകരം അജിങ്ക്യ രഹാനെ ടീം നായകനാകും. മുതിർന്ന താരങ്ങളായ ഇഷാന്ത് ശർമ്മയ്‌ക്കും വൃദ്ധിമാൻ സാഹയ്‌ക്കും പരുക്ക് ഭേദമാകുന്ന മുറയ്‌ക്ക് ടീമിൽ തിരിച്ചെത്താനാകുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരിക്കുന്നത്.