sanju-samson

മുംബയ് : ഐ.പി.എല്ലിനിടെ സംഭവിച്ച പരിക്കുകൾ പെരുകിയതോടെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമുകളിൽ മാറ്റങ്ങൾ വരുത്തി ബി.സി.സി.ഐ. സ്ഥിരം ടെസ്റ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലിക്ക് ഭാര്യയുടെ പ്രസവസമയത്ത് അവധി അനുവദിച്ചതിനൊപ്പം പരിക്കിൽ നിന്ന് മോചിതനായി ഐ.പി.എൽ കളിക്കുന്ന രോഹിത് ശർമ്മയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തി. ട്വന്റി-20 ടീമിൽ മാത്രമുണ്ടായിരുന്ന മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കുകൂടി ഉൾപ്പെടുത്തി. പരിക്കിൽ നിന്ന് മോചിതനാകാത്ത വരുൺ ചക്രവർത്തിയെ ട്വന്റി-20 ടീമിൽ നിന്നൊഴിവാക്കി ടി.നടരാജന് അവസരം നൽകി.

മാറ്റങ്ങൾ ഇങ്ങനെ

വിരാട് കൊഹ്‌ലി : ട്വന്റി-20,ഏകദിന പരമ്പരകൾക്കും അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിനും ശേഷം വിരാട് നാട്ടിലേക്ക് മടങ്ങും. ബാക്കി മൂന്ന് ടെസ്റ്റുകളിലും അജിങ്ക്യ രഹാനെയാവും നയിക്കുക.

രോഹിത് ശർമ്മ

ബി.സി.സി.ഐ മെഡിക്കൽ സംഘം രോഹിതിന്റെ ഫിറ്റ്നസ് വിലയിരുത്തും. ഏതായാലും ട്വന്റി-20,ഏകദിന പരമ്പരകളിൽ വിശ്രമം അനുവദിച്ച ശേഷം ടെസ്റ്റ് പരമ്പരയ്ക്ക് ഉൾപ്പെടുത്തും.

സഞ്ജു സാംസൺ

ട്വന്റി-20 ടീമിലേക്ക് മാത്രമുണ്ടായിരുന്ന സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് കൂടി ഉൾപ്പെടുത്തി. രണ്ട് ടീമുകളിലും പ്രധാന വിക്കറ്റ് കീപ്പറും ഉപനായകനുമായി കെ.എൽ രാഹുലും ഉണ്ട്.

വരുൺ ചക്രവർത്തി

തോളിലെ പരിക്ക് കാരണം വരുണിനെ ഒഴിവാക്കി ടി.നടരാജനെ ഉൾപ്പെടുത്തി.

ഇശാന്ത് ശർമ്മ

ഫിറ്റ്നെസ് തെളിയിച്ചാൽ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കും

വൃദ്ധിമാൻ സാഹ

പരിക്ക് വിലയിരുത്തിയ ശേഷം വേണമെങ്കിൽ പകരം ആളെ നിശ്ചയിക്കും.പരിക്ക് മാറിയില്ലെങ്കിൽ സഞ്ജുവിന് തന്നെ നറുക്ക് വീണേക്കും. റിഷഭ് പന്ത് ടെസ്റ്റ് ടീമിലുണ്ട്.

കമലേഷ് നാഗർകോട്ടി

പരിക്കിൽ നിന്ന് മോചിതനാകാത്ത നാഗർകോട്ടിയെ ആസ്ട്രേലിയയ്ക്ക് അയയ്ക്കുന്നില്ല.